Nenmara Double Murder Case: നെന്മാറ ഇരട്ട കൊലപാതക കേസ്; മജിസ്‌ട്രേറ്റിന് മുമ്പാകെ കുറ്റം സമ്മതിക്കാതെ ചെന്താമര, സെൻട്രൽ ജയിലേക്ക് മാറ്റി
Nenmara Double Murder Case Accused Refuses to Confess Crime: ചെന്താമരയെ ആദ്യം ആലത്തൂർ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയപ്പോൾ നൽകിയ മൊഴി അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ നിന്ന് വ്യത്യസ്തമായിരുന്നു.
പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിൽ മജിസ്‌ട്രേറ്റിന് മുമ്പാകെ കുറ്റം സമ്മതിക്കാതെ ചെന്താമര. കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതിനായി ചിറ്റൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ചെന്താമരയെ ഹാജരാക്കിയിരുന്നു. മജിസ്‌ട്രേറ്റിന് മുമ്പാകെ എത്തിയ ചെന്താമര കുറ്റം സമ്മതിക്കില്ലെന്ന് വ്യക്തമാക്കി. ഇതോടെ ചെന്താമരയെ പോലീസ് കസ്റ്റഡിയിൽ വിടില്ലെന്ന് വ്യക്തമാക്കിയ കോടതി ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
ചെന്താമരയെ ആദ്യം ആലത്തൂർ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയപ്പോൾ നൽകിയ മൊഴി അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം പാലക്കാട് ചിറ്റൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകിയത്. തുടർന്ന് പാലക്കാട് ചീഫ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ചെന്താമരയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തുന്നതിനായി ചിറ്റൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാൽ, ഇവിടെയും ചെന്താമര കുറ്റസമ്മതം നടത്താൻ തയ്യാറായില്ല.
ALSO READ: മൂന്നാർ എക്കോ പോയിൻ്റിൽ ബസ് മറിഞ്ഞ് അപകടം; മൂന്ന് വിദ്യാർഥികൾ മരിച്ചു
ചെന്താമരയുടെ ആദ്യ കൊലപാതക കേസിലെ ജാമ്യം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. 2019ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് പാലക്കാട് സെഷൻസ് കോടതി റദ്ദാക്കിയത്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സമയത്താണ് സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവ് ലക്ഷ്മിയെയും ചെന്താമര കൊലപ്പെടുത്തിയത്. ഇയാൾ 2022ലാണ് ജാമ്യത്തിൽ ഇറങ്ങിയത്.
ഭാര്യ പിണങ്ങി പോകാൻ കാരണം അയൽവാസികളായ സജിതയും പുഷ്‌പയുമാണെന്നും ഇരുവരും കൂടോത്രം നടത്തിയത് കൊണ്ടാണ് ഭാര്യ തന്നിൽ നിന്ന് അകന്നതെന്നും ചെന്താമര വിശ്വസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ സജിതയെ കൊലപ്പെടുത്തിയത്. വീട്ടിൽ അതിക്രമിച്ച് കയറി സജിതയെ ചെന്താമര കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം നെല്ലിയാമ്പതി കാട്ടിലേക്ക് ഒളിവിൽ പോയ ചെന്താമരയെ ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് പിടികൂടിയത്. ഇതിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് നെന്മാറയിലെത്തി മറ്റ് രണ്ടു കൊലപാതകങ്ങൾ കൂടി നടത്തി. കഴിഞ്ഞ മാസമായിരുന്നു സംഭവം.