Ramya Haridas: രമ്യ ഹരിദാസ് തലസ്ഥാനത്തേക്ക് വരേണ്ട; മത്സരിച്ചാൽ സഹകരിക്കില്ലെന്ന് ദളിത് കോൺഗ്രസ്
Ramya Haridas: കെപിസിസി ഭാരവാഹിയായ മൺവിള രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ദളിത് കോൺഗ്രസ് നേതാക്കൾ കെപിസിസി പ്രസിഡണ്ടിനെ നേരിൽകണ്ട് രമ്യാ ഹരിദാസിനെ തിരുവനന്തപുരം ജില്ലയിൽ വേണ്ട....
രമ്യാ ഹരിദാസിനെ തിരുവനന്തപുരം ജില്ലയിൽ മത്സരിപ്പിക്കാനുള്ള കോൺഗ്രസ് നേതാക്കളുടെ നീക്കത്തിനെതിരെ ദളിത് സംഘടനയുടെ പ്രതിഷേധം. രമ്യ സ്ഥാനാർത്ഥിയാക്കിയാൽ സഹകരിക്കില്ലെന്ന് ജില്ലയിലെ ദളിത് കോൺഗ്രസ് നേതാക്കൾ കെപിസിസി പ്രസിഡണ്ടിനെ അറിയിച്ചു. കൂടാതെ തിരുവനന്തപുരം ജില്ലയിലേക്ക് വരരുതെന്ന് രമ്യ ഹരിദാസിനോട് നേതാക്കൾ നേരിട്ടും പറഞ്ഞു. എന്നാൽ സംഭവത്തിൽ തീരുമാനമെടുത്തിട്ടില്ല എന്നാണ് സണ്ണി ജോസഫും പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ ആകുമോ എന്ന് രമ്യ ഹരിദാസും എതിർപ്പുമായി എത്തിയ നേതാക്കളോട് പ്രതികരിച്ചു.
ചേലക്കരയിൽ തോറ്റ രമ്യ ഹരിദാസിനെ തിരുവനന്തപുരം ജില്ലയിൽ മത്സരിപ്പിക്കാനുള്ള ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ സംവരണ മണ്ഡലങ്ങളാണ് ചിറയിൻകീഴും ആറ്റിങ്ങലും. ഇതിൽ തന്നെ കോൺഗ്രസിന് ജയിക്കാനുള്ള സാധ്യത കൂടിയ ചിറയിൻകീഴിൽ രമ്യ ഹരിദാസിനെ നിർത്താൻ മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന ചില നേതാക്കൾ പ്രവർത്തിക്കുന്നു എന്നാണ് പാർട്ടിക്കുള്ളിൽ ഉയരുന്ന സംസാരം. അങ്ങനെയൊരു നീക്കം ഉണ്ടെങ്കിൽ അത് തുടക്കത്തിൽ തന്നെ ഇല്ലാതാക്കാനാണ് ജില്ലയിലെ ദളിത് നേതാക്കളുടെ തീരുമാനം. കെപിസിസി ഭാരവാഹിയായ മൺവിള രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ദളിത് കോൺഗ്രസ് നേതാക്കൾ കെപിസിസി പ്രസിഡണ്ടിനെ നേരിൽകണ്ട് രമ്യാ ഹരിദാസിനെ തിരുവനന്തപുരം ജില്ലയിൽ വേണ്ട എന്ന് അറിയിച്ചതാണ് റിപ്പോർട്ട്.