Online Liquor Sale: ഓണ്‍ലൈന്‍ മദ്യവില്‍പനയുടെ കാര്യത്തില്‍ തീരുമാനമായില്ല; സര്‍ക്കാരിനെ സമീപിച്ച് ബെവ്‌കോ
M B Rajesh Liquor Sale Statement: കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ മദ്യത്തിന് വില കൂട്ടിയിട്ടില്ല. എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങളിലും വില വര്‍ധിപ്പിച്ചു. ഓണ്‍ലൈന്‍ മദ്യ വില്‍പനയുടെ പ്രൊപ്പോസല്‍ നേരത്തെയും സര്‍ക്കാരിന് മുന്നിലെത്തിയിട്ടുണ്ട്.

ബെവ്‌കോ, എംബി രാജേഷ്
തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി മദ്യം വില്‍പന നടത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എക്‌സൈസ് വകുപ്പുമന്ത്രി എംബി രാജേഷ്. വിഷയത്തില്‍ എടുത്തുചാടി ഒരു തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. വരുമാനം വര്‍ധിപ്പിക്കുന്നതിന് മറ്റ് കാര്യങ്ങള്‍ ആലോചിക്കേണ്ടതായി വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ മദ്യത്തിന് വില കൂട്ടിയിട്ടില്ല. എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങളിലും വില വര്‍ധിപ്പിച്ചു. ഓണ്‍ലൈന്‍ മദ്യ വില്‍പനയുടെ പ്രൊപ്പോസല്‍ നേരത്തെയും സര്‍ക്കാരിന് മുന്നിലെത്തിയിട്ടുണ്ട്. എന്നാല്‍ തത്കാലം അത് പരിഗണിക്കേണ്ട എന്നതായിരുന്നു തീരുമാനമെന്നും മന്ത്രി പറഞ്ഞു.
പല പ്രൊപ്പോസലുകളും വിഷയത്തില്‍ വരാറുണ്ട്. ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഒരു നയം ആവിഷ്‌കരിക്കുക. ക്യാബിനറ്റ് അംഗീകരിച്ച മദ്യ നയത്തില്‍ നിന്നാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുക. മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കാന്‍ നേതൃത്വം കൊടുക്കുന്നവര്‍ കേരളത്തില്‍ നടപ്പാക്കാന്‍ സമ്മതിക്കാറില്ലെന്നും എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഓണ്‍ലൈന്‍ മദ്യ വില്‍പനയ്ക്കുള്ള പ്രൊപ്പോസല്‍ ബെവ്‌കോ സര്‍ക്കാരിന് മുന്നില്‍ വെച്ചു. സ്വിഗ്ഗി പോലുള്ള ഓണ്‍ലൈന്‍ ഡെലിവറി ആപ്പുകള്‍ മദ്യം ആവശ്യക്കാരിലേക്ക് നേരിട്ടെത്തിക്കുന്ന രീതിയിലാണ് ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി സമര്‍പ്പിച്ച പ്രൊപ്പോസല്‍.
വിപണി പഠനം നടത്തിയതിന് ശേഷമുള്ളതാണീ ശുപാര്‍ശ. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചതായും ശുപാര്‍ശയില്‍ പറയുന്നു. 2000 കോടി രൂപയുടെ വരുമാന വര്‍ധനവാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Also Read: Bevco Holidays 2025: ബിവറേജിന് ഇനി 5 പൊതു അവധി, 5 ഡ്രൈ ഡേ
മദ്യ വില്‍പനയ്ക്കായി മൊബൈല്‍ ആപ്ലിക്കേഷനും ബെവ്‌കോ തയാറാക്കിയിട്ടുണ്ട്. ആപ്പുകള്‍ വഴി 23 വയസിന് മുകളിലുള്ളവരാണോ മദ്യം വാങ്ങിക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള നടപടികളും ഉണ്ടായിരിക്കുമെന്ന് ബെവ്‌കോ വ്യക്തമാക്കി.