Nilambur By Election 2025: അവിടേക്ക് ക്ഷണിക്കാന്‍ ആരുടെയും സംബന്ധമല്ല – തരൂരിനെ കളിയാക്കി രാജ്മോഹൻ ഉണ്ണിത്താൻ
Rajmohan Unnithan mocks sasi Tharoor : തരൂർ എത്ര വളർന്നാലും നെഹ്റു കുടുംബത്തിന്റെ പ്രതിച്ഛായ ഒന്നും അദ്ദേഹത്തിന് ഇല്ലല്ലോ. പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ വന്ന പ്രചാരണം നടത്തി. തരൂർ കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി അംഗം മാത്രമാണ്. കുറച്ചുനാളുകളായി അദ്ദേഹത്തിന്റെ ശരീരം കോൺഗ്രസിനും കൂറു മോദിയോടുമാണ് തുടങ്ങിയ പരാമർശങ്ങൾ അദ്ദേഹം നടത്തി.
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് എത്താത്തതിനെ ചൊല്ലി കോൺഗ്രസ് നേതാവും എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. നിലമ്പൂരിലേക്ക് ആരും ക്ഷണിച്ചില്ല എന്ന തരൂരിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ക്ഷണം ആവശ്യമില്ലെന്നും തരൂരിന്റെ രാജ്യ താൽപര്യം എന്നത് വ്യക്തി താൽപര്യം മാത്രമാണെന്നും ഉണ്ണിത്താൻ പരിഹസിച്ചു. തരൂരിന്റെ കൂറ് മോദിയോടും ശരീരം കോൺഗ്രസിലും ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിലമ്പൂരിൽ വിളിക്കാൻ ആരുടെയും സംബന്ധം അല്ലല്ലോ നടക്കുന്നത്, അവിടെ ഒരു ഉപതിരഞ്ഞെടുപ്പാണ് നടക്കുന്നത് ഒരു കോൺഗ്രസ് നേതാവ് ക്ഷണിച്ചിട്ടല്ല അവിടെ പോയത്. കോൺഗ്രസിനോട് കൂറും വിധേയത്വവും പ്രതിബദ്ധതയും ഉള്ള എല്ലാ നേതാക്കളും അവർക്ക് ഏതൊക്കെ ദിവസമാണ് നിലമ്പൂരിൽ വരാൻ കഴിയുക എന്നത് തെരഞ്ഞെടുപ്പ് കമ്മറ്റി അറിയിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പരിപാടി നിശ്ചയിക്കുകയും ആയിരുന്നു.
തരൂരിനെ ആരും പ്രത്യേകിച്ച് ക്ഷണിക്കേണ്ട കാര്യം ഒന്നും ഇല്ലല്ലോ ഒരു നേതാവിനെയും അവിടെ ക്ഷണിച്ചിട്ടല്ല വന്നത് രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
തരൂരിന്റെ വളർച്ചയെയും താൽപര്യത്തെയും ഉണ്ണിത്താൻ ചോദ്യം ചെയ്തു. തരൂർ എത്ര വളർന്നാലും നെഹ്റു കുടുംബത്തിന്റെ പ്രതിച്ഛായ ഒന്നും അദ്ദേഹത്തിന് ഇല്ലല്ലോ. പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ വന്ന പ്രചാരണം നടത്തി. തരൂർ കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി അംഗം മാത്രമാണ്. കുറച്ചുനാളുകളായി അദ്ദേഹത്തിന്റെ ശരീരം കോൺഗ്രസിനും കൂറു മോദിയോടുമാണ് തുടങ്ങിയ പരാമർശങ്ങൾ അദ്ദേഹം നടത്തി.
നെഹ്റു കുടുംബത്തിന്റെ പാരമ്പര്യത്തെ ഓർമിപ്പിച്ച ഉണ്ണിത്താൻ തരൂരിന്റെ ലക്ഷ്യങ്ങളെ കുറിച്ചും സൂചന നൽകി. ഐക്യരാഷ്ട്രസഭയിൽ വീണ്ടും മത്സരിക്കാൻ അദ്ദേഹത്തിന് താല്പര്യം ഉണ്ടായിരിക്കും മോദി പിന്തുണയ്ക്കുമായിരിക്കും എന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.