Kollam-theni National highway: കൊല്ലം–തേനി ദേശീയപാത വികസനത്തിന്റെ തടസ്സങ്ങൾ നീങ്ങി, പിഡബ്ലുഡി അല്ല ദേശീയപാത അതോറിറ്റി നേരിട്ടെത്തും
NH-183 Development latest update: കേരളത്തിലൂടെ കടന്നുപോകുന്ന ഏകദേശം 216 കിലോമീറ്റർ പാതയാണ് വികസിപ്പിക്കുന്നത്. കൊല്ലം കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള പുതുക്കിയ അലൈൻമെന്റിന് അംഗീകാരമായി.

NH development
കൊല്ലം: കൊല്ലം-തേനി ദേശീയപാത (NH-183) വികസനത്തിൽ നിർണ്ണായക മാറ്റം. പാതയുടെ വികസനവും പരിപാലനവും ഇനി മുതൽ ദേശീയപാത അതോറിറ്റി (NHAI) നേരിട്ട് നിർവഹിക്കും. നേരത്തെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മുഖേന പുനരുദ്ധാരണ പ്രവൃത്തികൾ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പാത നാലുവരിയായി വികസിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് പദ്ധതി നടപ്പാക്കുന്ന ഏജൻസിയിൽ മാറ്റം വന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.
കേരളത്തിലൂടെ കടന്നുപോകുന്ന ഏകദേശം 216 കിലോമീറ്റർ പാതയാണ് വികസിപ്പിക്കുന്നത്. കൊല്ലം കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള പുതുക്കിയ അലൈൻമെന്റിന് അംഗീകാരമായി. ദേശീയപാത അതോറിറ്റി നേരിട്ട് ഏറ്റെടുക്കുന്നതോടെ ആധുനിക രൂപകൽപ്പനയും കൃത്യസമയത്തുള്ള നിർമ്മാണവും ഉറപ്പാക്കാൻ സാധിക്കും.
പദ്ധതി നടപ്പാക്കുമ്പോൾ ഭൂമിയേറ്റെടുപ്പ്, നഷ്ടപരിഹാരം, പുനരധിവാസം എന്നിവയിൽ ജനങ്ങൾക്കുള്ള ആശങ്കകൾ പൂർണ്ണമായും പരിഹരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. റോഡ് വികസനത്തിന്റെ ഓരോ ഘട്ടത്തിലും ജനപ്രതിനിധികളെയും ജില്ലാ ഭരണകൂടത്തെയും ഏകോപിപ്പിച്ച് പ്രവർത്തിക്കണമെന്നും അനാവശ്യ വൈകൽ ഒഴിവാക്കി പ്രവൃത്തികൾ പൂർത്തിയാക്കണമെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കൊല്ലം–തേനി ദേശീയപാത (NH-183) വികസന പ്രവർത്തനങ്ങൾ ദേശീയപാത അതോറിറ്റി നേരിട്ട് നടത്തും. പാതയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നീണ്ട് പോകുന്നതുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ഇടപെടലുകളുടെ ഫലമായിട്ടാണ് ഇത്തരത്തിൽ മാറ്റം. ഇതുവരെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് (PWD) മുഖേന പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ദേശീയപാതയുടെ വികസനം നാലുവരി നിലവാരത്തിലേക്ക് ഉയർത്തി നടപ്പാക്കുന്നതിനുള്ള തീരുമാനത്തോടെ പദ്ധതി നടപ്പാക്കുന്ന ഏജൻസിയിൽ മാറ്റം വന്നിരിക്കുകയാണ്.
കൊല്ലം കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ ഉൾപ്പെടുന്ന പുതുക്കിയ അലൈൻമെന്റ് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ, കേരളത്തിലൂടെ കടന്നുപോകുന്ന ഏകദേശം 216 കിലോമീറ്റർ ദൂരം ഉൾക്കൊള്ളിച്ചുള്ള NH-183-ന്റെ വികസന, പരിപാലന പ്രവർത്തനങ്ങൾ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നേരിട്ട് ഏറ്റെടുക്കുന്നതായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങി.
ദേശീയപാത അതോറിറ്റി നേരിട്ട് പദ്ധതി ഏറ്റെടുക്കുന്നതോടെ ആധുനിക രൂപകൽപ്പന, ഉയർന്ന സാങ്കേതിക നിലവാരം, മതിയായ ഫണ്ടിംഗ്, സമയബന്ധിത നിർവഹണം എന്നിവ ഉറപ്പാക്കാൻ സാധിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. ദശകങ്ങളായി അവഗണിക്കപ്പെട്ട ഈ ദേശീയപാത, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഗതാഗതം, വ്യാപാരം, വിനോദസഞ്ചാരം, കാർഷിക ഉൽപ്പന്നങ്ങളുടെ വിപണന സൗകര്യം എന്നിവയ്ക്ക് നിർണായകമാണ്.
അതേസമയം, ഭൂമിയേറ്റെടുപ്പ്, നഷ്ടപരിഹാരം, പുനരധിവാസം എന്നിവയിൽ ജനങ്ങളുടെ ആശങ്കകൾ പൂർണമായി പരിഹരിച്ചുകൊണ്ടായിരിക്കണം പദ്ധതി നടപ്പാക്കേണ്ടത്.
പ്രദേശവാസികളുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കുന്ന വിധത്തിൽ, സാമൂഹിക നീതിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കിയാണ് വികസനം മുന്നോട്ടു കൊണ്ടുപോകേണ്ടത്.
NH-183 വികസനവുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളിലും ജനപ്രതിനിധികൾ, ജില്ലാ ഭരണകൂടങ്ങൾ, ദേശീയപാത അതോറിറ്റി എന്നിവ തമ്മിലുള്ള ഫലപ്രദമായ ഏകോപനം, പ്രവൃത്തികൾ അനാവശ്യ വൈകീടുകളില്ലാതെ ആരംഭിച്ച് പൂർത്തിയാക്കണം. ദേശീയപാതയുടെ സമഗ്ര വികസനം യാഥാർത്ഥ്യമാകുന്നതുവരെ എംപി എന്ന നിലയിൽ ശക്തമായ ഇടപെടലുകളും നിരന്തര പിന്തുടർച്ചയും തുടരും.