Chitrapriya Murder: ‘ചിത്രപ്രിയയെ കൊന്നത് 22 കിലോ ഭാരമുള്ള കല്ല് ഉപയോഗിച്ച്; മുൻപും കൊലപ്പെടുത്താൻ ശ്രമം; കൂടുതൽ വിവരങ്ങൾ പുറത്ത്
Malayatoor Chithrapriya Murder: കുറ്റകൃത്യം നടത്തിയതിനു ശേഷം അലൻ വസ്ത്രങ്ങളും ഷൂസുമെല്ലാം മാറിയാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതെന്നും പോലീസ് പറഞ്ഞു. അലനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.
എറണാകുളം: മലയാറ്റൂർ ചിത്രപ്രിയ കൊലപാതക കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതി അലൻ പെൺകുട്ടിയെ കൊന്നത് 22 കിലോ ഭാരമുള്ള കല്ല് തലയിൽ ഇടിച്ചാണെന്ന് പോലീസ് കണ്ടെത്തൽ. കുറ്റകൃത്യം നടത്തിയതിനു ശേഷം അലൻ വസ്ത്രങ്ങളും ഷൂസുമെല്ലാം മാറിയാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതെന്നും പോലീസ് പറഞ്ഞു. അലനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.
ഇവിടെ നിന്ന് മറ്റൊരു ബൈക്കിലാണ് പ്രതി രക്ഷപ്പെട്ടത്. അലന്റെ സുഹൃത്താണ് ബൈക്ക് എത്തിച്ച് നൽകിയത്. ഇയാൾക്കായി അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. അലൻ നേരത്തെയും ചിത്രപ്രിയയെ കൊലപ്പെടുത്താൻ ശ്രമിച്ചതായി പോലീസ് പറയുന്നു. മാസങ്ങൾക്ക് മുൻപ് ബംഗളൂരുവിൽ നിന്ന് എത്തിയ പെൺകുട്ടിയെ കാലടി പാലത്തിൽ നിന്ന് തള്ളിയിട്ട് കൊല്ലാനായിരുന്നു അലന്റെ പദ്ധതി. അതേസമയം പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അന്വേഷിക്കാനായി ഒരു സംഘം ബംഗളൂരുവിലേക്കായി തിരിച്ചുവെന്ന് പോലീസ് അറിയിച്ചു.
ഈ മാസം ആറാം തീയതിയാണ് ബെംഗളൂരുവില്‍ ഡിഗ്രി വിദ്യാര്‍ഥിനിയായ ചിത്രപ്രിയയെ കാണാതായത്. അന്ന് തന്നെ ചിത്രപ്രിയ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് പോലീസ് പറയുന്നത്. രാത്രി ഒൻപത് മണിയോടെ പെൺകുട്ടിയുമായി എത്തിയ അലൻ മറ്റ് സുഹൃത്തുക്കളുമായുള്ള ബന്ധം നിര്‍ത്തണമെന്ന് പറഞ്ഞ് പ്രകോപിപ്പിച്ചു. പിന്നാലെയാണ് കല്ലെടുത്ത് ചിത്രപ്രിയയുടെ തലക്കടിച്ച് കൊലപ്പെടുത്തിയത്. ഈ കല്ല് ഉള്‍പ്പെടെ പോലീസ് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിരുന്നു.
അവധിക്കായി നാട്ടിലെത്തിയതായിരുന്നു ചിത്രപ്രിയ. ഇതിനിടെയിലാണ് കാണാതായത്. തുടർന്ന് കാലടി പോലീസിന് പരാതി നൽകിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിൽ മൃതദേഹം വീട്ടിൽ നിന്ന് കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് നാൾ പഴക്കം ഉണ്ടായിരുന്നു.