Sabarimala Gold Scam: ‘ഒന്നും ഓര്‍മയില്ല’! കുറ്റം തെളിഞ്ഞെന്ന് എസ്ഐടി; എൻ. വാസുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Sabarimala Gold Scam Case: ഗുരുതര കണ്ടെത്തലുകളാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്. പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും ഇതുവഴി ബോർഡിന് നഷ്ടമുണ്ടായെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Former Devaswom Board President N. Vasu
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി കേസിൽ മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം ബോർഡ് പ്രസിഡൻ്റുമായിരുന്ന എൻ. വാസു റിമാൻഡിൽ. ഇന്ന് വൈകിട്ട് പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ വാസുവിനെ നവംബർ 24 വരെയാണ് റിമാൻഡ് ചെയ്തത്. റാന്നി കോടതി അവധിയായതിനാലാണ് വാസുവിനെ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. റിമാൻഡ് കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് വാസുവിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പോലീസ് അപേക്ഷ നൽകും.
കേസിലെ മൂന്നാം പ്രതിയായ വാസുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. കട്ടിളപ്പാളിയിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കേസിലാണ് വാസു അറസ്റ്റിലായത്.
ഗുരുതര കണ്ടെത്തലുകളാണ് എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്. പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും ഇതുവഴി ബോർഡിന് നഷ്ടമുണ്ടായെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സ്വർണം പൊതിഞ്ഞ പാളികൾ എന്നത് രേഖയിൽ നിന്ന് മാറ്റി ചെമ്പുപാളികൾ എന്ന് രേഖപ്പെടുത്തിയാണ് നവീകരണത്തിന് ശുപാർശ നൽകിയതെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ ഇടപെൽ നടത്തിയത് എൻ വാസുവെന്നാണ് അന്വേഷണ സംഘം കോടതിയിൽ അറിയിച്ചത്.
Also Read:ശബരിമല സ്വർണക്കൊള്ള വിവാദം: മുൻ ദേവസ്വം കമ്മീഷണർ എൻ വാസു അറസ്റ്റിൽ
ശബരിമല സ്വർണക്കാള്ള കേസിൽ ൽ നേരത്തെ അറസ്റ്റിലായ പ്രതികൾ വാസുവിനെതിരെ മൊഴി നൽകിയിരുന്നു. അറസ്റ്റിലായ മുരാരി ബാബുവും സുധിഷും സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വാസുവിൻ്റെ അറിവോടെയാണ് നടന്നതെന്നാണ് മൊഴി നൽകിയത്. മുൻ തിരുവാഭരണ കമ്മീഷണർ ബൈജുവിൻ്റെ മൊഴിയും വാസുവിന് എതിരാണ്. എസ്ഐടിയുടെ ചോദ്യം ചെയ്യലിൽ വാസുവിന് കൃത്യമായ മറപടി നൽകാനായില്ല. ഓർത്തെടുക്കാൻ കഴിയുന്നില്ല’ എന്നും’ആരോഗ്യപ്രശ്നങ്ങളുണ്ട്’ എന്നും പറഞ്ഞാണ് വാസു ഉദ്യോഗസ്ഥരോട് ഒഴിഞ്ഞുമാറിയത്.