കമ്മീഷ്ണറും കുടുംബവും ഭയപ്പെട്ടത് എന്ത്? അടുക്കളയിൽ കത്തിച്ച പേപ്പറുകളിൽ?
Kochi Customs Commissioner Family's Death: കഴിഞ്ഞ നാല് മാസമായി മനീഷ് ജീവനക്കാർക്കായുള്ള ഇൻഡിപെൻഡൻ്റ് ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. സഹപ്രവർത്തകർ പറയുന്നത് പ്രകാരം മനീഷ് കഴിഞ്ഞ ഒരാഴ്ചയായി അവധിയിലായിരുന്നു
കൊച്ചി: കസ്റ്റംസ് അഡീഷണൽ കമ്മീഷണറും കുടുംബവും ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതകൾ ഒന്നൊന്നായി അഴിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. മരിച്ച കമ്മീഷ്ണർ മനീഷ് വിജയ് യും കുടുംബവും എന്തിനെയെങ്കിലും ഭയപ്പെട്ടിരുന്നോ എന്ന് അറിയേണ്ടതുണ്ട്. മനീഷിനെ കൂടാതെ സഹോദരി ശാലിനി, അമ്മ ശകുന്തള എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ താമസിച്ചിരുന്ന വീടിൻ്റെ അടുക്കളയിൽ ചില രേഖകൾ കത്തിച്ചതായി ലക്ഷണമുണ്ട്. ഇത് എന്താണെന്നതിൽ വ്യക്തത വന്നിട്ടില്ല. വീട്ടിൽ നിന്നും ലഭിച്ച ഡയറിയിൽ നിന്നും ലഭിച്ച ചില വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇത് കൂട്ട ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകളാണോ എന്നതിൽ വ്യക്തത ലഭിക്കാനുണ്ട്. മരണ വിവരം വിദേശത്ത് കഴിയുന്ന സഹോദരിയെ അറിയിക്കണമെന്ന് ഡയറിയിലെ കുറിപ്പിലുണ്ടായിരുന്നു. ജാർഖണ്ഡ് പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തിയ പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെ കേസിൽ സിബിഐ ചോദ്യം ചെയ്യാനായി വിളിപ്പിക്കാനിരിക്കെയാണ് ഇവരുടെ ആത്മഹത്യ എന്നും ചില വിവരങ്ങളുണ്ട്.
കഴിഞ്ഞ നാല് മാസമായി മനീഷ് ജീവനക്കാർക്കായുള്ള ഇൻഡിപെൻഡൻ്റ് ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി മനീഷ് അവധിയിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. വ്യാഴാഴ്ച അദ്ദേഹം ഓഫീസിൽ തിരിച്ചെത്തേണ്ടതായിരുന്നെങ്കിലും ആളെ കാണാതായതോടെ ഓഫീസിലെ ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. വൈകുന്നേരത്തോടെ, രണ്ട് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിലെത്തി പരിശോധിക്കുകയായിരുന്നു. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പ്രദേശത്ത് കടുത്ത ദുർഗന്ധം വമിച്ചതിനാൽ, ചുറ്റുപാടുകൾ പരിശോധിക്കുകയും അകത്ത് എന്താണ് സംഭവിച്ചതെന്ന് അറിയാൻ ജനാല തുറന്ന് നോക്കിയപ്പോഴാണ് വീടിന്റെ അടുക്കളയോട് ചേർന്നുള്ള ഒരു മുറിയുടെ മേൽക്കൂരയിൽ മനീഷിനെയും സഹോദരിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിനടുത്തായി ഒരു കുടുംബ ഫോട്ടോ
മനീഷിൻ്റെ അമ്മ ശകുന്തളയുടെ മൃതദേഹം കിടപ്പുമുറിയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തി. ശകുന്തളയുടെ മൃതദേഹത്തിനടുത്തായി ഒരു കുടുംബ ഫോട്ടോ വെച്ചിരുന്നു. ഇവർ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മരിച്ചതായും മൃതദേഹങ്ങൾ അഴുകിയ നിലയിലാണെന്നും പോലീസ് കണ്ടെത്തി.
തൃക്കാക്കര പോലീസ് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു. വീട്ടിൽ നിന്ന് ഒരു ഡയറിയും നിരവധി പുസ്തകങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലം പരിശോധിച്ചു.
2011 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനായിരുന്നു മനീഷിന്. കഴിഞ്ഞ വർഷം കൊച്ചിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. മുൻപ് കോഴിക്കോട് കസ്റ്റംസ് ജോയിന്റ് കമ്മീഷണറായി (പ്രിവന്റീവ് വിഭാഗം) സേവനമനുഷ്ഠിച്ചിരുന്നു. സഹോദരി ശാലിനി ജാർഖണ്ഡ് ഗവൺമെന്റ് സർവീസ് പരീക്ഷയിൽ വിജയിക്കുകയും നിയമനത്തിനായി കാത്തിരിക്കുകയുമായിരുന്നു.