Peacock : പരിക്കേറ്റ് വീട്ടുമുറ്റത്തെത്തിയ മയിലിനെ എറിഞ്ഞ് വീഴ്ത്തി കറിവച്ച് കഴിച്ചു; തളിപ്പറമ്പ് സ്വദേശി അറസ്റ്റിൽ
Man Killed Injured Peacock : കണ്ണൂരിൽ മയിലിനെ കറിവച്ച് കഴിച്ചയാൾ അറസ്റ്റിൽ. പരിക്കേറ്റ് വീട്ടുമുറ്റത്തെത്തിയ മയിലിനെ എറിഞ്ഞുവീഴ്ത്തി കൊന്ന് കറിവച്ച് കഴിച്ച കണ്ണൂർ സ്വദേശിയാണ് അറസ്റ്റിലായത്.
പരിക്കേറ്റ് വീട്ടുമുറ്റത്തെത്തിയ മയിലിനെ കൊന്ന് കറിവച്ച് കഴിച്ചയാൾ അറസ്റ്റിൽ. മയിലിനെ എറിഞ്ഞുവീഴ്ത്തി ഭക്ഷിച്ച കണ്ണൂർ തളിപ്പറമ്പ് സ്വദേശി തോമസാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്ന് മയിൽ മാംസവും പിടിച്ചെടുത്തു. ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ്.
ഞായറാഴ്ചയായിരുന്നു സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് തോമസിൻ്റെ വീടിന് മുന്നിലെത്തിയ മയിൽ കാലിൽ പരിക്കുള്ളതിനാൽ മുടന്തിയാണ് നടന്നത്. ഇത് കണ്ട മരക്കൊമ്പെറിഞ്ഞ് തോമസ് മയിലിനെ കൊന്നു. മയിലിറച്ചി വൃത്തിയാക്കിയെടുത്ത് തോമസ് അവശിഷ്ടങ്ങൾ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ ഉപേക്ഷിച്ചു. മയിലിറച്ചി കറിവെച്ച് കഴിക്കുകയും ചെയ്തു. തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസർ പി രതീശന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് പ്രതിയുടെ വീട്ടിലെത്തി പരിശോധിച്ചപ്പോൾ വീട്ടിൽ നിന്ന് മയിൽ മാസം കണ്ടെത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Also Read : Viral Peacock Curry Video: വ്യൂസ് കൂട്ടാന്‍ ട്രെഡീഷണല്‍ മയില്‍ കറി തയാറാക്കി; യുട്യൂബര്‍ അറസ്റ്റില്‍
രണ്ട് ആഴ്ചയ്ക്ക് മുൻപ് തമിഴ്നാട്ടിൽ മയിലിനെ കൊന്ന് കറിവച്ചയാൾ അറസ്റ്റിലായിരുന്നു. യൂട്യൂബറാണ് അറസ്റ്റിലായത്. പരമ്പരാഗത രീതിയില്‍ എങ്ങനെ മയില്‍ കറി തയ്യാറാക്കാം എന്ന വീഡിയോ പോസ്റ്റ് ചെയ്തതിനായിരുന്നു കേസ്. കോടം പ്രണയ് കുമാര്‍ എന്ന യുട്യൂബറാണ് വീഡിയോ പങ്കുവെച്ചത്. ഇതോടെ ഇയാള്‍ക്ക് പിടിവീഴുകയും ചെയ്തു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് യുട്യൂബര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വീഡിയോയുടെ നിയമസാധുത അന്വേഷിക്കുകയും ഫോറന്‍സിക് പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. വീഡിയോ വിവാദമായതോടെ ഇയാളുടെ യുട്യൂബ് ചാനലില്‍ നിന്ന് വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.
1972ലാണ് വന്യജീവി നിയമം നിലവില്‍ വരുന്നത്. വന്യജീവികളുടെ സംരക്ഷണത്തിനാണ് ഈ നിയമം ഊന്നല്‍ നല്‍കുന്നത്. പാരിസ്ഥികമായ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തെ വന്യമൃഗങ്ങള്‍, പക്ഷികള്‍, സസ്യജാലങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.
2006ലാണ് ഈ നിയമം അവസാനമായി ഭേദഗതി ചെയ്തത്. 2013ല്‍ രാജ്യസഭയില്‍ ഒരു ഭേദഗതി ബില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും 2015ല്‍ അത് പിന്‍വലിച്ചു. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 48 എ പരിസ്ഥിതി സംരക്ഷിക്കാനും മെച്ചപ്പെടുത്താനും വന്യജീവികളെയും വനങ്ങളെയും സംരക്ഷിക്കാനും ഓരോ സംസ്ഥാനത്തോടും നിര്‍ദേശിക്കുന്നുണ്ട്. 1976ല്‍ നടന്ന 42ാം ഭേദഗതിയിലൂടെയാണ് ഈ ആര്‍ട്ടിക്കിള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്.