Kerala Rain Alert: പകല്‍ കനത്ത ചൂട്, രാത്രിയില്‍ ഇടിവെട്ടി മഴ പെയ്യും; നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പ്
Kerala Weather Update September 10: മാന്നാര്‍ കടലിടുക്കിന് മുകളിലായും തെക്കന്‍ ഒഡീഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി രണ്ട് ചക്രവാതച്ചുഴികള്‍ നിലനില്‍ക്കുന്നതാണ് നിലവില്‍ മഴ ശക്തമാകുന്നതിന് കാരണം.

മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കനത്ത മഴയ്ക്കുള്ള സാഹചര്യം കണക്കിലെടുത്ത് ഇന്ന് (സെപ്റ്റംബര്‍ 10 ബുധന്‍) നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
യെല്ലോ അലര്‍ട്ട്
സെപ്റ്റംബര്‍ 10 ബുധന്‍- പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം
ഉച്ചയ്ക്ക് ശേഷം മലയോര മേഖലകളില്‍ മഴ ശക്തമാകാനാണ് സാധ്യത. ഇടിമിന്നലിനും സാധ്യതയുണ്ട്. എന്നാല്‍ പകല്‍ സമയത്ത് കനത്ത ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരുന്നുവെങ്കിലും മഴയുടെ അളവ് കുറവായിരുന്നു. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ചൂട് ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തു.
മാന്നാര്‍ കടലിടുക്കിന് മുകളിലായും തെക്കന്‍ ഒഡീഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി രണ്ട് ചക്രവാതച്ചുഴികള്‍ നിലനില്‍ക്കുന്നതാണ് നിലവില്‍ മഴ ശക്തമാകുന്നതിന് കാരണം. ഗുജറാത്ത് തീരത്തിനടുത്തായി ന്യൂനമര്‍ദവും തുടരുന്നുണ്ട്. ഇതേതുടര്‍ന്ന് മണിക്കൂറില്‍ 30 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read: Kerala Rain Alert: ചക്രവാത ചുഴി രൂപപ്പെട്ടു, കേരളത്തില്‍ മഴ ശക്തമാകും, കാലാവസ്ഥ മുന്നറിയിപ്പ്
കേരളാതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ കടലാക്രമണം ഉണ്ടകുമ്പോള്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളപ്പോള്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ മാറിത്താമസിക്കണം, വള്ളങ്ങളും ബോട്ടുകള്‍ കടലില്‍ ഇറക്കുന്നത് ഒഴിവാക്കി അവ കെട്ടിയിട്ട് സംരക്ഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പാലിക്കുക.