Rahul Mamkootathil: വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ
MLA Rahul Mamkootathil Visits Sabarimala: കഴിഞ്ഞ ദിവസം ആരംഭിച്ച നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയിരുന്നു.
പത്തനംതിട്ട: വിവാദങ്ങൾക്കിടെ നിയമസഭയിൽ എത്തിയതിന് പിന്നാലെ ശബരിമല ദർശനം നടത്തി കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. രാത്രി പത്ത് മണിയോടെ പമ്പയിൽ എത്തിയ രാഹുൽ പുലർച്ചെ അഞ്ച് മണിക്ക് നട തുറന്നപ്പോൾ ദർശനം നടത്തുകയായിരുന്നു. വൈകീട്ട് നട അടച്ച ശേഷമായിരുന്നു രാഹുൽ പമ്പയിൽ എത്തിയത്. തുടർന്ന്, പമ്പയിൽ നിന്നും കെട്ട് നിറച്ച് സന്നിധാനത്തേക്ക് പുറപ്പെട്ടു.
അതേസമയം ലൈംഗിക ആരോപണത്തെ തുടർന്നുള്ള വിവാദങ്ങൾക്കിടയിൽ, സെപ്റ്റംബർ 15ന് ആരംഭിച്ച നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ താക്കീത് മറികടന്നായിരുന്നു രാഹുൽ സമ്മേളനത്തിന് എത്തിയത്.
യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറായിരുന്നു അദ്ദേഹത്തിന്റെ കൂടെ ഉണ്ടയായിരുന്നത്. ഇതിന് പിന്നാലെ, രാഹുലിനും ഷജീറിനുമെതിരെ പാർട്ടിക്കുള്ളിൽ തന്നെ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, പിന്നീടുള്ള ദിവസങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല. എങ്കിലും, രാഹുൽ മണ്ഡലത്തിൽ സജീവമാകുമെന്നാണ് വിവരം. അതിന് മുന്നോടിയായാണ് ഇപ്പോഴത്തെ ശബരിമല ദർശനം.