Thrissur: തൃശൂരിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; ഭർതൃ മാതാവും അറസ്റ്റിൽ
Mother-in-law arrested in young woman's death: ഭര്‍തൃ പീഡനത്തില്‍ മനംനൊന്ത് അര്‍ച്ചന ജീവനൊടുക്കി എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. കേസുമായി ബന്ധപ്പെട്ട് ഭർത്താവ് ഷാരോണിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
തൃശൂര്‍: ഗർഭിണിയായ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭര്‍തൃമാതാവ് അറസ്റ്റില്‍. നന്തിപുലം മാട്ടുമല സ്വദേശി മാക്കോത്ത് വീട്ടിൽ രജനി(49) യാണ് അറസ്റ്റിലായത്. രജനിയുടെ മകൻ ഷാരോണിന്റെ ഭാര്യ അർച്ചനയാണ്(20) പൊള്ളലേറ്റ് മരിച്ചത്. ചാലക്കുടി ഡിവൈഎസ്‌പി വി.കെ. രാജുവിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. കോടതിയിൽ ഹാജരാക്കിയ രജനിയെ റിമാൻഡ് ചെയ്തു.
അർച്ചനയുടെ അച്ഛൻ മനക്കലക്കടവ് വെളിയത്ത് പറമ്പിൽ ഹരിദാസന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ നവംബർ 26-നാണ് വീടിന് സമീപത്തെ കനാലിലാണ് അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍വച്ച് തീകൊളുത്തിയ ശേഷം പുറത്തേക്കോടിയതാകാം എന്നാണ് നിഗമനം. മകളുടെ കുട്ടിയെ അങ്കണവാടിയില്‍ നിന്ന് വിളിച്ചുകൊണ്ടുവരാന്‍ പോയ രജനി തിരികെ വന്നപ്പോളാണ് മൃതദേഹം കാണുന്നത്.
ഭര്‍തൃ പീഡനത്തില്‍ മനംനൊന്ത് അര്‍ച്ചന ജീവനൊടുക്കി എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. കേസുമായി ബന്ധപ്പെട്ട് ഭർത്താവ് ഷാരോണിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഷാരോൺ സംശയരോഗിയായിരുന്നവെന്നും നിരന്തരം അർച്ചനയെ ക്രൂരമായി മർദിക്കുമായിരുന്നുവെന്നും കുടുംബം ആരോപിച്ചു. ആറുമാസമായി ഫോൺ ചെയ്യാൻ പോലും അനുവദിച്ചിരുന്നില്ലെന്നും ഷാരോൺ കഞ്ചാവ് കേസിലെ പ്രതിയാണെന്നും യുവതിയുടെ കുടുംബം പറയുന്നു. ഏഴ് മാസം മുമ്പായിരുന്നു ഷാരോണിന്റെയും അർച്ചനയുടെയും വിവാഹം. പ്രണയ വിവാഹമായിരുന്നു.