AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Ghee scam: സ്വർണപാളിയ്ക്ക് പിന്നാലെ ശബരിമലയിലെ നെയ്യ് വിൽപ്പനയിലും വെട്ടിപ്പോ? അന്വേഷണത്തിന് ഉത്തരവ്

Sabarimala Ghee Scam Vigilance Probe : നേരത്തെ തന്ത്രിയുടെയും മേൽശാന്തിയുടെയും മുറികൾ വഴി നടന്നിരുന്ന അനധികൃത വിൽപ്പന കോടതി തടഞ്ഞിരുന്നു. ഇതിനുശേഷം ദേവസ്വം കൗണ്ടറുകൾ വഴി മാത്രം വിൽപ്പന നടത്താൻ തീരുമാനിച്ചയിടത്താണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പുതിയ ക്രമക്കേട് നടന്നിരിക്കുന്നത്.

Sabarimala Ghee scam: സ്വർണപാളിയ്ക്ക് പിന്നാലെ ശബരിമലയിലെ നെയ്യ് വിൽപ്പനയിലും വെട്ടിപ്പോ? അന്വേഷണത്തിന് ഉത്തരവ്
ശബരിമലImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 13 Jan 2026 | 09:38 PM

കൊച്ചി: ശബരിമലയിൽ അയ്യപ്പഭക്തർ അഭിഷേകത്തിനായി സമർപ്പിക്കുന്ന നെയ്യ് (‘ആടിയ ശിഷ്ടം നെയ്യ്’) പാക്കറ്റുകളിലാക്കി വിൽക്കുന്നതിൽ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് വിജിലൻസ് അന്വേഷണത്തിന് കേരള ഹൈക്കോടതി ഉത്തരവിട്ടു. മകരവിളക്ക് സീസണിലെ തിരക്കിനിടയിൽ ശബരിമല സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഭക്തരെ ഞെട്ടിക്കുന്ന ഈ തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നത്.

 

13 ലക്ഷത്തിലധികം രൂപയുടെ കുറവ്

 

പ്രാഥമിക കണ്ടെത്തലുകൾ പ്രകാരം, വിൽപ്പന നടത്തിയ 13,679 പാക്കറ്റ് നെയ്യിന്റെ പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ല. 100 മില്ലി ലിറ്റർ നെയ്യ് അടങ്ങിയ ഒരു പാക്കറ്റിന് 100 രൂപയാണ് നിരക്ക്. ഇതുവഴി ഏകദേശം 13,67,900 രൂപയുടെ വൻ നഷ്ടമാണ് ബോർഡിന് ഉണ്ടായിരിക്കുന്നത്.

നേരത്തെ തന്ത്രിയുടെയും മേൽശാന്തിയുടെയും മുറികൾ വഴി നടന്നിരുന്ന അനധികൃത വിൽപ്പന കോടതി തടഞ്ഞിരുന്നു. ഇതിനുശേഷം ദേവസ്വം കൗണ്ടറുകൾ വഴി മാത്രം വിൽപ്പന നടത്താൻ തീരുമാനിച്ചയിടത്താണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പുതിയ ക്രമക്കേട് നടന്നിരിക്കുന്നത്.

നെയ്യ് പാക്ക് ചെയ്യുന്നതിനായി പാലക്കാട്ടെ ഒരു കോൺട്രാക്ടറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരു പാക്കറ്റിന് 20 പൈസയാണ് ഇയാൾക്ക് ലഭിക്കുന്നത്. കോൺട്രാക്ടർ പാക്ക് ചെയ്ത് കൗണ്ടറുകളിൽ എത്തിച്ച പാക്കറ്റുകളുടെ എണ്ണവും, കൗണ്ടറുകളിൽ നിന്നുള്ള വിൽപ്പന രേഖകളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന സുനിൽ കുമാർ പോറ്റി എന്ന ഉദ്യോഗസ്ഥനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. 68,200 രൂപ ഇയാൾ കൃത്യസമയത്ത് അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭക്തരുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികൾ ഗൗരവകരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്വർണ്ണക്കൊള്ളയ്ക്ക് പിന്നാലെ നെയ്യ് തട്ടിപ്പും പുറത്തുവന്നത് ബോർഡിന് വലിയ തിരിച്ചടിയായിട്ടുണ്ട്. വിജിലൻസിന്റെ പ്രത്യേക സംഘം ഈ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഇത്തരം നീക്കങ്ങൾ ബോധപൂർവ്വമാണെന്നും ഇതിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.