Ganesh Kumar: ‘ഉമ്മൻ ചാണ്ടി എന്നെ ചതിച്ചു, കുടുംബം തകർത്തു’; ആഞ്ഞടിച്ച് ഗണേഷ് കുമാർ
KB Ganesh Kumar Statement: ഉമ്മൻ ചാണ്ടി തന്നെ ചതിച്ചുവെന്നും തന്റെ കുടുംബം തകർക്കാനും മക്കളെ തന്നിൽ നിന്ന് വേർപിരിക്കാനും ഉമ്മൻചാണ്ടി ബോധപൂർവ്വം ശ്രമിച്ചുവെന്നും ഗണേഷ് കുമാർ ആരോപിക്കുന്നു.
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും മകൻ ചാണ്ടി ഉമ്മനെയും രൂക്ഷമായി വിമർശിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. ഉമ്മൻ ചാണ്ടി തന്നെ ചതിച്ചുവെന്നും തന്റെ കുടുംബം തകർക്കാനും മക്കളെ തന്നിൽ നിന്ന് വേർപിരിക്കാനും ഉമ്മൻചാണ്ടി ബോധപൂർവ്വം ശ്രമിച്ചുവെന്നും ഗണേഷ് കുമാർ ആരോപിക്കുന്നു.
കുടുംബം തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കാനെന്ന വ്യാജേന ഇടപെട്ട് തന്നെ ചതിക്കുകയായിരുന്നുവെന്നും ഗണേഷ് കുമാർ ആരോപിച്ചു. മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്നപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം തിരിച്ചെടുക്കാമെന്ന് പറഞ്ഞ് തന്നെ പറ്റിച്ചുവെന്നും ഉമ്മൻചാണ്ടി തന്നോട് കാണിച്ചത് വലിയ ദ്രോഹമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ചാണ്ടി ഉമ്മനെതിരെയും ഗുരുതര ആരോപണങ്ങളാണ് ഗണേഷം കുമാർ നടത്തിയത്. കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായാണ് ഗണേഷ് കുമാറിന്റെ പ്രതികരണം. സരിതയെക്കൊണ്ട് ഉമ്മൻചണ്ടിക്കെതിരെ പറയിച്ചു എന്ന് ചാണ്ടി പറഞ്ഞതിനോട് ബൈബിൾ വചനം ഓർമിപ്പിച്ചാണ് ഗണേഷ് പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണോ ചാണ്ടി ഉമ്മന് ഇത്തരം കാര്യങ്ങൾ ഓർമ്മ വന്നതെന്നാണ് ഗണേഷ് കുമാർ പറയുന്നത്.
സോളാർ കേസിലെ കത്തുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകുന്ന രീതിയിലാണ് താൻ സിബിഐക്ക് മൊഴി നൽകിയതെന്നും എന്നാൽ ആ നന്ദി പോലും ഉമ്മൻ തന്നോട് കാണിച്ചില്ലെന്നും ഗണേഷ് അഭിപ്രായപ്പെട്ടു. ചാണ്ടി ഉമ്മൻ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും അല്ലെങ്കിൽ എല്ലാം താൻ വിളിച്ചു പറയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.