Mannar Couple Murder: മാന്നാര്‍ ദമ്പതികളുടെ കൊലപാതകം; എന്ത് ചെയ്തുകൊടുത്താലും തൃപ്തിയില്ല, കുറ്റം സമ്മതിച്ച് മകന്‍
Mannar Couple Murder Case Updates: പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വിജയന്‍ കുറ്റം സമ്മതിച്ചത്. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു വിജയന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനിടയില്‍ പോലീസ് പിടികൂടുകയായിരുന്നു.

ആലപ്പുഴ: മാന്നാറില്‍ വൃദ്ധ ദമ്പതികള്‍ വീടിന് തീപിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. മകന്‍ വിജയന്‍ കുറ്റം സമ്മതിച്ചതായി പോലീസ് സ്ഥിരീകരിച്ചു. രാഘവന്‍ (92), ഭാര്യ ഭാരതി (90) എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ മരണത്തിന് പിന്നാലെ വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വിജയന്‍ കുറ്റം സമ്മതിച്ചത്. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു വിജയന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനിടയില്‍ പോലീസ് പിടികൂടുകയായിരുന്നു.
എന്ത് ചെയ്തുകൊടുത്താവും മാതാപിതാക്കള്‍ക്ക് തൃപ്തിയാകാറില്ലെന്നും എന്തെല്ലാം ചെയ്തുകൊടുത്താലും മാതാപിതാക്കള്‍ക്ക് പ്രശ്‌നമായിരുന്നുവെന്നും വിജയന്‍ പോലീസിനോട് പറഞ്ഞു. ഇതോടെയാണ് മാതാപിതാക്കളെ കൊലപ്പെടുത്താന്‍ വിജയന്‍ തീരുമാനിച്ചത്. അങ്ങനെ കഴിഞ്ഞ ഓഗസ്റ്റിലാണ് ഇയാള്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്നതിനായി വീട്ടിലേക്കെത്തിയത്. വീടിന് തീയിടുന്നതിനായി പ്രതി പെട്രോള്‍ വാങ്ങിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.




ഫെബ്രുവരി ഒന്നിന് പുലര്‍ച്ചെയാണ് സംഭവം നടക്കുന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെ വീടിന് തീപിടിച്ചത് കണ്ട് നാട്ടുകാര്‍ പോലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു. രാഘവന്റെയും ഭാരതിയുടെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കൂടെ താമസിച്ചിരുന്ന വിജയനെ കാണാതായതോടെയാണ് എല്ലാവരിലും സംശയമുദിച്ചത്.
സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വിജയനും മാതാപിതാക്കളും തമ്മില്‍ ഉണ്ടായിരുന്നതായും അതിന്റെ പേരില്‍ പ്രതി രാഘവനെയും ഭാര്യയെയും ഉപദ്രവിച്ചിരുന്നതായും നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തൂവെന്ന് പോലീസ് പറഞ്ഞിരുന്നു.
രാഘവന്റെയും ഭാരതിയുടെയും മൂന്നാമത്തെ മകനാണ് വിജയന്‍. അഞ്ച് മക്കളാണ് ദമ്പതികള്‍ക്ക്. അതില്‍ ഒരാള്‍ നേരത്തെ മരിച്ചു. സ്വത്ത് തര്‍ക്കം രൂക്ഷമായതോടെ മകളും കുടുംബവും വാടകവീട്ടിലേക്ക് പോയതിന് പിന്നാലെയാണ് വിജയന്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയത്.