Aryadan Shoukath: ‘ഈ ജയം കാണാൻ അദ്ദേഹം ഇല്ല’: ഉമ്മയുടെ മുന്നിൽ നിറകണ്ണുകളോടെ ആര്യാടൻ ഷൗക്കത്ത്
Aryadan Shoukath Wins In Nilambur By-Election: വിജയം ഉറപ്പിച്ചതിന് പിന്നാലെ ആര്യാടൻ കുടുംബത്തിലെ വൈകാരിക നിമിഷങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച ആര്യാടൻ ഷൗക്കത്ത് ആദ്യം ഉമ്മയെ കാണാനാണെത്തിയത്. ഉമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടാണ് ഷൗക്കത്ത് സന്തോഷം പങ്കുവെച്ചത്.

മലപ്പുറം: പതിറ്റാണ്ടുകൾക്ക് ശേഷം നിലമ്പൂർ മണ്ഡലം തിരിച്ചുപിടിച്ച് യുഡിഎഫ്. കേരളം കാത്തിരുന്ന ഉപതെരഞ്ഞെടുപ്പിൽ വിജയം ആര്യാടൻ ഷൗകത്ത് വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. വിജയം ഉറപ്പിച്ചതിന് പിന്നാലെ ആര്യാടൻ കുടുംബത്തിലെ വൈകാരിക നിമിഷങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച ആര്യാടൻ ഷൗക്കത്ത് ആദ്യം ഉമ്മയെ കാണാനാണെത്തിയത്. ഉമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടാണ് ഷൗക്കത്ത് സന്തോഷം പങ്കുവെച്ചത്. ഇതോടെ ആര്യാടൻ കുടുംബം വലിയ വൈകാരിക നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
തെരഞ്ഞെടുപ്പിൽ ജയിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും, തന്നെ വിജയിപ്പിച്ച ജനങ്ങളോടും പ്രവർത്തകരോടും യുഡിഎഫ് നേതാക്കളോടും നന്ദിയുണ്ടെന്നും ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാൻ ഒന്നുമല്ല. എന്റെ പിതാവിന് ഏറ്റവും സങ്കടം ഉണ്ടായിരുന്ന കാര്യമായിരുന്നു നിലമ്പൂർ മണ്ഡലം നഷ്ടമായത്. നിലമ്പൂർ രണ്ടു തവണ നഷ്ടമായപ്പോൾ അദ്ദേഹത്തിന് അത് താങ്ങാനാവാത്ത വേദനയായിരുന്നു. അദ്ദേഹം അന്ന് ഞങ്ങളോട് പറഞ്ഞത് ഇനിയുള്ള നിങ്ങളുടെ രാഷ്ട്രീയ ജീവിതം നിലമ്പൂർ തിരിച്ചുപിടിക്കാൻ ആയിരിക്കണം എന്നതാണ്. അത് കാണണമെന്നും അദ്ദേഹത്തിന് ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് ഈ നിമിഷം കാണാൻ പറ്റിയില്ല എന്ന വിഷമം എനിക്കുണ്ട്. ഒരുപക്ഷേ അദ്ദേഹത്തിൻ്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും.’- ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
മകൻ ജയിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഷൗക്കത്തിൻ്റെ ഉമ്മ പ്രതികരിച്ചു. നിലമ്പൂരിൽ ആഹ്ലാദപ്രകടനം അലയടിക്കുകയാണ്. സ്വന്തം ബൂത്തിൽ പോലും അടിപതറിയ സ്വാരാജ് തങ്ങൾ എന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് പ്രവർത്തിക്കുന്നതെന്നാണ് പ്രതികരിച്ചത്. അതേസമയം നിലമ്പൂരിൽ പി വി അൻവറിൻ്റെ വിജയവും പ്രതീക്ഷിച്ചതിലും അപ്പുറമാണ്. 11,432 വോട്ടിൻ്റെ ഭൂരിപക്ഷത്തോടെയാണ് ആര്യാടൻ നിലമ്പൂരിൽ വിജയം ഉറപ്പിച്ചിരിക്കുന്നത്.