President Droupadi Murmu Kerala Visit: രാഷ്ട്രപതി ഇന്ന് ശിവഗിരിയിലേക്കും, പാലായിലേക്കും; കോട്ടയത്ത് ഗതാഗത നിയന്ത്രണം
President Droupadi Murmu To Visit Sivagiri and Kottayam: രാഷ്ട്രപതിക്ക് ഇന്ന് കേരളത്തില്‍ പ്രധാനമായും മൂന്ന് പരിപാടികള്‍. ആദ്യം മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ അനാഛാദനം. തുടര്‍ന്ന് ശിവഗിരിയിലേക്ക്. പിന്നീട് പാലായിലേക്ക്
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ശിവഗിരിയും, കോട്ടയവും സന്ദര്‍ശിക്കും. മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ രാജ്ഭവനില്‍ ഇന്ന് രാവിലെ 10.30-ഓടെ രാഷ്ട്രപതി അനാഛാദനം ചെയ്യും. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ കേരള ഗവര്‍ണറും, നിലവില്‍ ബിഹാര്‍ ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് രാഷ്ട്രപതി ശിവഗിരിയിലേക്ക് പോകും.
ഉച്ചയ്ക്ക് ഒരു മണിയോടെ രാഷ്ട്രപതി ശിവഗിരിയിലെത്തും. ശ്രീനാരായണ ഗുരുവിന്റെ സമാധി ശതാബ്ദി ആചരണത്തിന്റെ മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം രാഷ്ട്രപതി നിര്‍വഹിക്കും. ഗവര്‍ണര്‍, മന്ത്രിമാരായ വിഎന്‍ വാസവന്‍, വി ശിവന്‍കുട്ടി, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് മൂന്ന് മണിയോടെ രാഷ്ട്രപതി കോട്ടയത്തേക്ക് പുറപ്പെടും.
പാലാ സെന്റ് തോമസ് കോളേജിലെ പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം ചെയ്യാനാണ് രാഷ്ട്രപതി എത്തുന്നത്. വൈകിട്ട് 3.50-ഓടെ രാഷ്ട്രപതി കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങും. 4.15നാണ് ഉദ്ഘാടനം. ജൂബിലി സ്മാരകമായ പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനവും ദ്രൗപദി മുര്‍മു നിര്‍വഹിക്കും. വൈകിട്ട് 5.10-ഓടെ കോട്ടയത്തേക്ക് പുറപ്പെടും. അവിടെ നിന്ന് കുമരകം താജ് റിസോര്‍ട്ടിലേക്ക് പോകുന്ന രാഷ്ട്രപതി ഇന്ന് അവിടെ തങ്ങും.
നാളെ രാവിലെ പതിനൊന്ന് മണിക്ക് രാഷ്ട്രപതി കൊച്ചിക്ക് തിരിക്കും. 11.35-ഓടെ കൊച്ചിയിലെത്തുന്ന രാഷ്ട്രപതിക്ക് നാവിക വിമാനത്താവളത്തില്‍ സ്വീകരണം നല്‍കും. 12 മണിക്ക് എറണാകുളം സെന്റ് തെരേസാസ് കോളേജിലെത്തും. കോളേജിലെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി വൈകിട്ട് ഡല്‍ഹിക്ക് മടങ്ങും.
കടുത്ത നിയന്ത്രണം
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കോട്ടയത്ത് കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കോട്ടയം, പാലാ, കുമരകം എന്നീ സ്ഥലങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ നാളെ 12 വരെ കോട്ടയം ജില്ലയില്‍ ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍, മൈക്രൈലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍ എന്നിവ പറത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തി.
കോട്ടയത്തെ പൊലീസ് ഗ്രൗണ്ട്, പാലാ സെന്റ് തോമസ് കോളേജ് മൈതാനം, മുനിസിപ്പല്‍ സ്റ്റേഡിയം, സിഎംഎസ് കോളേജ് മൈതാനം, നെഹ്‌റു സ്‌റ്റേഡിയം, കുമരകത്തെ താജ് ഹോട്ടല്‍, ജില്ലയിലെ മറ്റ് ഹെലിപാഡുകള്‍ എന്നിവയുടെ വ്യോമ മേഖലയിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ജില്ലയില്‍ ഇന്ന് സ്‌കൂളുകളുടെ പ്രവര്‍ത്തനസമയത്തിലും ക്രമീകരണം ഏര്‍പ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുമ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയും, നാളെ രാവിലെ 8.30ന് മുമ്പ് പ്രവര്‍ത്തനം ആരംഭിക്കുകയും വേണമെന്നാണ് നിര്‍ദ്ദേശം.