5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

PV Anwar: ‘ആത്മാഭിമാനം കുറച്ച് കൂടുതലാണ്- ‘; പോര് തുടർന്ന് പിവി അൻവർ; ഇന്ന് മാധ്യമങ്ങളെ കാണും

PV Anwar: സിപിഎം നിർദ്ദേശ പ്രകാരം പാർട്ടിയെ പ്രതിസന്ധിയിലാഴ്ത്തുന്ന പരസ്യ പ്രസ്താവനകൾ അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെയാണ് പിവി അൻവർ എംഎൽഎ ഇന്ന് മാധ്യമങ്ങളെ കാണുന്നത്.

PV Anwar: ‘ആത്മാഭിമാനം കുറച്ച് കൂടുതലാണ്- ‘; പോര് തുടർന്ന് പിവി അൻവർ; ഇന്ന് മാധ്യമങ്ങളെ കാണും
പി വി അൻവർ എംഎൽഎ (Image Credit: PV Anvar Facebook)
Follow Us
athira-ajithkumar
Athira CA | Published: 26 Sep 2024 12:28 PM

മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിർദേശം ലംഘിച്ച് വീണ്ടും മാധ്യമങ്ങളെ കാണാനൊരുങ്ങി നിലമ്പൂർ എംഎൽഎ പി.വി അൻവർ. ആത്മാഭിമാനം കൂടുതലാണെന്നും നീതിയില്ലെങ്കിൽ തീയാവുക എന്ന കുറിപ്പോടെയാണ് മാധ്യമങ്ങളെ കാണുന്ന കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. വെെകിട്ട് 4.30-ക്കാണ് മാധ്യമങ്ങളെ കാണുക.

‌ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

വിശ്വാസങ്ങൾക്കും,വിധേയത്വത്തിനും,താൽക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം.
അതിത്തിരി കൂടുതലുണ്ട്‌. “നീതിയില്ലെങ്കിൽ നീ തീയാവുക”എന്നാണല്ലോ.. ഇന്ന് വൈകിട്ട്‌ നാലരയ്ക്ക്‌ മാധ്യമങ്ങളെ കാണുന്നുണ്ട്‌.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്ക് എതിരെയും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിന് എതിരെയും രൂക്ഷ വിമർശനമാണ് പി വി അൻവർ ഉയർത്തിയിരുന്നത്. പൊതുസമൂഹത്തിന് മുന്നിൽ പാർട്ടിയെ പ്രതിസന്ധിയിലാഴ്ത്തിയ ഇത്തരം പരാമർശങ്ങളിൽ നിന്ന് അൻവർ വിട്ടുനിൽക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു. പാർട്ടി തീരുമാനം അനുസരിക്കുമെന്ന് പിവി അൻവർ വ്യക്തമാക്കിയിരുന്നു.

“പാർട്ടിയെ പ്രതിസന്ധിയിലാഴ്ത്തുന്ന പ്രസ്താവന ഈ നിമിഷം മുതൽ ഞാൻ താത്ക്കാലികമായി അവസാനിപ്പിക്കുകയാണ്.എന്റെ പാർട്ടിയിൽ എനിക്ക്‌ പൂർണ്ണവിശ്വാസമുണ്ട്‌. നീതി ലഭിക്കും എന്ന ഉറപ്പെനിക്കുണ്ട്‌. പാർട്ടിയാണ് എല്ലാത്തിനും മുകളിൽ. സാധാരണക്കാരായ ജനങ്ങളാണ് ഈ പാർട്ടിയുടെ അടിത്തറ. സഖാക്കളേ നാം മുന്നോട്ട്” എന്ന കുറിപ്പാണ് ഫേസ്ബുക്കിൽ അൻവർ പങ്കുവച്ചിരുന്നത്.

ഇന്നലെ എടവണ്ണ റിദാൻ ബാസിൽ കൊലക്കേസിൽ എഡിജിപിക്ക് പങ്കുണ്ടെന്ന ആരോപണവുമായി ഫേസ്ബുക്കിലൂടെ പി വി അൻവർ രം​ഗത്തെത്തിയിരുന്നു. കേസുമായി ബന്ധമുണ്ടെന്ന് താൻ സംശയിക്കുന്ന വ്യക്തി ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി തുടരുന്ന കാലത്തോളം ഈ കേസിൽ നീതിപൂർവ്വമായ അന്വേഷണം ഉണ്ടാകില്ലെന്ന് വ്യക്തമായെന്ന് അൻവർ ഫേസ്ബുക്കിൽ കുറിച്ചു. റിദാൻ ബാസിൽ കൊലക്കേസിൽ ദുരൂഹത ഉണ്ടെന്നും ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. പ്രത്യേക പൊലീസ് സംഘം കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയിരുന്നതായും അൻവർ പറഞ്ഞു.

നിലവിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്ന റി​ദാൻ ബാസിൽ കൊലക്കേസിൽ എടവണ്ണ പോലീസ്‌ പുതിയൊരു നീക്കം നടത്തിയിട്ടുണ്ട്‌. കൊല്ലപ്പെട്ട റിദാന്റെ കാണാതായ ഫോണുമായി ബന്ധപ്പെട്ട്‌ ചില സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും,അതിന്റെ അന്വേഷണത്തിനായി വിചാരണ നിർത്തി വയ്ക്കണം എന്നും ആവശ്യപ്പെട്ട്‌ അന്വേഷണ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം കോടതിയെ സമീപിക്കുകയും,കോടതി അത്‌ അനുവദിക്കുകയും ചെയ്തിട്ടുണ്ട്‌.

ഇത്രകാലവും ലഭിക്കാതിരുന്ന ഈ വിവരം കഴിഞ്ഞ ദിവസം തന്നെ,അതായത്‌ ഞാൻ ഈ ആരോപണം ഉയർത്തിയ ശേഷം എങ്ങനെ ലഭിച്ചു എന്നത്‌ അന്വേഷണവിധേയമാക്കേണ്ടതാണ്. പോലീസിന്റെ തലപ്പത്തുള്ള ചില ആരോപണവിധേയർക്ക്‌ കരിപ്പൂരിലെ സ്വർണ്ണക്കടത്ത്‌ ഇടപാടുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ റിദാന്റെ ഐഫോണിൽ ഉണ്ടായിരുന്നെന്നും,ആ തെളിവ്‌ നശിപ്പിക്കാൻ വേണ്ടി റിദാനെ കൊലപ്പെടുത്തുകയും,പിന്നീട്‌ ഈ ഫോൺ കാണാതാവുകയും ചെയ്തിട്ടുണ്ട്‌. ഇതാണ് കേസിൽ ദുരൂഹത ഉയർത്തുന്നത്. അന്വേഷണം അട്ടിമറിക്കാനുള്ള കൃത്യമായ ഗൂഡാലോചന നടക്കുന്നുണ്ട്.

ഈ വിഷയം സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്താതെ നിർവ്വാഹമില്ല. പുതിയ അന്വേഷണ സംഘം ഈ കേസിന്റെ പുനരന്വേഷണം നടത്തുകയും വേണം. റിദാന്റെ കുടുംബത്തിന് താൻ ഇടപെട്ടതിന്റെ പേരിൽ നീതി നിഷേധിക്കപ്പെടരുത്‌ എന്ന നിർബന്ധം തനിക്കുണ്ട്‌. നാളെ ഒരു കാലത്ത്‌ പി.വി.അൻ വർ ഇക്കാര്യം വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയില്ല എന്ന പരാതി ഉയരാൻ പാടില്ല.എന്നതിനാൽ ഈ വിഷയം നിങ്ങൾ പൊതുസമൂഹത്തിന്റെ കൂടി ശ്രദ്ധയിപ്പെടുത്തുന്നു എന്ന് മാത്രം.

Latest News