Attingal Murder Case: ഭാര്യയെന്ന് പരിചയപ്പെടുത്തി മുറിയെടുത്തു; ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട നിലയില്‍; ശരീരമാകെ കുപ്പിക്കൊണ്ട് കുത്തിയ പാടുകൾ
Woman Found Dead in Lodge: ഒപ്പം താമസിച്ച ഇതേ ലോഡ്ജിലെ ജീവനക്കാരനായ കോട്ടയം പുതുപ്പള്ളി സ്വദേശി ജോബി ജോര്‍ജിനെ കാണാനില്ല. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ച മുൻപാണ് ഇയാൾ ലോഡ്ജിൽ ജോലിക്കായി കയറിയത്.
തിരുവനന്തപുരം: ആറ്റിങ്ങലിൽ ലോഡ്ജ് മുറിയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ. കോഴിക്കോട് സ്വദേശിനി അസ്മിനയാണ് മൂന്നുമുക്കിലെ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിച്ച ഇതേ ലോഡ്ജിലെ ജീവനക്കാരനായ കോട്ടയം പുതുപ്പള്ളി സ്വദേശി ജോബി ജോര്‍ജിനെ കാണാനില്ല. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ച മുൻപാണ് ഇയാൾ ലോഡ്ജിൽ ജോലിക്കായി കയറിയത്.
ചൊവ്വാഴ്ച രാത്രിയാണ് ഇയാൾ അസ്മിനയെ ഭാര്യയെന്ന് പരിചയപ്പെടുത്തി ലോഡ്ജില്‍ മുറിയെടുത്തത്. തുടർന്ന് ഇന്നലെ രാവിലെ ഇരുവരെയും കാണാത്തതിനെത്തുടർന്ന് മുറി തുറന്നുനോക്കിയപ്പോഴാണ് കട്ടിലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ശരീരമാകെ കുപ്പി കൊണ്ട് കുത്തിയ പാടുകൾ കണ്ടെത്തിയതായും മുറിക്കുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും പോലീസ് പറഞ്ഞു.
Also Read:പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ അങ്കമാലിയിൽ യുവതിയ്ക്ക് ഭർത്താവിൽനിന്ന് ക്രൂരപീഡനം
ഇയാൾ ജോലിക്ക് പ്രവേശിക്കുമ്പോൾ തിരിച്ചറിയൽ രേഖകൾ ഒന്നും നൽകിയിരുന്നില്ല. ഇതിനു ശേഷമാണ് തന്റെ ഭാര്യയാണെന്ന് പറഞ്ഞ് അസ്മിനയെ ജോബി ലോഡ്ജിലേക്ക് കൊണ്ടുവന്നത്. ജോബിക്ക് പുറമെ മറ്റൊരാളും കൂടി ഈ മുറിയിലെത്തിയതായാണ് വിവരം. ജോബി പുലർച്ചെ ഹോട്ടലിൽ നിന്ന് പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്.
ജോബിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടു കുട്ടികളുടെ അമ്മയാണ് അസ്മിന. അസ്മിനയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തും.