AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Droupadi Murmu Sabarimala Visit: അയ്യനെ കാണാന്‍ രാഷ്ട്രപതി, ദ്രൗപദി മുര്‍മു ഇന്ന് ശബരിമലയിലെത്തും

President Droupadi Murmu Sabarimala Temple Visit: രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ശബരിമലയിലെത്തും. ഹെലികോപ്ടറില്‍ നിലയ്ക്കലിലെത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് പമ്പയിലേക്ക് പുറപ്പെടും. തുടര്‍ന്ന് കെട്ടുനിറച്ചശേഷം സന്നിധാനത്തെത്തും

Droupadi Murmu Sabarimala Visit: അയ്യനെ കാണാന്‍ രാഷ്ട്രപതി, ദ്രൗപദി മുര്‍മു ഇന്ന് ശബരിമലയിലെത്തും
രാഷ്ട്രപതിയെ മുഖ്യമന്ത്രി സ്വീകരിക്കുന്നു Image Credit source: facebook.com/PinarayiVijayan
jayadevan-am
Jayadevan AM | Published: 22 Oct 2025 06:47 AM

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും. രാവിലെ ഹെലികോപ്റ്ററില്‍ നിലയ്ക്കലിലെത്തും. തുടര്‍ന്ന് റോഡുമാര്‍ഗം പമ്പയിലേക്ക് പോകും. പമ്പയില്‍ വച്ച് ഇരുമുടിക്കെട്ട് നിറയ്ക്കും. അവിടെ നിന്ന് ദേവസ്വം ബോര്‍ഡിന്റെ ഗൂര്‍ഖാ വാഹനത്തില്‍ രാഷ്ട്രപതി സന്നിധാനത്തെത്തും. ഉച്ചയ്ക്ക് പന്ത്രണ്ടോടെ സന്നിധാനത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് ശേഷം വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്.

നാല് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഇന്നലെയാണ് കേരളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിച്ചു. ഇന്നലെ രാജ്ഭവനിലാണ് രാഷ്ട്രപതി തങ്ങിയത്.

മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമ നാളെ രാവിലെ 10.30ന് രാഷ്ട്രപതി അനാഛാദനം ചെയ്യും. തുടര്‍ന്ന് ഉച്ചയോടെ ഹെലികോപ്ടറില്‍ ശിവഗിരിയിലേക്ക് പോകുന്ന രാഷ്ട്രപതി അവിടെ ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണം ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് പാലായ്ക്ക് പുറപ്പെടും. വൈകിട്ട് പാലാ സെന്റ് തോമസ് കോളേജില്‍ എത്തുന്ന രാഷ്ട്രപതി പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.50-ഓടെ രാഷ്ട്രപതി കോളേജ് ഗ്രൗണ്ടിലെത്തും. 4.15നാണ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.

Also Read: അയ്യനെ കാണാൻ രാഷ്ട്രപതി കേരളത്തിലെത്തി; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവർണറും

പ്ലാറ്റിനം ജൂബിലി സ്മാരകമായി നിര്‍മിക്കുന്ന ബ്ലോക്കിന്റെ ശിലാഫലകം ദ്രൗപദി മുര്‍മു അനാഛാദനം ചെയ്യും. പരിപാടിക്ക് ശേഷം ഹെലികോപ്ടറില്‍ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിലെത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് കുമരകത്തേക്ക് പുറപ്പെടും. രാഷ്ട്രപതി കുമരകത്തെ റിസോര്‍ട്ടില്‍ നാളെ തങ്ങും.

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കോട്ടയത്ത് നാളെ ഉച്ചയ്ക്കും (ഒന്ന് മുതല്‍ വൈകിട്ട് ഏഴ് വരെ), 24ന് രാവിലെയും (രാവിലെ ആറു മുതല്‍ 11 വരെ) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. 24ന് കൊച്ചി സെന്റ് തെരേസാസ് കോളേജിലെ ശതാബ്ദി ആഘോഷ പരിപാടിയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും. അന്ന് വൈകിട്ട് 4.15ന് ഡല്‍ഹിയിലേക്ക് മടങ്ങും.