Sabarimala Gold Scam: ശബരിമല സ്വർണപ്പാളി കേസ്; മുന്‍ ദേവസ്വം കമ്മീഷണര്‍ മൂന്നാം പ്രതി
Sabarimala Gold Scam Accused List: കേസിൽ രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. കേസിൽ ഇതുവരെ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, സുധീഷ് കുമാർ എന്നിങ്ങനെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മൂന്നാം പ്രതി സ്ഥാനത്ത് മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിലാണ് മുൻ ദേവസ്വം കമ്മീഷണറുടെ പങ്ക് വ്യക്തമാക്കുന്നത്. 2019ൽ ദേവസ്വം കമ്മീഷണറായിരുന്നു എൻ വാസു. 19.03.2019 ൽ മുൻ ദേവസ്വം കമ്മീഷണറുടെ ശുപാർശയിൽ സ്വർണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കുന്നത്.
അതേസമയം, കേസിൽ രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണറുടെ ശുപാർശയിൽ ആണെന്നും തട്ടിപ്പിൽ ഉന്നതരുടെ കൂടുതൽ ഇടപെടൽ അടക്കം നിരവധി കാര്യങ്ങൾ റിപ്പോർട്ടിലുണ്ടാകുമെന്നാണ് വിവരം.
എൻ.വാസുവിനെ പ്രത്യേക അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. ദ്വാരപാലക ശില്‍പങ്ങളുടേയും ശ്രീകോവിലിന്റേയും മുഖ്യജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബാക്കി വന്ന സ്വര്‍ണം സഹായം ആവശ്യമുള്ള പെണ്‍കുട്ടികളുടെ വിവാഹത്തിന് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് 2019 ഡിസംബര്‍ ഒമ്പതിന് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇമെയില്‍ തനിക്ക് വന്നിരുന്നു എന്ന് വാസു സമ്മതിച്ചിരുന്നു.
കേസിൽ ഇതുവരെ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, സുധീഷ് കുമാർ എന്നിങ്ങനെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിലവിൽ ഉണ്ണികൃഷ്ണൻ പോറ്റി രണ്ടാമത്തെ കേസിൽ കസ്റ്റഡിയിലാണ്. ചെന്നൈ, ഹൈദരാബാദ് എന്നിവടങ്ങിളിൽ കൊണ്ടുപോയി പോറ്റിയുടെ തെളിവെടുപ്പ് നടത്തിയിരുന്നു. കാണാതായതിന് സമാനമായ അളവിലെ സ്വർണ്ണവും കണ്ടെടുത്തിട്ടുണ്ട്.