Nimisha Priya: നിമിഷ പ്രിയയുടെ മോചനം; സുപ്രീംകോടതിയിൽ വക്കാലത്ത് ഫയൽ ചെയ്ത് കേന്ദ്രം, തിങ്കളാഴ്ച ഹർജി പരിഗണിക്കും
Nimisha Priya Release: തിങ്കളാഴ്ച ഹർജി പരിഗണിക്കും. ഇതിനായി കേന്ദ്ര സർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയിൽ ഹാജരാകും. നിമിഷ പ്രിയയുടെ വധശിക്ഷ നിർത്തിവയ്പ്പിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.

നിമിഷ പ്രിയ
ഡൽഹി: യമൻ പൗരനായ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീംകോടതിയിൽ വക്കാലത്ത് ഫയൽ ചെയ്ത് കേന്ദ്രം. തിങ്കളാഴ്ച ഹർജി പരിഗണിക്കും. ഇതിനായി കേന്ദ്ര സർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയിൽ ഹാജരാകും. നിമിഷ പ്രിയയുടെ വധശിക്ഷ നിർത്തിവയ്പ്പിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.
കൂടിക്കാഴ്ച്ചകൾക്കായി സനായിൽ എത്തിയ നിമിഷ പ്രിയയുടെ അമ്മയും സാമൂഹ്യപ്രവർത്തകൻ സാമുവൽ ജെറോണും നിലവിൽ യമനിൽ തന്നെയാണ് ഉള്ളത്. നിമിഷ പ്രിയയുടെ മോചനത്തിനായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഇടപെടൽ നടത്തുന്നുണ്ടെന്നാണ് സൂചന. യെമനിൽ ബിസിനസ് ബന്ധമുള്ളവർ മുഖേന അനൗദ്യോഗിക ചർച്ചകൾക്കും ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ കുടുംബത്തിന്റെയും ഗോത്രവുമായി ബന്ധപ്പെട്ട തലവന്മാരുടെയും കൃത്യമായ നിലപാട് ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ദയാധനം ഉറപ്പ് നൽകാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.
ജൂലായ് 16നാണ് നിമിഷയുടെ വധശിക്ഷ നടപ്പാക്കുക എന്നാണ് വിവരം. ശിക്ഷ നടപ്പാക്കാൻ ഇനി അധികം ദിവസങ്ങൾ ബാക്കിയില്ലെന്നത് കൊണ്ടുതന്നെ നിമിഷപ്രിയുടെ ജീവൻ രക്ഷിക്കാൻ അടിയന്തരമായ ഇടപെടൽ ആവശ്യമാണ്. കേന്ദ്രസർക്കാർ കാര്യക്ഷമമായി ഇടപെട്ടാൽ മാത്രമേ ഇത് സാധിക്കുകയുള്ളൂ. ഇതിന് സുപ്രീംകോടതി നിർദ്ദേശം നൽകണം. അത് ആവശ്യപ്പെട്ടുകൊണ്ടാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
അതേസമയം, നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടണമെന്ന് കെസി വേണുഗോപാൽ എം പി ആവശ്യപ്പെട്ടു. വധശിക്ഷ നടപ്പാക്കാൻ ഇനി നാല് ദിവസം മാത്രമാണ് മുന്നിലുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൂടുതൽ കാര്യക്ഷമമായി വിഷയത്തെ കാണണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ജീവന്റെ പ്രശ്‌നമാണ് എന്ന പരിഗണനയിൽ മുഖ്യമന്ത്രി കൂടുതൽ ഗൗരവത്തോടെ ഈ വിഷയം കൈകാര്യം ചെയ്യണമെന്നും എംപി കൂട്ടിച്ചേർത്തു.