Sabarimala: ശബരിമലയിലെ സ്വര്‍ണപ്പാളി മറിച്ചുവിറ്റു? ദേവസ്വം വിജിലന്‍സിന്റെ നിര്‍ണായക റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍
Sabarimala gold plating row: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. എഡിജിപി എച്ച് വെങ്കിടേഷ് നേതൃത്വം നല്‍കും. ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ കേസെടുത്താകും പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം വിജിലന്‍സ് ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. സ്വര്‍ണപ്പാളികള്‍ മറിച്ചുവിറ്റെന്നാണ് ദേവസ്വം വിജിലന്‍സിന്റെ നിഗമനമെന്നാണ് സൂചന. കോടികളുടെ കച്ചവടം നടന്നതായാണ് സംശയിക്കുന്നത്. കേരളത്തിന് പുറത്ത് വില്‍പന നടത്തിയെന്നാണ് സൂചന. ആദ്യം ചെന്നൈയിലേക്കും, പിന്നീട് ഹൈദരാബാദിലേക്കും പാളികള്‍ കൊണ്ടുപോയെന്നും സംശയിക്കുന്നു. അവിടെവച്ച് വന്‍തുകയ്ക്ക് പാളികള്‍ വിറ്റെന്നാണ് സൂചനയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. തിരിമറി നടത്തിയതിന് പിന്നില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയാണെന്ന ആരോപണവുമായി ദേവസ്വം ബോര്‍ഡ് ഡിജിപിക്ക് പരാതി നല്‍കിയേക്കും.
ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെ ദേവസ്വം വിജിലന്‍സ് തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി വിശദമായ മൊഴിയെടുത്തിരുന്നു. ഈ മൊഴിയിലെ വിശദാംശങ്ങളടക്കം ഉള്‍പ്പെടുത്തിയാകും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
അതേസമയം, ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. എഡിജിപി എച്ച് വെങ്കിടേഷ് നേതൃത്വം നല്‍കും. ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ കേസെടുത്താകും പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്. നിലവില്‍ പ്രത്യേക അന്വേഷണസംഘം വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. എസ്‌ഐടി അംഗങ്ങള്‍ ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചിരുന്നു.




ഹൈക്കോടതിയില്‍ ദേവസ്വം വിജിലന്‍സ് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ഇന്ന് തന്നെ എസ്‌ഐടിക്ക് കൈമാറിയേക്കും. അന്വേഷണം കഴിയുന്നതുവരെ വിവരങ്ങള്‍ പുറത്തുവിടരുതെന്നാണ് നിര്‍ദ്ദേശം. അതുകൊണ്ട് തന്നെ വളരെ കരുതലോടെയാണ് എസ്‌ഐടിയുടെ ഇടപെടല്‍. ശബരിമല വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏത് പൊലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന പരാതികളിലും പ്രത്യേക അന്വേഷണസംഘമാകും അന്വേഷണം നടത്തുക.
ശബരിമലയിലെ അമൂല്യവസ്തുക്കളുടെ പരിശോധന നാളെ ആരംഭിക്കും. ദ്വാരപാലക ശില്‍പവും, സ്‌ട്രോങ് റൂമും അടക്കമുള്ളവ പരിശോധിക്കും. ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെ.ടി. ശങ്കരനാണ് പരിശോധന നടത്തുന്നത്. ശനിയാഴ്ച സ്‌ട്രോങ് റൂമും, ഞായറാഴ്ച ദ്വാരപാലക ശില്‍പങ്ങളും പരിശോധിക്കും.
കൂട്ടപ്രാര്‍ത്ഥനയിലേക്ക് കോണ്‍ഗ്രസ്
അതേസമയം, സ്വര്‍ണപ്പാളി വിവാദത്തില്‍ വേറിട്ട പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. കൂട്ടപ്രാര്‍ത്ഥന നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇതരസംസ്ഥാനങ്ങളിലെ ഭക്തരെ കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനാ പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. നിയമസഭയിലും പുറത്തും ശബരിമല വിവാദത്തില്‍ പ്രതിഷേധം കൂടുതല്‍ കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.