P V Anvar: പ്രതിപക്ഷ നേതാവിനൊപ്പം എന്തു ത്യാഗവും നഷ്ടവും സഹിച്ച് നിൽക്കാൻ തയാർ: പി.വി. അൻവർ
P.V. Anvar Pledges Full Support with UDF: കേരളത്തിലെ മുഴുവൻ കമ്യൂണിസ്റ്റുകാരെയും ഇല്ലായ്മ ചെയ്താലും തന്നെയും കുടുംബത്തേയും രക്ഷിക്കൂ എന്ന് പറഞ്ഞുകൊണ്ട് ഒരു മുഖ്യമന്ത്രി നിൽക്കുകയാണെന്നും, തുച്ഛമായ സംഖ്യയ്ക്ക് വേണ്ടി കേരളത്തിലെ മതേതര സമൂഹത്തെ ഒറ്റയടിക്ക് പിണറായി തൂക്കി വിറ്റെന്നും അൻവർ ആരോപിച്ചു.

പിവി അന്‍വര്‍
കണ്ണൂർ: കേരളത്തിന്റെ മതേതര നിലപാട് സംരക്ഷിക്കാൻ വേണ്ടി പ്രതിപക്ഷ നേതാവിനൊപ്പം എന്ത് നഷ്ടവും ത്യാഗവും സഹിക്കാൻ താൻ തയ്യാറാണെന്ന് മുൻ എംഎൽഎ പി.വി. അൻവർ വ്യക്തമാക്കി. വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനൊപ്പം നിന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള രൂക്ഷമായ വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. “ലാഭം കിട്ടാൻ വന്നവനല്ല ഞാൻ. എന്ത് നഷ്ടമുണ്ടായാലും യുഡിഎഫിനൊപ്പം നിന്ന് പ്രവർത്തിക്കും. പിണറായി വിജയനെ താഴെയിറക്കാൻ ആരുമായും സഹകരിക്കാൻ താൻ തയ്യാറാണ്,” പി.വി. അൻവർ പറഞ്ഞു.
പിണറായി ബിജെപി മുഖ്യമന്ത്രി
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഞെട്ടിക്കുന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. “ബിജെപിക്ക് ഒരു എംഎൽഎ പോലും ഇല്ലാത്ത സംസ്ഥാനത്ത് ബിജെപിയുടെ മുഖ്യമന്ത്രിയാണ് പിണറായി. ഉത്തരേന്ത്യയിൽ നടക്കുന്ന വർഗീയത ഇവിടെ നടപ്പാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് പിണറായി വിജയന്റെ അവസാനമായിരിക്കും,” അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുഴുവൻ കമ്യൂണിസ്റ്റുകാരെയും ഇല്ലായ്മ ചെയ്താലും തന്നെയും കുടുംബത്തേയും രക്ഷിക്കൂ എന്ന് പറഞ്ഞുകൊണ്ട് ഒരു മുഖ്യമന്ത്രി നിൽക്കുകയാണെന്നും, തുച്ഛമായ സംഖ്യയ്ക്ക് വേണ്ടി കേരളത്തിലെ മതേതര സമൂഹത്തെ ഒറ്റയടിക്ക് പിണറായി തൂക്കി വിറ്റെന്നും അൻവർ ആരോപിച്ചു.
സിപിഎമ്മിന്റെ ആറ് നൂറിലധികം രക്തസാക്ഷികൾ പോരാടിയത് ഫാഷിസത്തിനും വർഗീയതയ്ക്കും ആർഎസ്എസിനും ബിജെപിക്കുമെതിരെയാണ്.
ഈ പ്രസ്ഥാനത്തെ ഒന്നടങ്കം കൊണ്ടുപോയി ബിജെപിയുടെ ആലയിൽ കെട്ടിയത് രക്തസാക്ഷികളുടെ കുടുംബങ്ങൾ താങ്ങുമെന്ന് കരുതുന്നില്ല. ഈ പ്രസ്ഥാനത്തെ രക്ഷപ്പെടുത്തണോ എന്ന് തീരുമാനിക്കാനുള്ള അവസരമാണ് സഖാക്കൾക്ക് വരുന്ന തിരഞ്ഞെടുപ്പ് നൽകുന്നത്. പിണറായിസത്തെ കമ്യൂണിസ്റ്റുകാർ തകർത്തുകളയുമെന്നാണ് തന്റെ വിശ്വാസമെന്നും നിലമ്പൂരിൽ കണ്ടത് അതിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.