Onam Hate Speech: ഓണം ഇതര മതസ്ഥരുടേത്, ആഘോഷം വേണ്ട; കേസെടുത്ത് പൊലീസ്
Onam Hate Speech: ഓണാഘോഷം സ്‌കൂളില്‍ വേണ്ടെന്നും ആഘോഷത്തില്‍ ഇസ്ലാം മതത്തില്‍പ്പെട്ട കുട്ടികളെ പങ്കെടുപ്പിക്കരുതെന്നുമായിരുന്നു സന്ദേശം.

പ്രതീകാത്മക ചിത്രം
തൃശൂർ: ഓണം അന്യമതസ്ഥരുടേത് ആണെന്നും അതിനാൽ ആഘോഷം വേണ്ടെന്നുമുള്ള അധ്യാപികയുടെ വിദ്വേഷ പരാമർശത്തിൽ പൊലീസ് കേസെടുത്തു. തൃശൂർ കടവല്ലൂർ സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികയ്ക്കെതിരെയാണ് കുന്നംകുളം പൊലീസ് കേസെടുത്തത്.
രക്ഷിതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഓഡിയോ സന്ദേശത്തിലൂടെയായിരുന്നു അധ്യാപികയുടെ വിദ്വേഷ പരാമർശം. ഓണാഘോഷം സ്‌കൂളില്‍ വേണ്ടെന്നും ആഘോഷത്തില്‍ ഇസ്ലാം മതത്തില്‍പ്പെട്ട കുട്ടികളെ പങ്കെടുപ്പിക്കരുതെന്നുമായിരുന്നു സന്ദേശം. ഡിവൈഎഫ്ഐ നൽകിയ പരാതിയെ തുടർന്നാണ് കുന്നംകുളം പൊലീസ് കേസെടുത്തത്. മതവിദ്വേഷമുണ്ടാക്കിയതിന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് അധ്യാപികയ്ക്കെതിരെ ചുമത്തിയത്.
‘ഓണം ഹിന്ദു മതസ്ഥരുടെ ആചാരമാണ്. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണത്. ഓണാഘോഷവുമായി ബന്ധപ്പെട്ട് നമ്മുടെ മക്കളോ നമ്മളോ അത്തരത്തിലുള്ള കാര്യങ്ങളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കരുത്. മറ്റ് മതസ്ഥരുടെ ആചാരങ്ങളെ നമ്മള്‍ ഒരുതരത്തിലും പങ്കുകൊള്ളാന്‍ പാടില്ല. ആഘോഷത്തില്‍ നമ്മളോ നമ്മുടെ മക്കളോ ആരുംതന്നെ പങ്കെടുക്കുന്നില്ല, എന്നിങ്ങനെയായിരുന്നു അധ്യാപികയുടെ സന്ദേശം.
ടീച്ചര്‍ വ്യക്തിപരമായ അഭിപ്രായമാണ് അയച്ചതെന്നും സ്‌കൂളിന്റെ നിലപാടല്ല ഇതെന്നും സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിശദീകരണം നല്‍കി. സംഭവത്തിൽ കുന്നംകുളം പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചു. സ്‌കൂളിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി.