Navratri-Diwali Special Train: നവരാത്രിയും ദീപാവലിയും നാട്ടിലാഘോഷിക്കാം: ഇതാ സ്പെഷ്യൽ ട്രെയിൻ, വേഗം ബുക്ക് ചെയ്തോ
Navratri-Diwali 2025 Special Train Services: ദീപാവലി ഉൾപ്പടെയുള്ള ഉത്സവ സീസൺ പ്രമാണിച്ച് 944 സ്‌പെഷ്യൽ ട്രെയിനുകളുടെ സർവ്വീസാണ് സെൻട്രൽ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. മുബൈയിൽ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സെൻട്രൽ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചത്.

Special Train
തിരുവനന്തപുരം: വരാനിരിക്കുന്ന നവരാത്രി, ദീപാവലി ആഘോഷവേളകളിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. ലോകമാന്യതിലക്–തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷൽ ട്രെയിനാണ് റെയിൽവേ അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ 25 മുതൽ നവംബർ 27 വരെ എല്ലാ വ്യാഴാഴ്ചകളിലും ഈ ട്രെയിൻ സർവീസ് നടത്തുന്നതാണ്.
വൈകിട്ട് നാലു മണിക്ക് ലോകമാന്യ തിലകിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (നമ്പർ 01463) അടുത്ത ദിവസം രാത്രി 10.45ന് തിരുവനന്തപുരം നോർത്തിലെത്തിച്ചേരും. തിരികെയുള്ള ട്രെയിൻ (01464) സെപ്റ്റംബർ 27 മുതൽ നവംബർ 29 വരെ എല്ലാ ശനിയാഴ്ചകളിലും സർവീസ് നടത്തും. വൈകിട്ട് 4.20ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് ട്രെയിൻ മൂന്നാംദിവസം പുലർച്ചെ ഒരു മണിക്ക് ലോകമാന്യ തിലകിലെത്തും.
കേരളത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊറണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കൊല്ലം എന്നിവിടങ്ങളിലാണ് ഈ സർവീസിന് സ്റ്റോപ്പുള്ളത്. ഇതിനുള്ള ബുക്കിങ് ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
അതേസമയം, ദീപാവലി ഉൾപ്പടെയുള്ള ഉത്സവ സീസൺ പ്രമാണിച്ച് 944 സ്‌പെഷ്യൽ ട്രെയിനുകളുടെ സർവ്വീസാണ് സെൻട്രൽ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. മുബൈയിൽ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സെൻട്രൽ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചത്. ഉത്സവ സീസണുകളിൽ ടിക്കറ്റ് കിട്ടാനില്ലെന്ന പരാതിയുൾപ്പെടെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയിൽവേ പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.