സർക്കാരിന് നഷ്ടം 2.20 കോടി: ജവാൻ റം നിർമ്മിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സിലെ വൻ സ്പിരിറ്റ് മോഷണം എക്സൈസ് ഒതുക്കിത്തീർത്തു; ഗുരുതര കണ്ടെത്തലുകളുമായി സി.എ.ജി റിപ്പോർട്ട്
The Rs 2.20 Crore Cover-Up: How the Excise Department Shielded a Massive Spirit Theft at Travancore Sugars: 2021 ജൂൺ 30-നാണ് മോഷണം ആദ്യമായി പുറത്തറിയുന്നത്. ഡിസ്റ്റിലറിയിലേക്ക് 40,000 ബൾക്ക് ലിറ്റർ വീതം സ്പിരിറ്റ് കൊണ്ടുപോവുകയായിരുന്ന രണ്ട് ടാങ്കർ ലോറികൾ എക്സൈസ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് വൻ വെട്ടിപ്പ് കണ്ടെത്തിയത്. ഒരു ലോറിയിൽ നിന്ന് 12,687 ലിറ്ററും, രണ്ടാമത്തെ ലോറിയിൽ നിന്ന് 7,699 ലിറ്ററും ഉൾപ്പെടെ മൊത്തം 20,386 ബൾക്ക് ലിറ്റർ സ്പിരിറ്റിൻ്റെ കുറവാണ് അന്ന് കണ്ടെത്തിയത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ബെവ്കോയുടെ ഏറ്റവും ജനപ്രിയ മദ്യ ബ്രാൻഡുകളിലൊന്നായ ‘ജവാൻ’ റം നിർമ്മിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിലെ വൻ സ്പിരിറ്റ് മോഷണം എക്സൈസ് വകുപ്പ് ഒതുക്കിത്തീർത്തതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിൻ്റെ കണ്ടെത്തൽ. മോഷണം പോയ സ്പിരിറ്റ് യാത്രാമധ്യേയുള്ള സ്വാഭാവിക നഷ്ടമായി കാണിച്ച് എക്സൈസ് വകുപ്പ് ക്രമക്കേടിന് കൂട്ടുനിന്നുവെന്നാണ് സി.എ.ജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
2021-ൽ പിടികൂടിയത് 20,386 ലിറ്ററിൻ്റെ മോഷണം
2021 ജൂൺ 30-നാണ് മോഷണം ആദ്യമായി പുറത്തറിയുന്നത്. ഡിസ്റ്റിലറിയിലേക്ക് 40,000 ബൾക്ക് ലിറ്റർ വീതം സ്പിരിറ്റ് കൊണ്ടുപോവുകയായിരുന്ന രണ്ട് ടാങ്കർ ലോറികൾ എക്സൈസ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് വൻ വെട്ടിപ്പ് കണ്ടെത്തിയത്. ഒരു ലോറിയിൽ നിന്ന് 12,687 ലിറ്ററും, രണ്ടാമത്തെ ലോറിയിൽ നിന്ന് 7,699 ലിറ്ററും ഉൾപ്പെടെ മൊത്തം 20,386 ബൾക്ക് ലിറ്റർ സ്പിരിറ്റിൻ്റെ കുറവാണ് അന്ന് കണ്ടെത്തിയത്. ഡിസ്റ്റിലറിയിലെ ചില ജീവനക്കാരുടെ ഒത്താശയോടെ മധ്യപ്രദേശിൽ വെച്ച് സ്പിരിറ്റ് അനധികൃതമായി വിറ്റതായി ലോറി ഡ്രൈവർമാർ ഉദ്യോഗസ്ഥരോട് സമ്മതിച്ചിരുന്നു.
എന്നാൽ, പ്രൂഫ് ലിറ്ററിന് 20 രൂപ കണക്കാക്കി വെറും 6,76,072 രൂപ പിഴ ഈടാക്കുകയും, മോഷണത്തെ യാത്രാമധ്യേയുണ്ടായ സ്വാഭാവിക നഷ്ടമായി രേഖപ്പെടുത്തി ബാക്കി സ്പിരിറ്റ് എക്സൈസ് വകുപ്പ് വിട്ടുനൽകുകയായിരുന്നു. ഈ മോഷണം വഴി സർക്കാരിന് 2.20 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായി സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
Also Read: Kerala Weather Update: മഴ മുന്നറിയിപ്പിൽ അടിമുടി മാറ്റം; സംസ്ഥാനത്ത് ഈ ജില്ലകളിൽ മാത്രം നിർദ്ദേശം
ടാങ്കുകളിൽ നിന്ന് കാണാതായത് 4.6 ലക്ഷം ലിറ്റർ സ്പിരിറ്റ്
ഈ സംഭവത്തിന് ശേഷം എക്സൈസ് ഉദ്യോഗസ്ഥർ ടി.എസ്.സി.എല്ലിലെ സ്റ്റോറേജ് ടാങ്കുകളിൽ നടത്തിയ പരിശോധനയിൽ കൂടുതൽ ഞെട്ടിക്കുന്ന ക്രമക്കേടുകൾ കണ്ടെത്തുകയായിരുന്നു. 4.6 ലക്ഷം ബൾക്ക് ലിറ്റർ സ്പിരിറ്റിൻ്റെ കുറവാണ് ടാങ്കുകളിൽ അന്ന് കണ്ടെത്തിയത്. ഒരു ലക്ഷം കെയ്സ് മദ്യം നിർമ്മിക്കാൻ സാധിക്കുമായിരുന്നത്ര സ്പിരിറ്റാണ് ടാങ്കുകളിൽ നിന്നും മാഞ്ഞുപോയത്. സംഭവത്തിൽ പോലീസ് കേസെടുത്തെങ്കിലും, നഷ്ടപ്പെട്ട തുക ഈടാക്കാനോ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനോ എക്സൈസ് വകുപ്പ് തയ്യാറായില്ല.
പകരം, പരിശോധനകൾ ഏതുമില്ലാതെ 2013-14 മുതൽ 2021-22 വരെയുള്ള ഒമ്പത് വർഷത്തെ ‘സ്റ്റോറേജ് വേസ്റ്റേജ് അലവൻസ്’ മുൻകാല പ്രാബല്യത്തോടെ കമ്പനിക്ക് അനുവദിച്ചു നൽകുകയാണ് എക്സൈസ് ചെയ്തത്. ഈ കുറവ് മൂലം സംസ്ഥാനത്തിന് 49.68 കോടി രൂപയുടെ ഭീമമായ വരുമാന നഷ്ടമാണ് ഉണ്ടായത്. മോഷണം പിടിക്കപ്പെടുന്നതിന് മൂന്ന് മാസം മുൻപ് നടത്തിയ സംയുക്ത പരിശോധനയിൽ സ്റ്റോക്കിൽ യാതൊരു കുറവും രേഖപ്പെടുത്തിയിരുന്നില്ല എന്നതും സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നു.
ബോട്ടിലിംഗ് നഷ്ടത്തിലും ദുരൂഹത
ഡിസ്റ്റിലറിയിൽ മദ്യം കുപ്പികളിലാക്കുമ്പോഴുള്ള സ്വാഭാവിക നഷ്ടത്തിൻ്റെ കണുക്കുകളിലും സി.എ.ജി ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. 2021-ലെ മോഷണം പിടിക്കപ്പെടുന്നതിന് മുൻപ് ഓരോ ബാച്ചിലും 250 ബൾക്ക് ലിറ്ററിന് മുകളിലായിരുന്നു ഇവിടുത്തെ നഷ്ടം. പരിശോധനകൾ കർശനമാക്കിയതോടെ ഇത് കുറഞ്ഞെങ്കിലും, 2024 ജനുവരിയോടെ നഷ്ടം വീണ്ടും പഴയ നിരക്കിലേക്ക് തന്നെ എത്തിയതായി സി.എ.ജി കണ്ടെത്തി. എന്നാൽ ഈ കണക്കുകളിലെ പൊരുത്തക്കേടിന് കൃത്യമായ വിശദീകരണം നൽകാൻ കമ്പനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
English Summary
A recent CAG report has exposed a massive cover-up by the Kerala Excise Department regarding a huge spirit theft at the state-run Travancore Sugars and Chemicals Limited, the manufacturer of the popular ‘Jawan’ rum. Instead of taking strict action, officials regularized the stolen spirit as normal transit wastage. This deliberate cover-up resulted in a staggering revenue loss to the government.