5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ragging: ഷർട്ട് വലിച്ചുകീറി മുട്ടുകാലിൽ നിർത്തി; കുടിയ്ക്കാൻ കൊടുത്തത് തുപ്പിയ വെള്ളം: കാര്യവട്ടം സർക്കാർ കോളജിലും അതിക്രൂര റാഗിങ്

Government College Kariavattom Ragging: കാര്യവട്ടം ഗവണ്മെൻ്റ് കോളജിൽ റാഗിങ് നടന്നതായി ബയോ ടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതി. ഏഴ് മൂന്നാം വർഷ ബിരുദവിദ്യാർത്ഥികൾക്കെതിരെയാണ് പരാതി ആൻ്റി റാഗിങ് കമ്മറ്റി നടത്തിയ അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Ragging: ഷർട്ട് വലിച്ചുകീറി മുട്ടുകാലിൽ നിർത്തി; കുടിയ്ക്കാൻ കൊടുത്തത് തുപ്പിയ വെള്ളം: കാര്യവട്ടം സർക്കാർ കോളജിലും അതിക്രൂര റാഗിങ്
റാഗിങ്
abdul-basith
Abdul Basith | Published: 18 Feb 2025 07:18 AM

കാര്യവട്ടം ഗവണ്മെൻ്റ് കോളജിൽ റാഗിങ് നടന്നതായി പരാതി. ബയോ ടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസ് ആണ് ഇക്കാര്യത്തിൽ കോളജ് പ്രിൻസിപ്പലിനും കഴക്കൂട്ടം പോലീസിനും പരാതിനൽകിയത്. അഭിഷേക് എന്ന് മറ്റൊരു വിദ്യാർത്ഥിയും റാഗിങ് പരാതിനൽകിയെന്ന് സൂചനയുണ്ട്. സംഭവത്തിന് പിന്നാലെ ആൻ്റി റാഗിങ് കമ്മറ്റി നടത്തിയ അന്വേഷണത്തിൽ റാഗിങ് നടന്നതായി സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് കണ്ടെത്തൽ.

ഏഴ് മൂന്നാം വർഷ ബിരുദവിദ്യാർത്ഥികൾക്കെതിരെയാണ് പരാതി. കഴിഞ്ഞ മാസം 11ന് കോളജിൽ സീനിയർ – ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ അടിപിടി ഉണ്ടായിരുന്നു. അടിപിടിക്കിടെ ബിൻസ് ജോസിൻ്റെ സുഹൃത്തായ അഭിഷേകിന് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റു. സംഭവത്തിൽ പോലീസ് കേസെടുക്കുകയും ചെയ്തു. പിന്നാലെ അഭിഷേകിനെ അന്വേഷിച്ചെത്തിയ മുതിർന്ന വിദ്യാർത്ഥികൾ ബിൻസിനെ പിടിച്ചുകൊണ്ടുപോയി. ബിൻസിനെ സീനിയർ വിദ്യാർത്ഥികൾ യൂണിറ്റ് റൂമിലെത്തിച്ച് സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. ഷർട്ട് വലിച്ചുകീറി മുട്ടുകാലിൽ നിർത്തി. മുട്ടുകുത്തി നിൽക്കാനുള്ള ആഞ്ജ നിരസിച്ച ബിൻസിൻ്റെ മുഖത്തും മുതുകിലും അടിച്ചു. നിലത്തുവീണ ബിൻസിനെ വീണ്ടും മർദ്ദിച്ചു. മർദ്ദിച്ചവശനാക്കിയ വിദ്യാർത്ഥിയെ 15 മിനിട്ടോളം മുട്ടുകുത്തി നിർത്തി. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ സീനിയർ വിദ്യാർത്ഥികളിൽ ഒരാൾ ഒരു കുപ്പിവെള്ളമെടുത്ത് അതിൽ തുപ്പിയശേഷം ആ വെള്ളം നിർബന്ധിച്ച് കുടിപ്പിച്ചു. എന്നിട്ട് വീണ്ടും മർദ്ദിക്കുകയായിരുന്നു എന്നും പരാതിയിലുണ്ട്. അഭിഷേകിനെ യൂണിയൻ ഓഫീസിലെത്തിച്ച് മർദ്ദിച്ചു എന്നും റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ അവസാന വർഷ ബിഎസ്‌സി വിദ്യാർത്ഥികളായ അലന്‍, അനന്തന്‍, വേലു, ഇമ്മാനുവൽ, ശ്രാവൺ, സൽമാൻ തുടങ്ങി ഏഴ് പേർക്കെതിരെയാണ് പരാതി. പ്രിൻസിപ്പലിൻ്റെ റിപ്പോർട്ട് പരിഗണിച്ച് റാഗിങിന് കേസെടുക്കുമെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Also Read: V Sivankutty: ‘സംസ്ഥാനത്ത് റാഗിങ് പൂർണമായി ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല, റാഗിങ് വിരുദ്ധ സെല്ലുകൾ ആരംഭിക്കുന്നത് പരിഗണനയിൽ’: മന്ത്രി വി ശിവൻകുട്ടി

‘റാഗിങ് പൂർണമായി ഇല്ലാതാക്കാനായിട്ടില്ല’
സംസ്ഥാനത്ത് റാഗിങ് പൂർണമായി ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് വിരുദ്ധസെല്ലുകൾ കൊണ്ടുവരുന്ന കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നുണ്ട്. സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെങ്കിലും സമൂഹനന്മയ്ക്ക് നിരക്കാത്ത റാഗിങ് പോലുള്ള സംഭവങ്ങൾ നടക്കുന്നുണ്ട്. ഇത് തടയാൻ നടപടി സ്വീകരിക്കും. ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ശ്രദ്ധ നൽകും. കോളജിൽ ചെല്ലുമ്പോൾ എങ്ങനെ പെരുമാറണമെന്നത് മനസിലാക്കാൻ റാഗിങ്ങ് വിരുദ്ധ സെല്ലിന്റെ പ്രവർത്തനത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.