AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

RTO Office stamp issue: ഡ്രൈവിങ് ലേണേഴ്‌സ് പരീക്ഷയ്ക്ക് ഇരിക്കണമെങ്കിൽ സ്റ്റാമ്പ് വാങ്ങണം, പാറശ്ശാലയിൽ നിർബന്ധിത പണപ്പിരിവ്

Mandatory Collection for Driving Learner's Test Stamp: സ്റ്റാമ്പ് വാങ്ങാൻ പണം കൈവശമില്ലെങ്കിലും, പരീക്ഷ എഴുതണമെങ്കിൽ സ്റ്റാമ്പ് വാങ്ങിയേ മതിയാകൂ എന്ന് ഉദ്യോഗസ്ഥർ ശഠിക്കുകയും, ഒടുവിൽ രക്ഷാകർത്താവിനെ വിളിച്ചുവരുത്തി പണം നൽകി 15 രൂപയുടെ രണ്ട് സ്റ്റാമ്പുകൾ വാങ്ങുകയും ചെയ്തെന്നു, ഒരു യുവതിയാണ് പരാതിപ്പെട്ടത്.

RTO Office stamp issue: ഡ്രൈവിങ് ലേണേഴ്‌സ് പരീക്ഷയ്ക്ക് ഇരിക്കണമെങ്കിൽ സ്റ്റാമ്പ് വാങ്ങണം, പാറശ്ശാലയിൽ നിർബന്ധിത പണപ്പിരിവ്
Mandatory Collection for Driving Learner's Test Stamp Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 24 Oct 2025 14:23 PM

തിരുവനന്തപുരം: പാറശ്ശാല ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ (ആർടിഒ) ഡ്രൈവിങ് ലേണേഴ്‌സ് പരീക്ഷയ്ക്ക് എത്തുന്നവരിൽനിന്ന് ശിശുദിന സ്റ്റാമ്പിന്റെ പേരിൽ 30 രൂപ നിർബന്ധിതമായി പിരിക്കുന്നു എന്ന ആരോപണത്തെത്തുടർന്ന് അധികൃതർക്കെതിരെ ശക്തമായ വിമർശനം ഉയരുന്നു.

സ്റ്റാമ്പ് വാങ്ങാൻ പണം കൈവശമില്ലെങ്കിലും, പരീക്ഷ എഴുതണമെങ്കിൽ സ്റ്റാമ്പ് വാങ്ങിയേ മതിയാകൂ എന്ന് ഉദ്യോഗസ്ഥർ ശഠിക്കുകയും, ഒടുവിൽ രക്ഷാകർത്താവിനെ വിളിച്ചുവരുത്തി പണം നൽകി 15 രൂപയുടെ രണ്ട് സ്റ്റാമ്പുകൾ വാങ്ങുകയും ചെയ്തെന്നു, ഒരു യുവതിയാണ് പരാതിപ്പെട്ടത്. ഈ നിർബന്ധപ്പിരിവിനെതിരെ ട്രാൻസ്പോർട്ട് മന്ത്രിക്കു പരാതി നൽകുകയും ചെയ്തു.

“പണം ഇല്ലെന്ന് അറിയിച്ചിട്ടും, സ്റ്റാമ്പ് വാങ്ങിയാൽ മാത്രമേ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയൂ എന്ന നിലപാടിൽ ഉദ്യോഗസ്ഥർ ഉറച്ചുനിന്നു. തുടർന്ന് ബന്ധുക്കളെത്തി പണം നൽകിയ ശേഷമാണ് എനിക്ക് പരീക്ഷ എഴുതാൻ സാധിച്ചത്,” പരാതി നൽകിയ യുവതി പറഞ്ഞു.

ദിവസേന നിരവധി വിദ്യാർഥികളടക്കം പരീക്ഷയ്ക്ക് എത്തുന്നുണ്ട്. ബസ് യാത്രയ്ക്കുള്ള പണം മാത്രം കൈവശമുള്ള പലർക്കും ഈ 30 രൂപയുടെ നിർബന്ധിത പിരിവ് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ലേണേഴ്‌സ് പരീക്ഷാർഥികളെ കൂടാതെ മറ്റു കാര്യങ്ങൾക്കായി ആർടിഒ ഓഫീസിൽ എത്തുന്നവരിൽ നിന്നും സമാനമായ രീതിയിൽ നിർബന്ധിത പിരിവ് നടക്കുന്നതായും വ്യാപകമായ പരാതിയുണ്ട്.

 

ആർടിഒയുടെ പ്രതികരണം

 

വിഷയത്തിൽ പാറശ്ശാല ജോയിന്റ് ആർടിഒയുടെ പ്രതികരണം തേടിയപ്പോൾ, വകുപ്പുതലത്തിൽ വിതരണം ചെയ്യുന്നതിനായി നൽകിയിട്ടുള്ള സ്റ്റാമ്പാണ് വിതരണം ചെയ്യുന്നതെന്നും, ആരെയും നിർബന്ധിക്കുന്നില്ലായെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, ഉദ്യോഗസ്ഥന്റെ ഈ വിശദീകരണം പരാതിക്കാരുടെ അനുഭവത്തിന് വിരുദ്ധമാണ്.
ഉദ്യോഗസ്ഥരുടെ ഈ നടപടിക്കെതിരെ വകുപ്പുതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.