Railway Update: എറണാകുളത്ത് നിന്ന് ബീഹാറിലേക്ക് സ്പെഷ്യൽ ട്രെയിൻ; സർവീസ് ആരംഭിക്കുക ഈ മാസം 23ന്
Ernakulam To Bihar Special Train: എറണാകുളത്ത് നിന്ന് ബീഹാറിലെ ബരൗണിയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ്. ഒക്ടോബർ 23നാണ് സർവീസ് ആരംഭിക്കുക.

പ്രതീകാത്മക ചിത്രം
എറണാകുളത്ത് നിന്ന് ബീഹാറിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. എറണാകുളം ജംഗ്ഷനിൽ നിന്ന് ബീഹാറിലെ ബരൗണിയിലേക്കാണ് പ്രത്യേക ട്രെയിൻ സർവീസ് ഏർപ്പെടുത്തിയത്. നിലവിൽ എറണാകുളം ജംഗ്ഷനിൽ നിന്ന് തന്നെ പുറപ്പെടുന്ന രപ്തിസാഗർ എക്സ്പ്രസ് മാത്രമാണ് കേരളത്തിൽ നിന്ന് ബരൗണിയിലേക്കുള്ള ട്രെയിൻ സർവീസ്.
ബരൗണിയിലേക്കുള്ള വൺ വേ സ്പെഷ്യൽ ട്രെയിനാണ് ഇത്. ട്രെയിൻ നമ്പർ 06183. ബരൗണിയിൽ നിന്ന് തിരികെ സർവീസ് നടത്തില്ല. ഒക്ടോബർ 23, വ്യാഴാഴ്ച രാവിലെ 10 മണിക്ക് എറണാകുളം ജംഗ്ഷനിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കും. ഒക്ടോബർ 25, ശനിയാഴ്ച രാത്രി എട്ട് മണിക്ക് സർവീസ് ബരൗണിയിലെത്തും.
ആറ് സ്ലീപ്പർ ക്ലാസ് കോച്ചുകളും 12 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളുമാണ് ട്രെയിനിലുള്ളത്. എറണാകുളം വിട്ടാൽ ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ മാത്രമേ കേരളത്തിൽ സ്റ്റോപ്പുകളുള്ളൂ. ഇവിടെനിന്ന് കോയമ്പത്തൂർ വഴിയാണ് പിന്നീട് യാത്ര തുടരുന്നത്.
ഗുരുവായൂർ – മധുര എക്സ്പ്രസിന് കൊല്ലം പെരിനാട് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യനാണ് ഉദ്ഘാടനം നിർവഹിച്ചത്. എൻ കെ പ്രേമചന്ദ്രൻ എംപി, എം മുകേഷ് എംഎൽഎ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
മധുരൈ – ഗുരുവായൂർ എക്സ്പ്രസ് (ട്രെയിൻ നമ്പർ 16328) പകൽ 11.18ന് പെരിനാട് സ്റ്റേഷനിൽ എത്തിച്ചേരും. തിരികെ ഗുരുവായൂരിൽ നിന്ന് മധുരയിലേക്കുള്ള യാത്രയിൽ (ട്രെയിൻ നമ്പർ 16327) രാത്രി 07.53നാണ് ട്രെയിൻ പെരിനാട് എത്തുക.