Sabarimala Gold Plating Controversy: ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായികളെ ചോദ്യം ചെയ്യും; പ്രാഥമികാന്വേഷണത്തിന് നിയമോപദേശം തേടി പൊലീസ്
Sabarimala Gold Plating Controversy: ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുമ്പോൾ, മറുവശത്ത് പ്രാഥമികാന്വേഷണം നടത്താനുള്ള നിയമോപദേശം പൊലീസ് തേടിയിരിക്കുകയാണ്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം ബോർഡും ഹൈക്കോടതിയെ സമീപിക്കും.

Unnikrishnan Potty
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായികളെയും ചോദ്യം ചെയ്യും. വാസുദേവൻ പോറ്റി, അനന്തസുബ്രഹ്മണ്യം, രമേശ് എന്നിവരെയാണ് വരും ദിവസങ്ങളിൽ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് നൽകി.
അതേസമയം ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുമ്പോൾ, മറുവശത്ത് പ്രാഥമികാന്വേഷണം നടത്താനുള്ള നിയമോപദേശം പൊലീസ് തേടിയിരിക്കുകയാണ്. നിയമോപദേശം ലഭിച്ചാലുടൻ പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം ആരംഭിക്കും. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം ബോർഡും ഹൈക്കോടതിയെ സമീപിക്കും.
ALSO READ: ശബരിമല സ്വർണ്ണപ്പാളി വിവാദം: ശിൽപങ്ങളിൽ സ്വർണമല്ല, സ്വർണനിറത്തിലുള്ള പെയിൻറ്… പുതിയ വാദമുയരുന്നു
വിവാദത്തിൽ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴിയെടുക്കൽ പൂര്‍ത്തിയായിരുന്നു. ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും താൻ മറുപടി നല്‍കിയെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ചോദ്യം ചെയ്യലിന് ശേഷം മാധ്യങ്ങളോട് പറഞ്ഞു. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ഇനി ഇതേക്കുറിച്ചുള്ള ആക്ഷേപങ്ങളെക്കുറിച്ചോ മറ്റ് കാര്യങ്ങളെ കുറിച്ചോ മീഡിയയിലൂടെ പ്രതികരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.
അതേസമയം, വിജയ്മല്യ നൽകിയ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി എവിടെ എന്ന ചോദ്യം ഉത്തരമില്ലാതെ തുടരുകയാണ്. 2019ൽ അറ്റകുറ്റപ്പണിക്കായി കൈമാറിയത് ചെമ്പു പാളികൾ എന്നാണ് ദേവസ്വം രേഖകളിൽ പറയുന്നത്. അങ്ങനെയെങ്കിൽ 1999-ൽ വിജയ് മല്യ നൽകിയ സ്വർണം പൂശിയ ദ്വാരപാലക ശിൽപത്തിന്റെ അസൽ പാളികൾ എവിടെയെന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മറുപടി നൽകേണ്ടി വരും.