Pandalam ayyappa sangamam: പന്തളത്തെ ബദല്‍ അയ്യപ്പ സംഗമം: കുറവ് ആളുകള്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥന് മെമ്മോ
District Police Chief has issued a memo : കർമ്മസമിതിയുടെ നേതൃത്വത്തിലായിരുന്നു സംഗമം. പരിപാടിയിൽ മൂവായിരത്തിൽ താഴെ മാത്രം ആളുകൾ പങ്കെടുക്കുമെന്നായിരുന്നു വിവരം.

Pandalam Ayyappa Sangamam
പത്തനംതിട്ട: പന്തളത്തെ ബദൽ അയ്യപ്പ സംഗമത്തിലെ ജനപങ്കാളിത്തം മുൻകൂട്ടി കാണുന്നതിൽ പൊലീസിന് വൻ വീഴ്ച എന്ന ആരോപണം ഉയർന്നതോടെ പണികിട്ടിയത് പോലീസ് ഉദ്യോഗസ്ഥന്. കുറവ് ആളുകൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട് നൽകിയതിൽ പോലീസ് ഉദ്യോഗസ്ഥന് ജില്ലാ പൊലീസ് മേധാവി മെമ്മോ നൽകിയെന്ന് റിപ്പോർട്ട്.
പത്തനംതിട്ട ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് പന്തളം ഫീൽഡ് ഓഫീസർക്കാണ് ജില്ലാ പോലീസ് മേധാവി മെമ്മോ നൽകിയത്. പന്തളം സി ഐ, ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി, അടൂർ ഡിവൈഎസ്പി എന്നിവരോട് നാളെ വിശദീകരണം ചോദിച്ചേക്കും എന്നും സൂചനയുണ്ട്. ഇക്കഴിഞ്ഞ 23- നായിരുന്നു പന്തളത്ത് ബദൽ അയ്യപ്പ സംഗമം നടന്നത്.
ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിലായിരുന്നു സംഗമം. പരിപാടിയിൽ മൂവായിരത്തിൽ താഴെ മാത്രം ആളുകൾ പങ്കെടുക്കുമെന്നായിരുന്നു വിവരം. ഈ വിവരം അനുസരിച്ചുള്ള റിപ്പോർട്ടാണ് ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 200 പൊലീസുകാരെ മാത്രമാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. പ്രതീക്ഷിച്ചതിൽ അധികം ആളുകൾ എത്തിയതോടെ എം സി റോഡിൽ അടക്കം വലിയ രീതിയിൽ ഗതാഗത തടസ്സമുണ്ടായതും പ്രശ്നമായി.
പരിപാടിയിൽ പതിനയ്യായിരത്തോളം പേർ പങ്കെടുത്തുവെന്നാണ് കണക്ക്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫീൽഡ് ഓഫീസർക്ക് മെമ്മോ നൽകിയത്. തെറ്റായ എണ്ണം നൽകി ആഭ്യന്തര വകുപ്പിനെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് മെമ്മോയിൽ ഉള്ളത്.