Market Price: നാരങ്ങയ്ക്ക് തീവില, മീൻ വാങ്ങിയാൽ പോക്കറ്റ് കാലി!
Kerala Market Prices on April 27: സാധാരണക്കാർക്ക് ഇരുട്ടടി നൽകി അവശ്യ സാധനങ്ങളുടെ വില കുതിക്കുകയാണ്. സാധനങ്ങളുടെ ലഭ്യത കുറവും വേനൽക്കാത്തെ ഡിമാൻഡുമൊക്കെയാണ് വില കൂടാൻ കാരണമാകുന്നത്. ഡിമാൻഡ് ഉയർന്നതോടെ തണ്ണിമത്തൻ വിലയും ഉയർന്നിട്ടുണ്ട്. ഇന്ന് നിങ്ങളുടെ മാർക്കറ്റിൽ മീൻ, പച്ചക്കറി വില എത്രയാകുമെന്ന് നോക്കിയാലോ....
ധാരാളം വിഭവങ്ങളുമായി എന്നും ഒരു സദ്യ തന്നെ ഒരുക്കണമെന്ന് ആഗ്രഹിച്ചാലും വില അതിന് സമ്മതിക്കാറില്ല, ഈ കൊടുംചൂടിൽ ആശ്വാസത്തിനായി അൽപം നാരങ്ങ വെള്ളം കുടിക്കാമെന്ന് വിചാരിച്ചാലോ, അവിടെയും വില വില്ലനാകും. സാധാരണക്കാർക്ക് ഇരുട്ടടി നൽകി ഇത്തരത്തിൽ അവശ്യ സാധനങ്ങളുടെ വില കുതിക്കുകയാണ്. സാധനങ്ങളുടെ ലഭ്യത കുറവും വേനൽക്കാത്തെ ഡിമാൻഡുമൊക്കെയാണ് വില കൂടാൻ കാരണമാകുന്നത്. ഇന്ന് നിങ്ങളുടെ മാർക്കറ്റിൽ മീൻ, പച്ചക്കറി വില എത്രയാകുമെന്ന് നോക്കിയാലോ….
‘ചെറു’നാരങ്ങയ്ക്ക് വലിയ വില
വേനൽക്കാലത്ത് ഇരുട്ടടി നൽകി ചെറുനാരങ്ങ വില ഉയരുന്നു. ചൂട് കനത്തതോടെ നാരങ്ങയുടെ ഡിമാൻഡ് കൂടിയതാണ് നാരങ്ങ വില ഉയരാൻ കാരണമായത്. വിവിധയിടങ്ങളിൽ ഒരു കിലോ ചെറു നാരങ്ങയുടെ വില 250 രൂപയ്ക്ക് മുകളിലാണ്. ഒരു ചെറുനാരങ്ങയ്ക്ക് പത്ത് രൂപയിൽ മുകളിൽ വില നൽകേണ്ടി വരും. പച്ച നിറത്തിനേക്കാളും വില മഞ്ഞ നിറമുള്ള നാരങ്ങയ്ക്കാണ്.
കഴിഞ്ഞ മാസം നൂറ് രൂപയിൽ താഴെയായിരുന്നു വില. എന്നാൽ ദിവസങ്ങൾക്കൊണ്ട് വൻ മുന്നേറ്റമാണ് ഉണ്ടായത്. നാരങ്ങ വില കുതിച്ചതോടെ ബേക്കറികളിലും കൂൾ ബാറുകളിലും നാരങ്ങ വെള്ളം, സോഡാ നാരങ്ങ എന്നിവയുടെ വിലയും വർദ്ധിച്ചിട്ടുണ്ട്. പതിനഞ്ച് രൂപ ഉണ്ടായിരുന്ന നാരങ്ങ വെള്ളം ഇരുപത് രൂപയായി.
ചെറുനാരങ്ങ പോലെ തന്നെ വേനൽക്കാലത്ത് ഡിമാൻഡ് ഉയർന്നതോടെ തണ്ണിമത്തൻ വിലയും ഉയർന്നിട്ടുണ്ട്. ഒരു മാസം മുമ്പ് വരെ 20 – 25 രൂപയായിരുന്നു വിലയെങ്കിൽ നിലവിൽ കിലോഗ്രാമിന് 35 രൂപയോളം വില വരുന്നുണ്ട്. കൂടാതെ, ആപ്പിൾ, പൈനാപ്പിൾ, മുന്തിരി തുടങ്ങിയവയുടെ വിലയും കൂടിയിട്ടുണ്ട്.
മീൻ താഴോട്ട് വില മേലോട്ട്
വേനൽ കടുത്തതോടെ മത്സ്യലഭ്യതയിൽ ഉണ്ടായ ഇടിവ് മീൻ വിലയെ ബാധിച്ചിട്ടുണ്ട്. വില കുത്തനെ ഉയർന്നു. കടലിൽ താപ നില കൂടിയതോടെ മീനുകൾ ആഴക്കടലിലേക്ക് നീങ്ങിയതാണ് മത്സ്യലഭ്യത കുറയാൻ കാരണമായത്. ഈസ്റ്റർ, വിഷു തുടങ്ങിയ സമയങ്ങളിൽ ഉയർന്ന മീൻ വില പിന്നീട് താഴ്ന്നിട്ടില്ല. സാധാരണക്കാർ കൂടുതൽ ഉപയോഗിക്കുന്ന ചാള, അയല, മത്തി തുടങ്ങിയ മീനുകളുടെ വില വലിയ രീതിയിൽ ഉയർന്നിട്ടുണ്ട്.
ALSO READ: ഡിജിറ്റല്‍ ഗോള്‍ഡ് vs സ്വര്‍ണാഭരണങ്ങള്‍ എതാണ് സുരക്ഷിതം?
മത്തി കിലോയ്ക്ക് 150 മുതല്‍ 275 രൂപ വരെയാണ് വില. ചെറിയ മത്തി 150 രൂപയിൽ താഴെയാണ് വില വരുന്നത്. അയലയ്ക്ക് 250 – 330 രൂപയ്ക്ക് ഇടയിലാണ് വില. കിളിമീൻ 200 – 270 രൂപ, ചൂര 270 രൂപ, കേര മീൻ 360 രൂപയ്ക്ക് മുകളിലാണ് വില വരുന്നത്. ചൂട് ഈ രീതിയിൽ തുടർന്നാൽ വില വീണ്ടും ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
പച്ചക്കറിയിൽ ആശ്വസിക്കാമോ?
പച്ചക്കറി വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. വിഷുക്കാലത്ത് വർദ്ധിച്ച വില ഇനിയും ഇടിഞ്ഞിട്ടില്ല. മാർക്കറ്റുകൾക്കനുസരിച്ച് വിലയിൽ മാറ്റം വരുന്നുണ്ട്. തക്കാളി 28 – 32, ചെറിയ ഉള്ളി 55 – 60, സവാള 25 – 28, പച്ചമുളക് 45 – 55, കാരറ്റ് 40 – 45, ബീൻസ് 70 – 80, പയർ 45 – 50, ഇഞ്ചി 110 – 130, വെണ്ടയ്ക്ക 25 – 30, മുരിങ്ങയ്ക്ക 30 – 35 രൂപ എന്നിങ്ങനെയാണ് ഹോൾസെയിൽ വില വരുന്നത്.