Mammootty: അതിദാരിദ്ര്യമേ മാറുന്നുള്ളൂ, ദാരിദ്ര്യം മാറിയിട്ടില്ല അതാണ് വെല്ലുവിളി; മമ്മൂട്ടി
Mammootty: കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജപാതകളും കെട്ടിടങ്ങളും മാത്രമല്ല വികസനം.ദാരിദ്ര്യം തുടച്ചുമാറ്റിയെങ്കിൽ മാത്രമേ വികസനം സാധ്യമാക്കാൻ ആകൂ എന്നു നടൻ പറഞ്ഞു.

Mammootty
തിരുവനന്തപുരം: അതിദാരിദ്ര്യം നിർമാർജന പദ്ധതി റിപ്പോർട്ട് മുഖ്യമന്ത്രി നടൻ മമ്മൂട്ടിക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. കേരളത്തിൽ അതിദാരിദ്ര്യം മാത്രമേ ഇല്ലാതായിട്ടുള്ളൂ ദാരിദ്ര്യം മാറിയിട്ടില്ല എന്ന് മമ്മൂട്ടി. സാമൂഹ്യ ജീവിതം വികസിക്കണം മുഖ്യമന്ത്രിയുടെ മുന്നിലുള്ള വലിയ വെല്ലുവിളി അതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജപാതകളും കെട്ടിടങ്ങളും മാത്രമല്ല വികസനം.
ദാരിദ്ര്യം തുടച്ചുമാറ്റിയെങ്കിൽ മാത്രമേ വികസനം സാധ്യമാക്കാൻ ആകൂ എന്നു നടൻ പറഞ്ഞു. എട്ടു മാസത്തിനുശേഷമാണ് പൊതുവേദിയിൽ എത്തുന്നത്. ആ സന്തോഷമുണ്ട്. കേരളം തന്നെക്കാൾ ചെറുപ്പം ആണെന്നും മമ്മൂട്ടി.വിശക്കുന്ന വയറുകൾ കണ്ടുകൊണ്ടായിരിക്കണം വികസനം നടപ്പാക്കേണ്ടത്. സാഹോദര്യവും സാമൂഹിക ബോധവുമാണ് കേരളത്തിന്റെ നേട്ടങ്ങളുടെ അടിസ്ഥാനം.
മാസങ്ങൾക്ക് ശേഷം കേരളത്തിൽ എത്തിയപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന വികസനമാണ് കണ്ടത്. ഭരണസംവിധാനത്തിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം അവർ നിറവേറ്റും എന്നും മമ്മൂട്ടി പറഞ്ഞു.അതേസമയം കേരളം അതിദാരിദ്ര്യമുക്തം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പ്രഖ്യാപനം തട്ടിപ്പ് അല്ലെന്നും യഥാർത്ഥ പ്രഖ്യാപനമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
തട്ടിപ്പാണെന്ന് തരത്തിലുള്ള നിർഭാഗ്യകരമായ ഒരു പരാമർശം ഇന്ന് കേട്ടുവെന്നും അതിലേക്ക് കൂടുതൽ കടക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. അസാധ്യം എന്നൊന്നില്ലെന്ന് തെളിഞ്ഞുവെന്നും എല്ലാവരും പൂർണമായി പദ്ധതിയുമായി സഹകരിച്ചു എന്നും മുഖ്യമന്ത്രി.
കേരള ചരിത്രത്തിൽ ഒരു പുതിയ അധ്യായമാണ് പിറന്നത് അതിദാരിദ്ര്യം ഇല്ലാത്ത നാടായി കേരളം തലയുയർത്തി നിൽക്കുകയാണ്. ഐക്യ കേരളമെന്ന സ്വപ്നം യാഥാർത്ഥ്യമായതിന്റെ 69ാം വാർഷികത്തിൽ ഈ അതുല്യ നേട്ടവും സംഭവിക്കുന്നതിൽ സന്തോഷകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.