BJP Election Campaign: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി; കേസെടുത്ത് പോലീസ്
BJP Worker Molested Housewife Allegation: ബിജെപി പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി. സ്ഥാനാർത്ഥിയ്ക്കൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചെന്നാണ് പരാതി.

ബിജെപി
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി. തിരുവനന്തപുരം മംഗലപുരത്ത് ബിജെപി സ്ഥാനാർത്ഥിക്കൊപ്പം വോട്ട് ചോദിച്ചെത്തിയ പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചെന്നാണ് പരാതി. സംഭവത്തിൽ മംഗലപുരം പോലീസ് കേസെടുത്തു.
മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലാണ് സംഭവം. ഈ മാസം 21 ന് വൈകിട്ട് 3.30ഓടെ പ്രചാരണത്തിനെത്തിയ ബിജെപി സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകൻ രാജുവാണ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയത്. വോട്ടുചോദിച്ച് മടങ്ങുമ്പോൾ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളമെടുക്കാൻ അകത്തേക്ക് പോയ വീട്ടമ്മയുടെ പിന്നാലെ ചെന്ന രാജു ഇവരെ കയറിപ്പിടിച്ചു. വീട്ടമ്മ അലറിവിളിച്ചതോടെ രാജു ഇറങ്ങിയോടുകയായിരുന്നു. കേസെടുത്ത സാഹചര്യത്തിൽ രാജു ഒളിവിൽ പോയെന്നാണ് വിവരം. രാജു ഭാരവാഹിയല്ലെന്നും അനുഭാവി മാത്രമാണെന്നുമാണ് പാർട്ടി അവകാശപ്പെടുന്നത്.
ബിജെപിക്ക് പറ്റിയ അബദ്ധം
പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 34,363 വീടുകൾ നിർമ്മിച്ചെന്ന ബിജെപിയുടെ അവകാശവാദത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 260 കോടി രൂപ കൊണ്ട് 34,363 വീടുകൾ നിർമ്മിച്ചെന്നാണ് ബിജെപി കേരളത്തിൻ്റെ അവകാശവാദം. തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ഈ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയ രംഗത്തുവന്നിരിക്കുകയാണ്.
260 കോടി രൂപ കൊണ്ട് 34,363 വീട് പണിയണമെങ്കിൽ ഒരു വീടിന് ഏകദേശം 75,600 രൂപയാണ് ചിലവ് വരിക എന്ന് സോഷ്യൽ മീഡിയ പറയുന്നു. ഈ പണം കൊണ്ട് ഒരു വീട് പണിയുക അസാധ്യമാണെന്നും ഈ പോസ്റ്റിൻ്റെ കമൻ്റ് ബോക്സിൽ പലരും കുറിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയുടെ പേര് മാറ്റി ലൈഫ് മിഷൻ എന്നാക്കിയ സംസ്ഥാന സർക്കാർ ജനങ്ങളെ പറ്റിക്കുകയാണ് എന്നാണ് ബിജെപിയുടെ ആരോപണം.