Nilambur By-Election Result 2025: ‘എല്ലാവരും ഒറ്റക്കെട്ടായി നിന്നു, ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ല’; അടൂർ പ്രകാശ്
Nilambur By Election Result 2025: അൻവറിന്റെ യുഡിഎഫ് പ്രവേശനത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അടച്ച വാതിൽ തുറക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും യുഡിഎഫ് നേതൃത്വം കൂട്ടായി തീരുമാനമെടുക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
നിലമ്പൂരിലെ വിജയം ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമാണെന്ന് യുഡിഎഫ് കൺവീനർ അടൂർപ്രകാശ്. വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ല. ഒറ്റക്കെട്ടായി വലിയ തയ്യാറെടുപ്പോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. നിലമ്പൂരിലെ വോട്ടർമാരോട് കടപ്പെട്ടിരിക്കുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞു.
കൂടാതെ അൻവറിന്റെ യുഡിഎഫ് പ്രവേശനത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അടച്ച വാതിൽ തുറക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും യുഡിഎഫ് നേതൃത്വം കൂട്ടായി തീരുമാനമെടുക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. രാഷ്ട്രീയത്തിൽ പൂർണമായി അടഞ്ഞ വാതിലുകളില്ലെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചിരുന്നത്.
അൻവറിനെ ആരും കൂട്ടാതെ ഇരുന്നതല്ല, കൂടാതെ ഇരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വോട്ടുകൾ നേടുന്ന അൻവറിന്റെ സാന്നിധ്യം തള്ളിക്കളയാനാവില്ല. അൻവറിനെ യുഡിഎഫിൽ എടുക്കുമോ എന്ന കാര്യം പിന്നീട് ചർച്ച ചെയ്യും. കഴിഞ്ഞ ഒമ്പത് വർഷം അദ്ദേഹം നിലമ്പൂരിൽ എംഎൽഎ ആയിരുന്നു. അതുകൊണ്ട് തന്നെ അൻവർ ഫാക്ടർ അവിടെ ഉണ്ടായിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
11005 വോട്ടിനാണ് സിപിഎമ്മിന്റെ സ്വരാജിനെ തോൽപ്പിച്ച് നിലമ്പൂരിൽ യുഡിഎഫിന്റെ ആര്യാടൻ ഷൗക്കത്ത് വിജയം സ്വന്തമാക്കിയത്. സ്വരാജിന്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമാണിത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിന്റെ കെ ബാബുവിനോട് പരാജയപ്പെട്ടിരുന്നു. എൽഡിഎഫ് 65661, യുഡിഎഫ് 76666, അൻവർ 19593, ബിജെപി 7593 എന്നിങ്ങനെയാണ് വോട്ട് നില.