Aryadan Shoukath: വാപ്പച്ചിയുടെ ലെഗസി കാത്തുസൂക്ഷിക്കുന്ന ആര്യാടൻ ഷൗക്കത്ത്; കൈവച്ച മേഖലകളിലെല്ലാം കയ്യൊപ്പ്
Aryadan Shoukath Profile: നിലമ്പൂരിൽ 34 വർഷം എംഎൽഎ ആയിരുന്ന ആര്യാടൻ മുഹമ്മദിൻ്റെ മകനാണ് ആര്യാടൻ ഷൗക്കത്ത്. തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിലൊക്കെ കയ്യൊപ്പ് പതിപ്പിച്ച ആര്യാടൻ ഷൗക്കത്ത് പഞ്ചായത്ത് പ്രസിഡൻ്റായും മറക്കാനാത്ത പ്രകടനങ്ങളാണ് നടത്തിയിട്ടുള്ളത്.

ബാപ്പുട്ടിക്ക എന്നാണ് നിലമ്പൂരുകാർ സ്നേഹത്തോടെ ആര്യാടൻ ഷൗക്കത്തിനെ വിളിക്കുന്നത്. 34 വർഷം തുടർച്ചയായി നിലമ്പൂരുകാർ തങ്ങളുടെ എംഎൽഎ ആക്കി ചേർത്തുനിർത്തിയ ആര്യാടൻ മുഹമ്മദിൻ്റെ മകൻ 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം എൽഡിഎഫിൽ നിന്ന് മണ്ഡലം തിരിച്ചുപിടിക്കുന്നത് ചരിത്രത്തിലെ സുന്ദരമായ വായന. സിനിമയും രാഷ്ട്രീയവുമടക്കം കൈവച്ച മേഖലകളിലൊക്കെ കയ്യൊപ്പിട്ടാണ് ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൻ്റെ മണ്ണിൽ ഇന്ന് വിജയിച്ചുനിൽക്കുന്നത്.
ആര്യാടൻ ഷൗക്കത്ത് ആദ്യം പരീക്ഷിച്ചത് സിനിമയാണ്. 2003ൽ അദ്ദേഹം നിർമ്മാതാവായും തിരക്കഥാകൃത്തായും ‘പാഠം ഒന്ന്, ഒരു വിലാപം’ എന്ന സിനിമ പുറത്തിറങ്ങി. മീര ജാസ്മിൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് കണ്ട ഈ സിനിമയ്ക്ക് ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചു. 2005ൽ, ദൈവനാമത്തിൽ എന്ന സിനിമയിലൂടെ വീണ്ടും ആര്യാടൻ ഷൗക്കത്ത് നിർമ്മാതാവായും തിരക്കഥാകൃത്തായും എത്തി. ഈ സിനിമയ്ക്കും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. തുടർന്ന് 2008ൽ വിലാപങ്ങൾക്കപ്പുറം, 2021ൽ വർത്തമാനം എന്നീ സിനിമകളും ഷൗക്കത്തിൻ്റേതായി പുറത്തിറങ്ങിയതാണ്. വിലാപങ്ങൾക്കപ്പുറം സിനിമയ്ക്കും പുരസ്കാരനേട്ടമുണ്ടായിരുന്നു.
പിതാവ് ആര്യാടൻ മുഹമ്മദ് കോൺഗ്രസ് നേതാവായതിനാൽ ചെറുപ്പം മുതൽ ആര്യടൻ ഷൗക്കത്തും അതേ ആദർശങ്ങൾ കണ്ടാണ് വളർന്നത്. അദ്ദേഹം നിലമ്പൂർ മാനവേദൻ സ്കൂൾ ലീഡറാവുന്നത് പതിനാലാം വയസിലാണ്. ഇതായിരുന്നു മത്സരരംഗത്തെ തുടക്കം. പിന്നീട് കെഎസ്‌യു താലൂക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി, കേരള ദേശീയവേദി മലപ്പുറം ജില്ലാ പ്രസിഡന്റ്, നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍, രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘധന്‍ ദേശീയ കണ്‍വീനര്‍, സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചു.




Also Read: Aryadan Shoukath: ‘ഈ ജയം കാണാൻ അദ്ദേഹം ഇല്ല’: ഉമ്മയുടെ മുന്നിൽ നിറകണ്ണുകളോടെ ആര്യാടൻ ഷൗക്കത്ത്
2005ൽ സിപിഐഎം സിറ്റിംഗ് സീറ്റ് അട്ടിമറിച്ചാണ് ഷൗക്കത്ത് നിലമ്പൂർ പഞ്ചായത്ത് അംഗവും പിന്നീട് പ്രസിഡൻ്റുമായത്. പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന സമയത്ത് ‘ജ്യോതിർഗമയ’ പദ്ധതിയിലൂടെ എല്ലാവർക്കും നാലാം ക്ലാസ് പ്രാഥമിക വിദ്യാഭാസമുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമമായി അദ്ദേഹം നിലമ്പൂരിനെ മാറ്റിയിരുന്നു. ഇക്കാലയളവിൽ തന്നെ നിലമ്പൂര്‍ താലൂക്കാശുപത്രിയില്‍ സൗജന്യ ഡയാലിസിസ് സെന്ററും അദ്ദേഹം ആരംഭിച്ചു. സംസ്ഥാനത്ത് താലൂക്കാശുപത്രിയിലെ ആദ്യത്തെ ഡയാലിസിസ് സെന്റർ എന്നതായിരുന്നു ഇതിൻ്റെ സവിശേഷത.
2016ൽ അദ്ദേഹം യുഡിഎഫ് സ്ഥാനാർത്ഥിയായി നിലമ്പൂരിൽ നിന്ന് മത്സരിച്ചിരുന്നു. അന്ന് എൽഡിഎഫിൻ്റെ പിവി അൻവറിനോട് ആര്യാടൻ ഷൗക്കത്ത് തോറ്റു. ഇത് അതേ അൻവർ ഒഴിഞ്ഞയിടത്ത് ഷൗക്കത്തിന് വിജയം. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയാണ് ആര്യാടൻ ഷൗക്കത്ത്.