Murari Babu Death: ശബരിമല സ്വർണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു
Sabarimala Gold Robbery Case Accused Murari Babu Death: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് അന്ത്യം. കരൾ രോഗ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. സ്വർണ്ണക്കൊള്ള കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലാവുകയും 90 ദിവസത്തിനു ശേഷം സ്വാഭാവിക ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് അന്ത്യം. കരൾ രോഗ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പെരുന്നയിലെ വീട്ടിൽ വെച്ചായിരിക്കും സംസ്കാരം.
ചങ്ങനാശ്ശേരി പെരുന്ന സ്വദേശിയായ മുരാരി ബാബു ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്നു. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലാവുകയും 90 ദിവസത്തിനു ശേഷം സ്വാഭാവിക ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. പോലീസ് ജോലി ഉപേക്ഷിച്ചാണ് മുരാരി ബാബു തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനായത്.
1994 ലാണ് മുരാരി ബാബുവിന് പൊലീസിൽ ജോലി കിട്ടിയത്. കോൺസ്റ്റബിളായി കണ്ണൂരിലായിരുന്നു ആദ്യ പരിശീലനം. എന്നാൽ പരിശീലം പൂർത്തിയാക്കിയില്ല. തുടർന്ന് 1997ൽ ദേവസ്വം ബോർഡ് ജീവനക്കാരനായി. തുടക്കത്തിൽ, ദേവസ്വം ബോർഡിലെ ഉയർന്ന പദവിയിലിരുന്ന ആളിന്റെ സഹായിയായി. പിന്നീട്, ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിര നിയമനം നൽകി.
ALSO READ: നിപ ഭീതിയിൽ കേരളം; കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ, സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു
ശബരിമല സ്വർണക്കൊള്ള കേസ്
ശബരിമല സ്വർണക്കൊള്ള കേസിലെ രണ്ടാം പ്രതിയായിരുന്നു മുരാരി ബാബു. സ്വർണക്കൊള്ള കേസിൽ ആരോപണം ഉയർന്നതിന് പിന്നാലെ, മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. സ്വർണപ്പാളിയെ ചെമ്പുപാളി എന്നെഴുതിയതിനാണ് നടപടി സ്വീകരിച്ചതെന്ന് ദേവസ്വം ബോർഡിന്റെ സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞിരുന്നു. തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് എന്നായിരുന്നു മുരാരി ബാബുവിന്റെ പ്രതികരണം.
രേഖ തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു നൽകിയ മൊഴി ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കി. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും ദേവസ്വം കമ്മിഷണറുടെയും അനുമതിയില്ലാതെ താൻ എഴുതി നൽകിയെന്ന പേരിൽ ഒരു പ്രവൃത്തിയും നടക്കില്ലെന്നായിരുന്നു മുരാരി ബാബു അന്വേഷണ സംഘത്തിന് മുമ്പിൽ മൊഴി നൽകിയത്. ദ്വാരപാലക ശിൽപ്പ കേസിലും കട്ടിളപാളി കേസിലും ഒന്നിച്ച് അറസ്റ്റിലായ മുരാരി ബാബു 90 ദിവസത്തോളം ജയിൽവാസം അനുഭവിച്ചു. 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം അനുവദിച്ചു.
English Summary:
Sabarimala gold theft case Accused Murari Babu, has passed away while undergoing treatment at a private hospital in Kochi. He was suffering from a liver-related illness and died early Saturday morning. His funeral is scheduled to take place at his residence in Perunna at 3 p.m. today.