Holiday: തിങ്കളാഴ്ച കൂടി അവധിയുണ്ട്…. ഈ ജില്ലക്കാർക്ക് നീണ്ട ഓണം അവധി
local holiday for this district on September 8: പുലികളിയുമായി ബന്ധപ്പെട്ട് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രാദേശിക അവധി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
തൃശ്ശൂര്‍: ഓണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ തൃശ്ശൂരിന് മറ്റൊരു അവധി കൂടി. സെപ്തംബര്‍ 8 തിങ്കളാഴ്ച പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് ഉച്ചയ്ക്ക് ശേഷമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂര്‍ താലൂക്ക് പരിധിയില്‍ ആണ് പ്രാദേശിക അവധി ഉള്ളത്. ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് ഓ പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. പുലികളിയുമായി ബന്ധപ്പെട്ട് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രാദേശിക അവധി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
പുലികളിയും തൃശ്ശൂരും
തൃശ്ശൂരിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അഭിമാനമാണ് പുലിക്കളി. ഓണത്തോടനുബന്ധിച്ച് നടക്കുന്ന ഈ കലാരൂപം ശക്തന്‍ തമ്പുരാന്റെ കാലം മുതല്‍ക്കേ തൃശ്ശൂരില്‍ പ്രസിദ്ധമാണ്. ഓണത്തിന്റെ നാലാം ദിവസം തൃശ്ശൂര്‍ സ്വരാജ് റൗണ്ടിലാണ് പുലിക്കളി അരങ്ങേറുന്നത്. വിവിധ ദേശങ്ങളില്‍ നിന്നുള്ള പുലിക്കളി സംഘങ്ങള്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നഗരപ്രദക്ഷിണം നടത്തും.
ശരീരം മുഴുവന്‍ പുലിയുടെ രൂപത്തില്‍ വര്‍ണ്ണങ്ങള്‍ പൂശിയ കലാകാരന്മാര്‍, താളത്തിനൊത്ത് നൃത്തം ചെയ്യും. പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളും ഇപ്പോള്‍ പുലിവേഷം കെട്ടാറുണ്ട്. പുലിക്കളി ഒരു കലാരൂപം മാത്രമല്ല, മികച്ച വേഷം, കളി, നിശ്ചലദൃശ്യങ്ങള്‍ എന്നിവയ്ക്ക് സമ്മാനങ്ങള്‍ ലഭിക്കുന്ന ഒരു മത്സരം കൂടിയാണ്. തൃശ്ശൂര്‍ പൂരത്തെപ്പോലെ, പുലിക്കളിയും തൃശ്ശൂരിന്റെ ലോകപ്രശസ്തമായ ആഘോഷങ്ങളില്‍ ഒന്നാണ്.