Suhan Death: നോവായി സുഹാൻ; വിട നൽകി നാട്; കണ്ണീരണിഞ്ഞ് സഹപാഠികളും അധ്യാപകരും
Suhan Funeral Updates: സ്കൂള്‍ മുറ്റത്ത് അവസാനമായി സുഹനെ കാണാൻ അധ്യാപകരും സഹപാഠികളും അടക്കം നിരവധി പേരാണ് എത്തിയത്. പൊതുദര്‍ശനത്തിനുശേഷം മൃതദേഹം വീട്ടിൽ എത്തിച്ചു.

Suhan
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ കുളത്തിൽ മുങ്ങിമരിച്ച ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി. ഇന്ന് ഉച്ചയോടെ പോസ്റ്റമോർട്ടം പൂർത്തിയാക്കിയ ശേഷം സുഹാൻ പഠിച്ച റോയൽ നേഴ്സറി സ്കൂളിൽ പൊതുദര്‍ശനത്തിന് വെച്ചു. സ്കൂള്‍ മുറ്റത്ത് അവസാനമായി സുഹനെ കാണാൻ അധ്യാപകരും സഹപാഠികളും അടക്കം നിരവധി പേരാണ് എത്തിയത്. പൊതുദര്‍ശനത്തിനുശേഷം മൃതദേഹം വീട്ടിൽ എത്തിച്ചു. തുടര്‍ന്ന് മാട്ടു മന്ത ജുമാ മസ്ജിദ് ഖബര് സ്ഥാനിൽ ഖബറടക്കി.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ടു മണിയോടെയാണ് സുഹാനെ കാണാതായത്. സഹോദരനുമായി പിണങ്ങിയ ശേഷം വീട്ടിൽ നിന്ന് സുഹാനെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിൽ നിന്നും അരക്കിലോമീറ്റര്‍ മാറിയുള്ള കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Also Read: സുഹാന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തിൽ സംശയാസ്പദമായ പരിക്കുകളില്ല
അഗ്നി രക്ഷാ സേനയും പൊലീസും നാട്ടുകാരും നടത്തിയ തെരെച്ചിലിനൊടുവിലാണ സുഹാന്‍റെ മൃതദേഹം കണ്ടെടുത്തത്. വീട്ടിൽ നിന്നും 800മീറ്ററോളം മാറിയുള്ള കുളത്തിന്‍റെ മധ്യ ഭാഗത്തായി കുഞ്ഞിന്‍റെ മൃതദേഹം കമിഴ്ന്നു കിടക്കുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. വീട്ടിൽ നിന്നും ഇത്ര ദൂരം കുട്ടി എങ്ങനെ ഒറ്റയ്ക്ക് എത്തിയെന്നതിലടക്കം അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് എത്തി.
സുഹാന്റേത് മുങ്ങിമരണമാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മുറിവുകളോ പരിക്കുകളോ ഇല്ല. അതേസമയം മരണത്തിൽ എല്ലാ കാര്യങ്ങളേക്കുറിച്ചും അന്വേഷിക്കുമെന്ന് ചിറ്റൂർ പോലീസ് അറിയിച്ചു. മരണത്തിൽ ദുരൂഹതയില്ലെന്ന് സ്ഥലം എം എൽ എ കൂടിയായ മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.