Sabarimala: ശബരിമലയില്‍ കാണാതായ ദ്വാരപാലക പീഠം പരാതിക്കാരനായ സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്ന് കണ്ടെത്തി
Sabarimala dwarapalaka peedom: ദേവസ്വം വിജിലൻസിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ജോലിക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പീഠം തിരികെ ഏൽപ്പിച്ചിരുന്നതായി അറിയിച്ചത്

ശബരിമല
പത്തനംതിട്ട: ശബരിമലയിൽ നിന്നും കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി. പരാതി നൽകിയ സ്പോൺസറുടെ ബന്ധുവീട്ടിൽ നിന്നു തന്നെയാണ് ദേവസ്വം വിജിലൻസ് പീഠം കണ്ടെത്തിയത്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയാണ് പീഠം കാണാനില്ലെന്ന് പറഞ്ഞ് പരാതി നൽകിയിരുന്നത്.
ശബരിമലയിൽ രണ്ടാമതൊരു ദ്വാരപാലക പീഠം കൂടി നിർമ്മിച്ചു നൽകിയിരുന്നു എന്നും, എന്നാൽ അത് കാണാനില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതാണ് സ്പോൺസറുടെ കൈവശം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്. പീഠം കാണാനില്ലെന്ന് സ്പോൺസർ നൽകിയ പരാതിയെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ട്രോങ് റൂമിൽ അടക്കം പരിശോധന നടത്തിയിരുന്നു.
പീഠം കാണാതായി എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ദ്വാരപാലക ശിൽപ്പത്തിന്റെ ജോലി ഏൽപ്പിച്ചിരുന്ന ജോലിക്കാരന്റെ വീട്ടിൽ ഈ പീഠം ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. വാർത്ത വന്നതിന് പിന്നാലെ ഇദ്ദേഹം പീഠം ഉണ്ണികൃഷ്ണന്റെ വീട്ടിൽ തിരികെ കൊണ്ടു വയ്ക്കുകയായിരുന്നുവെന്നും റിപ്പോർട്ട്.
ദേവസ്വം വിജിലൻസിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ജോലിക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പീഠം തിരികെ ഏൽപ്പിച്ചിരുന്നതായി അറിയിച്ചത്. അതേസമയം സ്പോൺസറുടെ ബന്ധുവീട്ടിൽ നിന്നും കണ്ടെടുത്ത ദ്വാരബാലക പീഠം ദേവസ്വം വിജിലൻസ് കസ്റ്റഡിയിലെടുത്തു. ഇത് സ്ട്രോങ്ങ് റൂമിലേക്ക് മാറ്റി പീഠം കണ്ടെടുത്ത കാര്യം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും.
ഇതിനിടെ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികൾ സന്നിധാനത്ത് തിരികെ എത്തിച്ചു. കോടതി അനുമതിയോടെ ശില്പങ്ങളിൽ സ്വർണപ്പാളി തിരികെ സ്ഥാപിക്കും. ചെന്നൈയിലെ കമ്പനിയിലേക്ക് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതായിരുന്നു. എന്നാൽ കോടതി അനുമതിയില്ലാതെ സ്വർണ്ണപ്പാളികൾ ഇളക്കിമാറ്റി അറ്റകുറ്റപ്പണി കൊണ്ടുപോയത് വലിയ വിവാദമായി മാറിയിരുന്നു.
ഇതിനിടെയാണ് അറ്റകുറ്റപ്പണി നടത്തിയ ശേഷം സ്വർണ്ണപ്പാളികൾ തിരികെ ശബരിമല സന്നിധാനത്ത് എത്തിച്ചത്. സ്വർണ്ണപ്പാളികൾ ശില്പത്തിൽ തിരികെ സ്ഥാപിക്കുന്നതിന് കോടതി അനുമതി ലഭിക്കും വരെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.
(Summary: The missing Dwarapalaka Peedom from Sabarimala has been found. The Devaswom Vigilance found the Peedom from the house of the relative of the sponsor who filed the complaint. )