Maruthimala Death: സ്വപ്‌നങ്ങള്‍ ബാക്കിയാക്കി മീനു മടങ്ങി, വെന്റിലേറ്ററില്‍ ജീവിതത്തോട് പോരാടി ശിവര്‍ണ; മരുതിമലയിലെ മരണത്തിന് പിന്നില്‍
Maruthimala Students Death Reason: മാതാപിതാക്കളോട് കള്ളം പറഞ്ഞാണ് വിദ്യാര്‍ഥികള്‍ വീട്ടില്‍ നിന്നിറങ്ങിയത്. സ്‌കൂളില്‍ നടക്കുന്ന കലോത്സവത്തില്‍ തങ്ങള്‍ പങ്കെടുക്കുന്നുണ്ടെന്നായിരുന്നു പറഞ്ഞത്. ശിവര്‍ണ താന്‍ തിരുവാതിര മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് അറിയിച്ചത് അനുസരിച്ച് മാതാപിതാക്കള്‍ മകളുടെ കലാപ്രകടനം കാണാന്‍ സ്‌കൂളിലെത്തി.
കൊല്ലം മരുതിമലയുടെ മുകളില്‍ നിന്ന് താഴേക്ക് ചാടിയ പെണ്‍കുട്ടികള്‍ കണ്ണാടിപ്പാറയെ മാത്രമല്ല കേരളത്തെയാകെ ഈറനണിയിക്കുകയാണ്. പെരിങ്ങനാട് തൃച്ചേനമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ഥികളായ മീനുവും ശിവര്‍ണയുമാണ് ഒരു ചെറിയ കുറിപ്പ് മാത്രം ബാക്കിയാക്കി ജീവിതം അവസാനിപ്പിക്കാന്‍ നോക്കിയത്.
മാതാപിതാക്കളോട് കള്ളം പറഞ്ഞാണ് വിദ്യാര്‍ഥികള്‍ വീട്ടില്‍ നിന്നിറങ്ങിയത്. സ്‌കൂളില്‍ നടക്കുന്ന കലോത്സവത്തില്‍ തങ്ങള്‍ പങ്കെടുക്കുന്നുണ്ടെന്നായിരുന്നു പറഞ്ഞത്. ശിവര്‍ണ താന്‍ തിരുവാതിര മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് അറിയിച്ചത് അനുസരിച്ച് മാതാപിതാക്കള്‍ മകളുടെ കലാപ്രകടനം കാണാന്‍ സ്‌കൂളിലെത്തി. എന്നാല്‍ എത്ര തിരഞ്ഞിട്ടും അവളെ കണ്ടെത്താനായില്ല. ശിവര്‍ണയെ കണ്ടോയെന്ന് സഹപാഠികളോട് ചോദിച്ചപ്പോള്‍ അവളിവിടെ എവിടെയോ ഉണ്ടെന്ന മറുപടിയാണ് ലഭിച്ചത്. അതുപ്രകാരം പിന്നെയും കാത്തിരുന്നു, എന്നാല്‍ സമയം കടന്നുപോകുന്നതല്ലാതെ മകളെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ആ കുടുംബം പകച്ചു.
വീട്ടില്‍ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല, എന്ത് സംഭവിച്ചുവെന്ന് എനിക്കൊന്നുമറിയില്ല, മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ശിവര്‍ണയുടെ പിതാവ് സുകു ഇടറിയ ശബ്ദത്തോടെ പറഞ്ഞൊപ്പിച്ചു. വെള്ളിയാഴ്ചയാണ് മകള്‍ വീട്ടില്‍ നിന്നിറങ്ങിയത്. സ്‌കൂളിലെ കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോകുന്നുവെന്നാണ് പറഞ്ഞതെന്നും പിതാവ് പറയുന്നു.
രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്ന വിവരം കാട്ടുതീ പോലെ പടര്‍ന്നു. മീനുവിന്റെ കൈവശം ഫോണുണ്ടായിരുന്നു. എന്നാല്‍ കോളുകള്‍ തുടര്‍ച്ചയായി വന്നിട്ടും മറുപടി ലഭിച്ചില്ല. ഉച്ചയ്ക്ക് മൂന്ന് മണിയോടെ മാതാപിതാക്കള്‍ അടൂര്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ഈ സമയമായപ്പോഴേക്ക് മീനുവിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. കൊല്ലത്തെ പൂയപ്പള്ളിയിലെ ടവര്‍ ലൊക്കേഷനാണ് പോലീസിന് ലഭിച്ചത്. പെണ്‍കുട്ടികള്‍ പൂയപ്പിള്ളി പോലീസ് സ്‌റ്റേഷനിലുണ്ടെന്ന് പറഞ്ഞ് സുകുവിനെ കാറില്‍ അവിടേക്ക് കൊണ്ടുപോയി. എന്നാല്‍ ആ വാഹനം ചെന്നുനിന്നത് ഒരു സ്വകാര്യ ആശുപത്രിക്ക് മുന്നില്‍.
മകള്‍ക്ക് തലയ്ക്ക് പരിക്കേറ്റതായും സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി സുകു പറഞ്ഞു. വൈകുന്നേരത്തോടെ ശിവര്‍ണയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മീനു സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു.
മിടുക്കികളായ കുട്ടികള്‍
ചെറിയ ക്ലാസ് മുതല്‍ക്കെ മീനു ഈ സ്‌കൂളിലാണ് പഠിക്കുന്നത്. എന്നാല്‍ ഒരു വര്‍ഷം മുമ്പാണ് ശിവര്‍ണ ഇവിടേക്കെത്തുന്നത്. വീട്ടിലോ സ്‌കൂളിലോ ഇരുവരുടെയും സ്വഭാവത്തില്‍ അസ്വാഭാവികതയുള്ളതായി ആരും ശ്രദ്ധിച്ചിട്ടില്ല. പെരുമാറ്റത്തില്‍ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സ്‌കൂള്‍ കൗണ്‍സിലറും സാക്ഷ്യപ്പെടുത്തുന്നു.
മരുതിമലയിലേക്ക്…
അന്നേദിവസം ഉച്ചമുതല്‍ പെണ്‍കുട്ടികളെ മരുതിമലയില്‍ കാണുന്നുണ്ടെന്നാണ് മുട്ടറയിലെ താമസക്കാര്‍ പറയുന്നത്. ഇക്കോടൂറിസം കേന്ദ്രമായതിനാല്‍ തന്നെ പലപ്പോഴും ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. അതിനാല്‍ തന്നെ പെണ്‍കുട്ടികള്‍ അപകട മേഖലയിലേക്ക് കയറിപോകുന്നത് ആരും ശ്രദ്ധിച്ചില്ല. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1,000 അടി ഉയരത്തിലുള്ള കണ്ണാടിപ്പാറയിലേക്കാണ് ഇരുവരും കയറിയത്. സുരക്ഷാ വേലി മുറിച്ചുകടന്ന് ഇരുവരും പോകുന്നത് പ്രദേശവാസിയായ വിഷ്ണുദത്ത് കണ്ടു. പന്തികേട് തോന്നിയ വിഷ്ണു ഇരുവരുടെയും പ്രവൃത്തി വീഡിയോ റെക്കോഡ് ചെയ്യുകയും പൂയപ്പിള്ളി പോലീസ് ഉള്‍പ്പെടെയുള്ളവരെ അറിയിക്കാനുള്ള നീക്കം നടത്തുകയും ചെയ്തു. എന്നാല്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കും മുമ്പ് പെണ്‍കുട്ടികള്‍ താഴേക്ക് വഴുതിവീണുവെന്നാണ് മുട്ടറ മുന്‍ വാര്‍ഡ് അംഗം രാജു പറയുന്നത്. സമീപവാസികളും പോലീസും മുകളിലേക്ക് ഓടിയെത്തിയെങ്കിലും ശിവര്‍ണയെ മാത്രമേ രക്ഷിക്കാനായൊള്ളൂ, മീനു തല്‍ക്ഷണം മരിച്ചു.
കുറിപ്പ് കണ്ടെത്തി
പെണ്‍കുട്ടികളുടെ പക്കല്‍ നിന്നും ഒരു കുറിപ്പ് പോലീസ് കണ്ടെടുത്തു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ശിവര്‍ണ കാസര്‍കോട്ടേക്ക് ഒറ്റയ്ക്ക് യാത്ര നടത്തിയിരുന്നു. പിന്നീട് മാതാപിതാക്കളാണ് അവളെ തിരികെ കൊണ്ടുവന്നതെന്ന് മുണ്ടപ്പള്ളി വാര്‍ഡ് അംഗം സുഭാഷ് പറയുന്നു. സംഭവം നടന്ന ദിവസം വായ്പ തിരിച്ചടയ്ക്കാന്‍ സുകു തന്റെ അക്കൗണ്ടില്‍ നിന്നും 9,500 രൂപ പിന്‍വലിച്ചിരുന്നു. ഇത് നഷ്ടപ്പെട്ടു, ഇതോടെയാണ് മകളെ കാണാന്‍ സുകുവും ഭാര്യയും സ്‌കൂളിലേക്ക് എത്തിയത്. എന്നാല്‍ എന്താണ് ആത്മഹത്യയിലേക്ക് ഇരുവരെയും എത്തിച്ചതെന്ന് വ്യക്തമല്ല. തങ്ങള്‍ക്ക് താങ്ങാന്‍ സാധിക്കാത്ത എന്തോ സംഭവിച്ചതായി പെണ്‍കുട്ടികള്‍ ആത്മഹത്യ കുറിപ്പില്‍ എഴുതിയതായി അടൂര്‍ സ്റ്റേഷന്‍ എസ്എച്ച്ഒ ഷാം മുരളി പറഞ്ഞു.