Railway Update: പ്രത്യേക ട്രെയിനുകളും സർവീസ് ദീർഘിപ്പിക്കലും; പൂജ, ദീപാവലി ആഘോഷങ്ങളിൽ ആവേശത്തോടെ റെയിൽവേ
Special Trains During Pooja And Diwali Holidays: പൂജ, ദീപാവലി ആഘോഷത്തിനിടെ പ്രത്യേക ട്രെയിൻ സർവീസുകൾ. ഒരു പ്രത്യേക ട്രെയിൻ സർവീസ് ദീർഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പൂജ, ദീപാവലി ആഘോഷത്തോടനുബന്ധിച്ച് പ്രത്യേക ട്രെയിനുകളും സർവീസ് ദീർഘിപ്പിക്കലും പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ എഗ്മോറിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തുനിന്ന് ചെന്നൈ എഗ്മോറിലേക്കും രണ്ട് പ്രത്യേക ട്രെയിനുകളാണ് ദക്ഷിണ റെയിൽവേ ഏർപ്പെടുത്തിയത്. മറ്റ് ചില ട്രെയിനുകളുടെ സർവീസ് ദീർഘിപ്പിക്കുകയും ചെയ്തു.
ചെന്നൈ എഗ്മോറിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ഈ മാസം 30ന് 10.15ന് ഒരു സ്പെഷ്യൽ ട്രെയിൻ (ട്രെയിൻ നമ്പർ 06075) പുറപ്പെടും. ഒക്ടോബർ ഒന്ന് ഉച്ചകഴിഞ്ഞ് രണ്ട് അഞ്ചിന് ട്രെയിൻ ലക്ഷ്യസ്ഥാനത്തെത്തും. ഒക്ടോബർ അഞ്ചിന് ഇതേ റൂട്ടിൽ തിരിച്ച് മറ്റൊരു സ്പെഷ്യൽ ട്രെയിനും (ട്രെയിൻ നമ്പർ 06075) സർവീസ് നടത്തും. ഒക്ടോബർ അഞ്ചിന് വൈകുന്നേരം നാലരയ്ക്ക് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഒക്ടോബർ ആറിന് രാവിലെ 10.30ന് ചെന്നൈ എഗ്മോറിലെത്തും. ഈ ട്രെയിനുകൾക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
Also Read: Kerala rain at Navaratri: നവരാത്രി കഴിയുന്നത്തോടെ മഴ കളമൊഴിയും എന്ന് സൂചന, കാരണം ഇതാ
ചെന്നൈ സെൻട്രലിൽ നിന്ന് ചെങ്കോട്ട വരെ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06121 കോട്ടയം വരെ സർവീസ് നീട്ടി. ചെന്നൈയിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.10ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് ഉച്ചയ്ക്ക് 12.05ന് കോട്ടയത്തെത്തും. തിരികെ കോട്ടയത്തുനിന്ന് ചെന്നൈ സെൻട്രൽ വരെയും സർവീസുണ്ട്. ഉച്ചകഴിഞ്ഞ് 2.05ന് കോട്ടയത്തുനിന്നും പുറപ്പെടുന്ന ട്രെയിൻ നമ്പർ 06122 പിറ്റേന്ന് പുലർച്ചെ 11.30ന് ചെന്നൈ സെൻട്രലിൽ എത്തും. ഒക്ടോബറിലെ എല്ലാ ആഴ്ചകളിലും ഓരോ തവണ വച്ചാവും സർവീസ്.