Suresh Gopi: ‘എന്റെ നെഞ്ചത്തോട്ട് കയറിക്കോ; നിങ്ങളുടെ മന്ത്രി ഇവിടെയല്ലേ താമസിക്കുന്നത്’; വയോധികയോട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി
Suresh Gopi’s Controversial Reply to Woman: നിങ്ങൾ തങ്ങളുടെ മന്ത്രിയല്ലേ സർ എന്ന് വയോധിക ചോദിച്ചപ്പോൾ അല്ലെന്നും താൻ ഈ രാജ്യത്തിന്റെ മന്ത്രിയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂർ: കലുങ്ക് സഭയിൽ വയോധികയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ മറുപടി വിവാദമാകുന്നു. കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുത്ത് നൽകാൻ സഹായിക്കുമോയെന്ന വയോധികയുടെ ചോദിത്തിന് നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്. ഇന്ന് രാവിലെ ഇരിങ്ങാലക്കുടയിൽ വച്ചുനടന്ന കലുങ്ക് സഭയിലാണ് സംഭവം.
ബാങ്കിലെ തന്റെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കുമോ എന്നായിരുന്നു വയോധിക സുരേഷ് ഗോപിയോട് ചോദിച്ചത്. ഇതിന് മുഖ്യമന്ത്രിയെ സമീപിക്കൂ എന്നായിരുന്നു സുരേഷ് ഗോപി നൽകിയ മറുപടി. ഇതോടെ മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റുമോ എന്നും വയോധിക ചോദിച്ചു. ഇതോടെ എന്നാൽ തന്റെ നെഞ്ചത്തോട്ട് കയറിക്കോ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
Also Read:മഴ മുന്നറിയിപ്പ് പുതുക്കി കാലാവസ്ഥ വകുപ്പ്, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കരുവന്നൂർ ബാങ്കിൽ നിന്ന് ഇഡി പിടിച്ചെടുത്ത പണം ജനങ്ങൾക്ക് തിരികെ വാങ്ങിത്തരാൻ മുഖ്യമന്ത്രി തയ്യാറാണോ എന്നാണ് സുരേഷ് ഗോപി ചോദിച്ചത്. ആ പണം ഇഡിയിൽ നിന്ന് സ്വീകരിക്കാൻ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയൂ. അല്ലെങ്കിൽ നിങ്ങളുടെ എംഎൽഎയെ കാണൂവെന്നാണ് സുരേഷ് ഗോപി പറയുന്നത്. ഇതോടെയാണ് മുഖ്യമന്ത്രിയെ തിരക്കിപ്പോകാൻ തനിക്ക് പറ്റുമോ എന്ന് വയോധിക ചോദിച്ചത്. എന്നാൽ പിന്നെ തന്റെ നെഞ്ചത്തോട്ട് കയറിക്കോ, നിങ്ങളുടെ മന്ത്രി ഇവിടെയല്ലേ താമസിക്കുന്നത്’ എന്നും സുരേഷ് ഗോപി പറഞ്ഞു, ഇത് കേട്ട് ചുറ്റും കൂടിനിന്നവരെല്ലാം പൊട്ടിച്ചിരിച്ചു.
നിങ്ങൾ തങ്ങളുടെ മന്ത്രിയല്ലേ സർ എന്ന് വയോധിക ചോദിച്ചപ്പോൾ അല്ലെന്നും താൻ ഈ രാജ്യത്തിന്റെ മന്ത്രിയാണെന്നും സുരേഷ് ഗോപി പറഞ്ഞു. നിങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ആ തുക സ്വീകരിക്കാൻ പറയൂവെന്നും എന്നിട്ട് നിങ്ങൾക്ക് വീതിച്ച് തരാൻ പറയൂവെന്നാണ് സുരേഷ് ഗോപി പറയുന്നത്.