INS വിക്രാന്ത് ഇപ്പോൾ എവിടെയാണ്? കൊച്ചി നേവൽ ബേസിലേക്ക് വിളിച്ച കോഴിക്കോട് സ്വദേശി പിടിയിൽ
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നും രാഘവൻ എന്നാണ് തൻ്റെ പേരും എന്ന് വ്യാജേന പറഞ്ഞാണ് കോഴിക്കോട് സ്വദേശിയായ മുജീബ് റഹ്മാൻ കൊച്ചിയിലെ നേവൽ ആസ്ഥനത്തേക്ക് വിളിക്കുന്നത്.
കൊച്ചി : ഇന്ത്യ പാകിസ്താൻ സംഘർഷം നടക്കുന്ന വേളയിൽ വിമാനവാഹിനി യുദ്ധ കപ്പലായ ഐഎൻഎസ് വിക്രാന്തിൻ്റെ വിവരങ്ങൾ തേടി കൊച്ചി നേവൽ ആസ്ഥാനത്തേക്ക് വിളിച്ചയാളെ പിടികൂടി. കോഴിക്കോട് നടക്കാവ് സ്വദേശി മുജീബ് റഹ്മാനെ നാവികസേനയുടെ പരാതിയിൽ കൊച്ചി ഹാർബർ പോലീസാണ് അറസ്റ്റ് ചെയ്തത്. മെയ് ഒമ്പതാം തീയതി വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്കാണ് മുജീബ് റഹ്മാൻ കൊച്ചി നേവൽ ബേസിലേക്ക് ഫോൺ ചെയ്യുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും രാഘവനാണെന്നും പറഞ്ഞകൊണ്ട് നേവൽ ആസ്ഥാനത്തെ ലാൻഡ് ഫോണിലേക്കായിരുന്നു മുജീബ് വിളിച്ചത്. തുടർന്ന് ഐഎൻഎസ് വിക്രാന്തിൻ്റെ നിലവിലെ ലൊക്കേഷൻ എവിടെയാണെന്ന് തേടി. ശേഷം ഫോണിവിളിക്കെതിരെ നാവികസേന കൊച്ചി ഹാർബർ പോലീസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രതിയെ ഇന്ന് മെയ് 12-ാം തീയതി കോഴിക്കോട് നിന്നും പിടികൂടുകയായിരുന്നു.
ALSO READ : തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ മൂന്ന് കിമീ ചുറ്റളവിൽ റെഡ്സോൺ; ഡ്രോൺ പറത്തരുത്
കോഴിക്കോട് നിന്നും പിടിയിലായ മുജീബിനെ കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ത്യ-പാകിസ്താൻ സംഘർഷത്തിനിടെയാണ് ഇത്തരത്തിൽ ഒരു ഫോൺ നാവികസേനയുടെ ആസ്ഥനത്തേക്കെത്തുന്നത്. മുജീബിന് മറ്റെന്തെങ്കിലും ലക്ഷ്യമോ ബന്ധമോ ഉണ്ടോയെന്ന് പോലീസ് വിശദമായി പരിശോധിക്കുകയാണ്.