Pinarayi Vijayan: ഏഴ് കിടപ്പുമുറികളുള്ള ക്ലിഫ് ഹൗസിൽ നിന്ന് പിണറായി വിജയന്‍ ഇനി പോവുക ചിന്താഫ്ലാറ്റിലെ ഒറ്റമുറിയിലേക്കോ?
Pinarayi Vijayan to move to Chinta Flat : ക്ലിഫ് ഹൗസ് ഉൾപ്പെടെയുള്ള മന്ത്രിമന്ദിരങ്ങളിൽ മരപ്പട്ടി ശല്യം രൂക്ഷമാണെന്ന് മുഖ്യമന്ത്രി തന്നെ പരസ്യമായി പറഞ്ഞത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പത്ത് വർഷത്തെ ക്ലിഫ് ഹൗസിലെ താമസത്തിന് ശേഷം പാർട്ടി ഫ്ലാറ്റിലേക്ക് മാറുന്ന പിണറായി വിജയൻ, വരും ദിവസങ്ങളിൽ സിപിഎമ്മിന്റെ സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് സൂചന.
നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിയുന്നു. തിരുവനന്തപുരം എകെജി സെന്ററിന് സമീപമുള്ള ചിന്താ ഫ്ലാറ്റിലായിരിക്കും അദ്ദേഹത്തിന്റെ തുടർന്നുള്ള താമസം. സിപിഎം പോളിറ്റ് ബ്യൂറോ (P B) അംഗങ്ങൾക്ക് പാർട്ടി അനുവദിക്കുന്ന ചിന്താ ഫ്ലാറ്റിലെ മൂന്നാം നിലയിലെ 3A, 3B എന്നീ മുറികളാണ് പിണറായി വിജയനായി സജ്ജീകരിക്കുന്നത്.
വിവാദങ്ങൾ വിടാതെ ക്ലിഫ് ഹൗസ്
കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി സർക്കാരിന്റെ ഭരണത്തിൻ കീഴിൽ നിരവധി വിവാദങ്ങളിൽ നിറഞ്ഞ പേരായിരുന്നു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്. 15,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ വസതിയിൽ ഏഴ് കിടപ്പുമുറികളും ഒരു കോൺഫറൻസ് ഹാളും ഒരു ഓഫീസ് മുറിയുമുണ്ട്. 4.2 ഏക്കർ വിസ്തൃതിയിലാണ് ക്ലിഫ് ഹൗസ് കോംപൗണ്ട് വ്യാപിച്ചു കിടക്കുന്നത്.
ക്ലിഫ് ഹൗസുമായി ബന്ധപ്പെട്ട് ഉയർന്ന പ്രധാന വിവാദങ്ങൾ ഇവയാണ്
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ക്ലിഫ് ഹൗസിലെ നീന്തൽക്കുളം മോടിപിടിപ്പിക്കാൻ ലക്ഷങ്ങൾ ചെലവിട്ടത് വലിയ രാഷ്ട്രീയ ആയുധമായിരുന്നു. 2016 മെയ് മുതൽ 2022 നവംബർ വരെ മാത്രം 31.92 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. വസതിക്കുള്ളിൽ ലിഫ്റ്റ് സ്ഥാപിക്കാനായി 25.50 ലക്ഷം രൂപ അനുവദിച്ചതും പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.
ക്ലിഫ് ഹൗസ് ഉൾപ്പെടെയുള്ള മന്ത്രിമന്ദിരങ്ങളിൽ മരപ്പട്ടി ശല്യം രൂക്ഷമാണെന്ന് മുഖ്യമന്ത്രി തന്നെ പരസ്യമായി പറഞ്ഞത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പത്ത് വർഷത്തെ ക്ലിഫ് ഹൗസിലെ താമസത്തിന് ശേഷം പാർട്ടി ഫ്ലാറ്റിലേക്ക് മാറുന്ന പിണറായി വിജയൻ, വരും ദിവസങ്ങളിൽ സിപിഎമ്മിന്റെ സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് സൂചന.
ക്ലിഫ് ഹൗസിന്റെ പ്രത്യേകതകൾ
കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ക്ലിഫ് ഹൗസ്. തിരുവനന്തപുരം നഗരത്തിലെ നന്ദൻകോട് എന്ന സ്ഥലത്താണ് ഈ ചരിത്രപ്രസിദ്ധമായ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഏകദേശം 4.2 ഏക്കർ കോംപൗണ്ടിലായി 15,000 ചതുരശ്ര അടിയിലാണ് ഈ ഇരുനില മന്ദിരം സ്ഥിതി ചെയ്യുന്നത്. ഏഴ് കിടപ്പുമുറികൾ, ഒരു വിശാലമായ ഓഫീസ് മുറി, കോൺഫറൻസ് ഹാൾ എന്നിവ ഇവിടെയുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമായി പ്രത്യേക ബ്ലോക്കുകൾ കോംപൗണ്ടിനുള്ളിലുണ്ട്. കൂടാതെ കാലിത്തൊഴുത്ത്, കൃഷിസ്ഥലം, നീന്തൽക്കുളം എന്നിവയും ക്ലിഫ് ഹൗസിലുണ്ട്. തിരുവിതാംകൂർ ഭരണകാലത്ത് രാജകുടുംബത്തിലെ ഉദ്യോഗസ്ഥർക്കായി നിർമ്മിച്ച കെട്ടിടമാണിത്.
കേരള സംസ്ഥാനം രൂപീകൃതമായ ശേഷം 1957-ൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് മുതൽ മിക്ക മുഖ്യമന്ത്രിമാരും ഇവിടെയാണ് താമസിച്ചിരുന്നത്.
ചിന്താ ഫ്ലാറ്റ്
തിരുവനന്തപുരം പാളയത്തിന് സമീപം, എ.കെ.ജി സെന്ററിന് തൊട്ടടുത്തായാണ് ചിന്താ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. ഇത് നേതാക്കൾക്ക് പാർട്ടി ആസ്ഥാനത്തേക്ക് എളുപ്പത്തിൽ എത്താൻ സഹായിക്കുന്നു. സി.പി.ഐ.എം പാർട്ടി വകയിലുള്ളതാണ് ഈ ഫ്ലാറ്റ്. പാർട്ടിയുടെ ഉന്നതതല തീരുമാനങ്ങൾ എടുക്കുന്ന പി.ബി (Polit Bureau) അംഗങ്ങൾക്കാണ് ഇവിടെ മുറികൾ അനുവദിക്കുന്നത്. സാധാരണയായി പാർട്ടി ജനറൽ സെക്രട്ടറിമാരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന പി.ബി അംഗങ്ങളും തിരുവനന്തപുരത്ത് ഉള്ളപ്പോൾ ഇവിടെയാണ് താമസിക്കാറുള്ളത്. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ കുടുംബവും ദീർഘകാലം ഇവിടെ താമസിച്ചിരുന്നു.
English Summary
Following the LDF’s defeat in the assembly elections, Pinarayi Vijayan has resigned as Chief Minister and is moving from the official residence, Cliff House, to a party-allotted apartment at Chintha Flat. His decade-long stay at Cliff House was marked by several controversies, including expensive renovations to the swimming pool and the installation of a lift amidst the state’s financial crisis.