Rahul Mamkootathil: ‘അധിക്ഷേപിച്ച് നിശബ്ദയാക്കാൻ ശ്രമം’; അനിയനെപ്പോലെ കണ്ട വ്യക്തിയാണ് ഫെന്നിയെന്ന് അതിജീവിത
Survivor Against Fenni Ninan: ഫെന്നി നൈനാനെതിരെ അതിജീവിത. അധിക്ഷേപിച്ച് നിശബ്ദനാക്കാനാണ് ഫെന്നിയുടെ ശ്രമമെന്ന് യുവതി ആരോപിച്ചു.

ഫെന്നി നൈനാൻ
യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാനെതിരെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതിനൽകിയ മൂന്നാമത്തെ യുവതി. തന്നെ അധിക്ഷേപിച്ച് നിശബ്ദയാക്കാനാണ് ഫെന്നി നൈനാൻ ശ്രമിക്കുന്നതെന്ന് അതിജീവിത മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ അനിയനെപ്പോലെ കണ്ട വ്യക്തിയാണ് ഫെന്നിയെന്നും യുവതി ശബ്ദസന്ദേശത്തിൽ പറഞ്ഞു.
വാലും തലയും ഇല്ലാത്ത വാട്സപ്പ് ചാറ്റുകളാണ് ഫെന്നി പങ്കുവച്ചത് എന്ന് അതിജീവിത പറഞ്ഞു. തൻ്റെ അവസ്ഥയെപ്പറ്റി രാഹുലിനോട് വ്യക്തിപരമായി സംസാരിക്കാൻ സാഹചര്യം വേണമെന്നായിരുന്നു തൻ്റെ ആവശ്യം. ഇതാണ് ഫെന്നി പുറത്തുവിട്ടത്. ഒറ്റയ്ക്കല്ല താൻ വരുന്നതെന്ന് പറഞ്ഞു. എന്നാൽ, പീഡിപ്പിച്ചയാളെ വീണ്ടും കാണണമെന്ന് പറയുന്ന ഭാഗം മാത്രം പുറത്തുവിട്ട് അപകീർത്തിപ്പെടുത്താനാണ് ഫെന്നി ശ്രമിച്ചത്. കൂടുതല്‍ ഇരകള്‍ പുറത്തുവരുന്നത് തടയുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
2024ലാണ് ഫെന്നിയെ പരിചയപ്പെട്ടത്. 2025 നവംബർ വരെ സൗഹൃദം തുടർന്നിട്ടുണ്ട്. താൻ അനിയനെപ്പോലെയാണ് ഫെന്നിയെ കണ്ടത്. രാഹുലിൻ്റെ അടുത്ത സുഹൃത്തെന്ന നിലയിലാന് ഫെന്നിയോട് സംസാരിച്ചത്. തനിക്കെതിരെ രാഹുൽ നടത്തിയ അതിക്രമങ്ങൾ പുറത്തുപറയരുതെന്ന് ഫെന്നി ആവശ്യപ്പെട്ടിരുന്നു. ട്രോമയുടെ സമയത്ത് പിന്തുണ നൽകുന്ന തരത്തിലായിരുന്നു ഫെന്നിയുടെ ഇടപെടൽ. ചുറ്റുമുള്ളത് ആരാധകരാണെന്നും രാഹുലിൻ്റെ ജീവിതത്തിൽ മറ്റ് പെൺകുട്ടികളില്ലെന്നും ഫെന്നി ഉറപ്പുനൽകിയിരുന്നു. 2025 ഓഗസ്റ്റിൽ പുറത്തുവന്ന വാർത്തകളിലൂടെയാണ് രാഹുലിന് നിരവധി പേരുമായി ബന്ധമുണ്ടെന്നറിഞ്ഞത്. ഇക്കാര്യം രാഹുലുമായി സംസാരിച്ചപ്പോൾ അതൊക്കെ മാധ്യമസൃഷ്ടിയാണെന്ന് പറഞ്ഞു.
അമ്മയും സഹോദരിയും എല്ലാം തളർന്നിരിക്കുകയാണ്, നേരിട്ട് കാണുന്നതിലും നല്ലത് വിഷം വാങ്ങി നൽകുകയാണെന്ന് രാഹുൽ പറഞ്ഞു. ആരോപണങ്ങൾ ഉയർന്നതിന് ശേഷം പാലക്കാട് വച്ച് കാണാമെന്ന് പറഞ്ഞപ്പോൾ ഫെന്നിയുമായി ബന്ധപ്പെടാൻ പറഞ്ഞു. ഇരുവരും തന്നെ ഒഴിവാക്കാൻ ശ്രമിച്ചു. പാലക്കാട് എത്തിയ ഒരു ദിവസം മുഴുവൻ തന്നെ ഓടിച്ചു എന്നും യുവതി പറഞ്ഞു.