Sabarimala Crowd :ശബരിമലയിൽ ദർശനസമയം നീട്ടി; പോലീസ് നിയന്ത്രണം പാളി, ഭക്തർ മണിക്കൂറോളം ക്യൂവിൽ
Sabarimala Crowd: പോലീസിന് പോലും നിയന്ത്രിക്കാൻ സാധിക്കാത്ത വിധത്തിലുള്ള തിരക്കാണ് ശബരിമലയിൽ. കുട്ടികളുമായും ദർശനത്തിന് എത്തിയവരാണ് വലിയ ദുരിതത്തിൽ ആയിരിക്കുന്നത്.

Sabarimala
പത്തനംതിട്ട: ശബരിമലയിൽ ദർശന സമയം നീട്ടി. അപ്രതീക്ഷിതമായ ഭക്തജന തിരക്ക് കാരണം പോലീസിന്റെ നിയന്ത്രണങ്ങൾ പാളി. ദർശനത്തിനായി എത്തിയ ഭക്തജനങ്ങൾ മണിക്കൂറുകളോളം ക്യൂവിൽ നിൽക്കുന്നതായി റിപ്പോർട്ട്. പതിനെട്ടാം പടിക്ക് താഴെ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
പോലീസിന് പോലും നിയന്ത്രിക്കാൻ സാധിക്കാത്ത വിധത്തിലുള്ള തിരക്കാണ് ശബരിമലയിൽ. കുട്ടികളുമായും ദർശനത്തിന് എത്തിയവരാണ് വലിയ ദുരിതത്തിൽ ആയിരിക്കുന്നത്. ദർശനസമയം രണ്ടുമണിവരെയാണ് നീട്ടിയിരിക്കുന്നത്. കഴിഞ്ഞദിവസം മുതലേ വലിയ ഭക്തജനപ്രവാഹമാണ് ശബരിമലയിലേക്ക്.
ഒരു ലക്ഷത്തിലധികം ആളുകളാണ് ഇന്നലെ തന്നെ ദർശനത്തിനായി എത്തിയത്. ഇന്നും അത്തരത്തിൽ ഭക്തജന തിരക്ക് ഉണ്ടാകുമെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിലും അധികം തിരക്ക് കൃത്യമായ നിയന്ത്രണങ്ങൾ ഇല്ലാത്ത തരത്തിലുള്ള തിരക്കാണ് ഇപ്പോൾ ശബരിമലയിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.
വലിയ നടപ്പന്തലിൽ അഞ്ചുമണിക്കൂറോളം ഭക്തർക്ക് ക്യൂ നിൽക്കേണ്ട സാഹചര്യമാണ് നിലവിൽ. കുട്ടികളടക്കം മണിക്കൂറുകളോളം ക്യൂവിൽ നിൽക്കുന്ന അവസ്ഥയാണ്. ഇത് കണക്കിലെടുത്താണ് ദർശനത്തിനുള്ള സമയം നീട്ടിയിരിക്കുന്നത്.
കഴിഞ്ഞദിവസം 10 മണിക്കൂർ വരെ ഭക്തർ ക്യൂ നിൽക്കേണ്ടി വന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആ തിരക്ക് അതേപടി ഇപ്പോഴും തുടരുകയാണ്. നട തുറന്ന ഞായറാഴ്ച രാത്രിയിൽ മാത്രം 55228 തീർത്ഥാടകരാണ് ദർശനത്തിനായി എത്തിയത്. വെർച്വൽ ക്യൂ വഴി 30,000 പേർക്ക് മാത്രമാണ് അനുമതി നൽകിയിരുന്നത്. എന്നാൽ ബാക്കിയുള്ളവർ സ്പോട്ട് ബുക്കിംഗിലാണ് മലകയറിയത്.
ദിവസം 90,000 പേർക്കാണ് മല കയറാൻ അവസരമുള്ളത്. സത്രം വഴി കാനനപാതയിലൂടെയും ഇന്നലെ മുതൽ ഭക്തരെ കടത്തിവിടുന്നുണ്ട്. കഴിഞ്ഞദിവസം ശബരിമലയിലെ തീർത്ഥകരുടെ വൻ തിരക്ക് കാരണം എരുമേലിയിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു. ഇത് ഓഫീസുകളിൽ പോകുന്നവർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്.