11 ലക്ഷം തട്ടിപ്പിനിരയായി വീടു വിട്ടു; പാലക്കാട് സ്വദേശിനി മടങ്ങിയെത്തി
അയൽവാസിയുടെ സഹായത്താൽ തൻ്റെ സ്വർണം പണയം വെച്ച് സ്വരൂപിച്ച 11 ലക്ഷം രൂപയാണ് സൈബർ തട്ടിപ്പുകാർ കൈക്കലാക്കിയത്. തട്ടിപ്പുകാർ നൽകിയ മൂന്ന് അക്കൗണ്ടുകളിലേക്കായിരുന്നു ഇവർ പൈസ ട്രാൻസ്ഫർ ചെയ്തത്

Cyber Fraud Victim Palakkad
പാലക്കാട്: സൈബർ തട്ടിപ്പിൽപ്പെട്ട് 11 ലക്ഷം നഷ്ടമായി ഒടുവിൽ വീടുവിട്ട പാലക്കാട് സ്വദേശിനി മടങ്ങിയെത്തി. കഴിഞ്ഞയാഴ്ച കടമ്പഴിപ്പുറത്തെ വീട്ടിൽ നിന്ന് പോയ പ്രേമയാണ് മടങ്ങിയെത്തിയത്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് ഗുരുവായൂരിൽ നിന്നും പ്രേമ മടങ്ങിയെത്തിയത്. സെപ്റ്റംബർ 13 അർദ്ധരാത്രി മുതലാണ് കടമ്പഴിപ്പുറം ആലങ്ങാട്ട് ചള്ളിയിൽ ബാലസുബ്രഹ്മണ്യന്റെ ഭാര്യ പ്രേമയെ കാണാതായത്. സെപ്റ്റംബർ 13-ന് അർദ്ധരാത്രി അവർ വീട്ടിൽ നിന്ന് ഇറങ്ങുന്നത് സിസി ടീവി ക്യാമറയിൽ കാണാമായിരുന്നു. സെപ്റ്റംബർ 14-ന് പുലർച്ചെ ഇവർ കെഎസ്ആർടിസി ബസിൽ ഗുരുവായൂരിൽ എത്തിയെന്നാണ് റിപ്പോർട്ട്. അതിനുശേഷം പ്രേമയെ കണ്ടെത്താനായിരുന്നില്ല.
മലയാളത്തിന് പുറമെ ഹിന്ദിയും ഒഡിയയും സംസാരിക്കുന്ന പ്രേമക്ക് ഒരു ഓൺലൈൻ ലോട്ടറിയിൽ 15 കോടി രൂപ സമ്മാനമായി ലഭിച്ചുവെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ വിശ്വസിപ്പിച്ചത്. സമ്മാനം ലഭിക്കാൻ ‘സർവീസ് ചാർജ്’ ആയി 11 ലക്ഷം രൂപ നൽകണമെന്നും ഇവർ പറഞ്ഞു.
ഇതിനെ തുടർന്ന് അയൽവാസിയുടെ സഹായത്താൽ തൻ്റെ സ്വർണം പണയം വെച്ച് സ്വരൂപിച്ച 11 ലക്ഷം രൂപയാണ് സൈബർ തട്ടിപ്പുകാർ കൈക്കലാക്കിയത്. തട്ടിപ്പുകാർ നൽകിയ മൂന്ന് അക്കൗണ്ടുകളിലേക്കായിരുന്നു ഇവർ പൈസ ട്രാൻസ്ഫർ ചെയ്തത്. എന്നാൽ തട്ടിപ്പുകാർ 5 ലക്ഷം കൂടി ആവശ്യപ്പെട്ടപ്പോളാണ്, താൻ വഞ്ചിക്കപ്പെട്ടുവെന്ന് പ്രേമ മനസ്സിലാക്കിയത്. തട്ടിപ്പുകാരുടെ കയ്യിൽ നിന്ന് പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇവർ മാനസികമായി തളർന്നിരുന്നു എന്ന് പോലീസ് പറയുന്നു.