AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mannar Kala Murder: തെളിവുകൾ മതിയാവില്ല? അനിലിനെ കേരളത്തിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ സഹായം തേടാൻ പോലീസ്

Mannar Kala Murder New Updates: ടാങ്ക് തുറന്നപ്പോൾ, ചില രാസവസ്തുക്കളുടെ സാന്നിധ്യം പോലീസ് കണ്ടെത്തി ഇവ മൃതദേഹവശിഷ്ടങ്ങൾ ദ്രവിക്കാൻ പ്രാപ്തമായവയാണ്. ഇതിനിടയിൽ പലതവണ ടാങ്ക് വൃത്തിയാക്കാനും സാധ്യതയുള്ളതിനാൽ തെളിവുകൾ നശിപ്പിക്കപ്പെട്ടേക്കാം

Mannar Kala Murder: തെളിവുകൾ മതിയാവില്ല? അനിലിനെ കേരളത്തിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ സഹായം തേടാൻ പോലീസ്
കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന കല, കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നു
Arun Nair
Arun Nair | Published: 05 Jul 2024 | 01:35 PM

ആലപ്പുഴ:  മാന്നാറിലെ കലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് സെപ്റ്റിക് ടാങ്കിൽ നിന്നും സ്വീകരിച്ച തെളിവുകൾ പര്യാപ്തമല്ലെന്ന് വിലയിരുത്തൽ. ജൂലൈ രണ്ടിന് മാന്നാറിനടുത്ത് എരമത്തൂരിലെ കലയുടെ ഭർത്താവ് അനിലിൻ്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ് നിന്നും കണ്ടെത്തിയവ കലയുടേതാണെന്ന് എങ്ങനെ തെളിയിക്കുമെന്നുള്ള ആശങ്കയിലാണ് പോലീസ്. വസ്ത്രത്തിൻ്റെ ഇലാസ്റ്റിക്, ചില ആഭരണ അവശിഷ്ടങ്ങൾ എന്നിവയൊക്കെയും ലഭിച്ചവയുടെ കൂട്ടത്തിലുണ്ട്. ഇവയെല്ലാം ഏകദേശം 15 വർഷത്തോളം പഴക്കമുള്ളവയായതിനാൽ തന്നെ ഡിഎൻഎ അടക്കമുള്ള യാതൊരു തെളിവുകളും ഇതിൽ നിന്നും ലഭിക്കാൻ സാധ്യതയില്ല.

അതേസമയം കേസിൽ തുടർ നടപടിയെന്ന നിലയിൽ ഇസ്രയേലിലുള്ള കലയുടെ ഭർത്താവും കേസിലെ മുഖ്യപ്രതിയുമായ അനിലിനെ തിരികെ നാട്ടിലെത്തിക്കാൻ പോലീസ് വിദേശകാര്യ മന്ത്രാലയത്തിനെ സമീപിച്ചിട്ടുണ്ട്. അനിൽ നാട്ടിലെത്തിയാൽ മാത്രമെ കേസിൽ മറ്റെന്തെങ്കിലും പുരോഗമനം ഉണ്ടാവു. മുൻപ് കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന അനിലിന് സെപ്റ്റിക് ടാങ്ക് തുറന്ന് മൃതദേഹം മാറ്റാനോ അല്ലെങ്കിൽ തെളിവ് നശിപ്പിക്കാനോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.

ALSO READ: Mannar Kala Murder: ആ എല്ലുകളില്‍ നിന്നും ഡിഎന്‍എ കണ്ടെത്താന്‍ സാധിച്ചേക്കില്ല; ഏഴ് വർഷങ്ങൾക്ക് ശേഷം മാറ്റം വന്നേക്കാം- ഡോ ഷേർളി.വാസു

കൂടാതെ, ടാങ്ക് തുറന്നപ്പോൾ, ചില രാസവസ്തുക്കളുടെ സാന്നിധ്യം പോലീസ് കണ്ടെത്തി ഇവ മൃതദേഹവശിഷ്ടങ്ങൾ ദ്രവിക്കാൻ പ്രാപ്തമായവയാണ്. ഇതിനിടയിൽ പലതവണ ടാങ്ക് വൃത്തിയാക്കാനും സാധ്യതയുള്ളതിനാൽ തെളിവുകൾ നശിപ്പിക്കപ്പെട്ടേക്കാം എന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. കസ്റ്റഡിയിലുള്ള മറ്റ് പ്രതികളായ ജിനു, പ്രമോദ്, സോമരാജൻ എന്നിവരെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ് പോലീസ്.

കേസിലെ ദൃക്സാക്ഷി സുരേഷ് കുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. 2009 ഡിസംബറിൽ മാന്നാറിനു സമീപം വലിയപെരുമ്പുഴ പാലത്തിനു സമീപം വാഹനത്തിൽ മൃതദേഹം കണ്ടതായി സുരേഷ് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിൽ മൃതദേഹം സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടതാണെന്ന് ജിനുവും സമ്മതിച്ചിരുന്നു. രണ്ട് മൊഴികൾ മാത്രമാണ് കേസിൽ പോലീസിൻ്റെ പക്കലുള്ളത്. ഇതിൽ നിന്നും കൂടുതൽ തെളിവുകളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് പോലീസ്.